അവധി ദിനങ്ങൾ ഒന്നിച്ചെത്തിയതോടെ ക്ഷേത്രനഗരിയിലേക്ക് ഭക്തരുടെ ഒഴുക്ക്; ദർശനനിര ഇന്നർ റിംഹ് റോഡും കടന്നു, വഴിപാടുകളിൽ വൻ വരുമാനം
ഗുരുവായൂർ: വിവാഹങ്ങളുടെ എണ്ണത്തിൽ റെക്കോഡുകൾ സൃഷ്ടിച്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരുടെ തിരക്കും പുതിയ റെക്കോഡിലേക്ക്. വിശേഷ ദിവസങ്ങളെയും പ്രധാന ഉത്സവാവസരങ്ങളെയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വൻ ഭക്തജനത്തിരക്കാണ് ഞായറാഴ്ച ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സാധാരണ ദർശനത്തിനായി എത്തിയവർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. അഞ്ച് മണിക്കൂർ വരെയാണ് പലർക്കും ദർശനത്തിനായി വരിയിൽ ചെലവഴിക്കേണ്ടിവന്നതെന്ന് ഭക്തർ പറഞ്ഞു.
പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്ക് ശക്തമായിരുന്നു. സമയം കടന്നുപോയതോടെ ദർശനത്തിനുള്ള വരി ക്ഷേത്രപരിസരവും കടന്ന് പുറത്തേക്ക് നീണ്ടു. പടിഞ്ഞാറേ നടയിലെ ഇന്നർ റിങ് റോഡും കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ പിൻവശവും കടന്നാണ് ഒരു ഘട്ടത്തിൽ ക്യൂ നീണ്ടത്. രാവിലെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ എത്തിയ ഭക്തർക്ക് ക്ഷേത്രത്തിൽനിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള ഇന്നർ റിങ് റോഡിന്റെ ഭാഗത്താണ് വരിയുടെ അറ്റം കണ്ടെത്താനായത്.
ഇവിടെനിന്ന് ആരംഭിക്കുന്ന ക്യൂ പടിഞ്ഞാറേ നടപ്പന്തലും തെക്കേ നടപ്പന്തലും പിന്നിട്ട് കിഴക്കേനടയിലെ പ്രധാന ക്യൂപ്പന്തലിലെത്തിയ ശേഷമാണ് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഇത്രയും ദൂരം വരിയിൽ കാത്തുനിന്ന് ക്ഷേത്രത്തിനകത്തേക്ക് എത്താൻ മാത്രം അഞ്ചുമണിക്കൂറോളം വേണ്ടിവന്നതായി ചില ഭക്തർ പറഞ്ഞു. വയോധികരും കുട്ടികളുമായി എത്തിയ കുടുംബങ്ങൾക്കും നീണ്ട കാത്തിരിപ്പ് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
ഞായറാഴ്ച ക്ഷേത്രത്തിൽ 40 വിവാഹങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. വിവാഹങ്ങളുടെ എണ്ണം താരതമ്യേന കുറവായിരുന്നിട്ടും ക്ഷേത്രനടയിലും പരിസരത്തും തിരിഞ്ഞുനിൽക്കാൻ പോലും ഇടമില്ലാത്തവിധം ജനത്തിരക്കായിരുന്നു. തുടർച്ചയായി ലഭിച്ച അവധി ദിനങ്ങളാണ് ഭക്തരുടെ അസാധാരണമായ ഒഴുക്കിന് പ്രധാന കാരണമായത്.
ദർശനത്തിനുള്ള ക്യൂവിൽ മാത്രമല്ല, ക്ഷേത്രത്തിലെ മറ്റ് സേവനകേന്ദ്രങ്ങളിലും തിരക്ക് പ്രകടമായിരുന്നു. പ്രസാദങ്ങൾക്ക് ശീട്ടെടുക്കുന്നതിനും പിന്നീട് പ്രസാദം കൈപ്പറ്റുന്നതിനുമുള്ള കൗണ്ടറുകളിൽ ദിവസം മുഴുവൻ നീണ്ട നിര അനുഭവപ്പെട്ടു. ക്ലോക്ക് റൂമുകൾക്ക് മുന്നിലും വലിയ ക്യൂ രൂപപ്പെട്ടു. ഭക്തരുടെ സൗകര്യത്തിനായി കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിരുന്നെങ്കിലും വൻ തിരക്കിനെ പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ക്ഷേത്രനടയിലെ ചില ഭാഗങ്ങളിൽ നടക്കാൻ പോലും പ്രയാസപ്പെടുന്ന തരത്തിലായിരുന്നു തിരക്ക്.
അതേസമയം, ഭക്തജനത്തിരക്കിനൊപ്പം ക്ഷേത്രത്തിലെ വഴിപാട് വരുമാനത്തിലും വലിയ വർധനയാണ് രേഖപ്പെടുത്തിയത്. സാധാരണ ക്യൂവിൽ നിൽക്കാതെ പ്രത്യേക ദർശനം നടത്തുന്നതിനുള്ള നെയ്വിളക്ക് വഴിപാടിലൂടെ ഞായറാഴ്ച മാത്രം ഏകദേശം 31 ലക്ഷം രൂപ വരുമാനം ലഭിച്ചതായാണ് കണക്ക്.
അഞ്ചുപേർക്ക് ദർശനം നടത്താൻ കഴിയുന്ന 4,500 രൂപ നിരക്കിലുള്ള പ്രത്യേക വഴിപാടിനും വലിയ സ്വീകാര്യത ലഭിച്ചു. ഇതുൾപ്പെടെയുള്ള പ്രത്യേക ദർശന വഴിപാടുകളിൽ നിന്ന് ഗണ്യമായ തുക ലഭിച്ചു. തുലാഭാരം വഴിപാടിലൂടെ 25.47 ലക്ഷം രൂപയും ലഭിച്ചു. ഗുരുവായൂരിലെ പ്രധാന പ്രസാദങ്ങളിലൊന്നായ പാൽപ്പായസത്തിനും വൻ ആവശ്യമായിരുന്നു. ഏകദേശം 7.75 ലക്ഷം രൂപയുടെ പാൽപ്പായസമാണ് ഞായറാഴ്ച ശീട്ടാക്കിയത്.
ഞായറാഴ്ച മാത്രം വിവിധ വഴിപാടുകളിലായി ക്ഷേത്രത്തിന് ലഭിച്ച മൊത്തം വരുമാനം 93.74 ലക്ഷം രൂപയാണ്. ദർശനത്തിനുള്ള നീണ്ട ക്യൂവും പ്രസാദ-വഴിപാട് കൗണ്ടറുകളിലെ തിരക്കും ക്ഷേത്രപരിസരത്തെ ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ, ഗുരുവായൂരിലെ ഭക്തജനത്തിരക്ക് വിശേഷദിവസങ്ങളിലെ റെക്കോഡ് നിലവാരത്തിലേക്ക് ഉയരുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
