ചെന്നൈ: സഹോദരിയും നടിയുമായ അംബികയ്ക്കെതിരെ ചെക്ക് ദുരുപയോഗവും കോടികളുടെ സാമ്പത്തിക തട്ടിപ്പും ആരോപിച്ച് നടി രാധ നൽകിയ പരാതിയെ തുടർന്ന് ഇരുവരും തമ്മിലുള്ള സ്വത്ത് തർക്കം വീണ്ടും ചർച്ചയാകുന്നു. അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് തന്റെ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്ത് ഏകദേശം 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് രാധയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ പൂർണമായി നിഷേധിച്ച അംബിക, കുടുംബ സ്വത്തും സ്വർണ്ണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒത്തുതീർപ്പാക്കുന്നതിനായി രാധ തന്നെയാണ് ചെക്കുകൾ ഒപ്പിട്ട് നൽകിയതെന്ന് പ്രതികരിച്ചു.
ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് രാധ പരാതി നൽകിയത്. താൻ നേരത്തെ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകൾ അനുമതിയില്ലാതെ അംബികയുടെ പേരിൽ പണമാക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. അടുത്തിടെ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും രാധ പറയുന്നു.
ചെന്നൈയിലെ എആർ സ്ട്രീറ്റിലുള്ള ഒരേ വീട്ടിന്റെ വ്യത്യസ്ത നിലകളിലായിരുന്നു രാധയും അംബികയും താമസിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഒപ്പിട്ടുവച്ചിരുന്ന ചെക്കുകളാണ് പിന്നീട് ദുരുപയോഗം ചെയ്തതെന്നാണ് രാധയുടെ വാദം. കേരളം, മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബിസിനസ്, വ്യക്തിപരമായ ആവശ്യങ്ങൾക്കായി താൻ പതിവായി യാത്ര ചെയ്തിരുന്ന സമയത്ത് മുറിയിൽ സൂക്ഷിച്ചിരുന്ന ചെക്കുകൾ അംബിക കൈക്കലാക്കിയെന്നാണ് രാധ ആരോപിക്കുന്നത്.
‘ARS ഗാർഡൻ സ്റ്റുഡിയോ’ എന്ന പേരിൽ നടത്തിയിരുന്ന ബിസിനസിനായി സ്വകാര്യ ബാങ്കിൽ കറന്റ് അക്കൗണ്ട് ഉണ്ടായിരുന്നതായും രാധ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ഉൾപ്പെടെയുള്ള യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, പൂന്തോട്ട പരിപാലനം തുടങ്ങിയ പതിവ് ചെലവുകൾ അടയ്ക്കുന്നതിനായി ഒപ്പിട്ട ചില ബ്ലാങ്ക് ചെക്കുകൾ മുറിയിൽ സൂക്ഷിച്ചിരുന്നുവെന്നാണ് വിശദീകരണം.
2025 ജനുവരിയിൽ ‘ARS ഗാർഡൻ സ്റ്റുഡിയോ’യുടെ പേര് ‘RR ഗാർഡൻസ്’ എന്ന് മാറ്റിയതിനെ തുടർന്ന് പുതിയ ചെക്ക്ബുക്ക് വാങ്ങുകയും പഴയ ചെക്ക്ബുക്കിന്റെ ഉപയോഗം അവസാനിപ്പിക്കുകയും ചെയ്തതായി രാധ പറയുന്നു. എന്നാൽ സെപ്റ്റംബർ 17ന് പഴയ ചെക്ക്ബുക്കിൽപ്പെട്ട അഞ്ച് ചെക്കുകൾ അംബികയുടെ പേരിൽ പണമാക്കുന്നതിനായി ബാങ്കിൽ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം ഇമെയിലിലൂടെ ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നാണ് രാധയുടെ വിശദീകരണം.
ഇമെയിൽ ലഭിച്ചതിന് പിന്നാലെ ബാങ്കുമായി അടിയന്തരമായി ബന്ധപ്പെട്ട രാധ, അംബികയ്ക്ക് ഇത്തരത്തിലുള്ള ചെക്കുകളൊന്നും നൽകിയിട്ടില്ലെന്നും അവ ഉപയോഗിച്ചുള്ള ഇടപാടുകൾ തടയണമെന്നും ആവശ്യപ്പെട്ടതായി പറയുന്നു. തുടർന്നാണ് സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്.
അതേസമയം, രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ അംബിക നിഷേധിച്ചു. ചെക്കുകൾ മോഷ്ടിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വർഷങ്ങളായി നിലനിൽക്കുന്ന കുടുംബസ്വത്ത്, ബിസിനസ് ഓഹരി, സ്വർണം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ഒത്തുതീർപ്പിന്റെ ഭാഗമായാണ് രാധ ചെക്കുകൾ നൽകിയതെന്നുമാണ് അംബികയുടെ വാദം.
മധുരവോയലിലുള്ള 50 സെന്റ് ഭൂമി, ARS ഗാർഡൻസ് സ്റ്റുഡിയോയിലെ ഓഹരി, ആദായനികുതി പരിശോധനയ്ക്കുശേഷം തിരികെ ലഭിച്ച 1,299 ഗ്രാം സ്വർണം എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാന തർക്കങ്ങളെന്ന് അംബിക വ്യക്തമാക്കി. ഈ വിഷയങ്ങളിൽ കുടുംബാംഗങ്ങൾക്കിടയിൽ നേരത്തേ തന്നെ അഭിപ്രായവ്യത്യാസങ്ങളും നിയമനടപടികളും നിലനിൽക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
തമിഴ്നാട്ടിലെ വിവിധ നിയമവേദികളിലും കേരളത്തിലും വിഷയവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണ് അംബികയുടെ വിശദീകരണം. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ, തിരുവള്ളൂർ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലും ബന്ധപ്പെട്ട വിഷയങ്ങളിൽ നടപടികൾ നടക്കുന്നുണ്ടെന്നും അവർ അവകാശപ്പെട്ടു.
വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് സ്വത്ത് കൈകാര്യം ചെയ്യാൻ ശ്രമം നടന്നതായും അംബിക ആരോപിച്ചു. സ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹരിക്കാൻ ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് രാധ ചെക്കിൽ ഒപ്പിട്ട് നൽകിയതെന്നും അതിനാൽ ചെക്ക് അനധികൃതമായി കൈക്കലാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് അംബികയുടെ നിലപാട്.
ചെക്ക് ബാങ്കിൽ നിന്ന് മടങ്ങിയ സാഹചര്യത്തിൽ രാധയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അംബിക അറിയിച്ചു. തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും അതിനെ നിയമപരമായി നേരിടുമെന്നും അവർ വ്യക്തമാക്കി.
ഇതോടെ സഹോദരിമാരായ രാധയും അംബികയും തമ്മിലുള്ള സാമ്പത്തിക-സ്വത്ത് തർക്കം പുതിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്. രാധയുടെ പരാതിയിൽ ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും അതിന് മറുപടിയായി അംബിക മുന്നോട്ടുവച്ച ഒത്തുതീർപ്പ് കരാർ സംബന്ധിച്ച വാദങ്ങളും ഇനി അന്വേഷണത്തിലും നിയമനടപടികളിലും നിർണായകമാകും.
