(മൂവാറ്റുപുഴയാറിൽ മുങ്ങിത്താണ മുത്തുകൾക്ക് ഈ കണ്ണീർക്കവിത)
കരുണയില്ലാത്തൊരീ
പുഴയുടെ കരയലായ്
മൃദുമേനി തീരത്തടിഞ്ഞു !
പ്രിയ കുരുന്നേ, നിന്റെ
ചെറുകിളി ക്കൂടിന്റെ ചിറകൊടി ഞ്ഞൊരുമിച്ച യാത്ര !
കരുതിയില്ലിതുപോലെ
പിരിയുമെ ന്നച്ഛന്റെ
വിരൽ തൂങ്ങി യാത്ര പോകുമ്പോൾ
ഒരുമിച്ചു ചാളയിൽ
തറയിലുറങ്ങിയ
നിമിഷ സ്വർഗ്ഗങ്ങളിൽ പൊലും !
ചുടുനീരു തടയിട്ടോ –
രമ്മ തൻ മിഴികളിൽ
ഒരു സ്വപ്നമുണ്ടായിരുന്നു :
വിരിയുന്ന മുകുളമായ്
മക്കളീ മണ്ണിതിൽ
പുളകങ്ങൾ ചാർത്തും വസന്തം !
എവിടെയെന്നറിയില്ല തകരുമാക്കൂടിന്റെ
നിലവിളി കേട്ടതില്ലാരും ?
പരിഭവമില്ലാതെ
പടിയിറങ്ങീ നമു –
ക്കൊരു ഭാരമാവാതിരിക്കാൻ !
വികസനക്കുതിരകൾ
ചീറുന്നു തിരുമേനി
കുറുവാന ചൊല്ലിത്തരുന്നു ! അറിയുന്നില്ലാരുമീ
ഗതികെടും മനുഷ്യന്റെ
ദയനീയ ജീവിത സത്യം ?
