ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആർ (Special Intensive Revision) നടപടിക്കിടെ ഉയർന്ന വിവാദങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് ലഭിച്ചതും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തുടക്കം മുതൽ കോൺഗ്രസ് ചൂണ്ടിക്കാട്ടിയതുപോലെ എസ്ഐആർ ഒരു പിഴവുകളുള്ള പ്രക്രിയയാണെന്നും ഇപ്പോൾ അത് സ്വന്തം ആളുകളെത്തന്നെ കുടുക്കുന്ന ‘ഫ്രാങ്കൻസ്റ്റൈൻ മോൺസ്റ്റർ’ ആയി മാറിയിരിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
ബിഹാറിൽ ആരംഭിച്ച എസ്ഐആർ ഇപ്പോൾ ഡൽഹിയിലെത്തിയതോടെ ഈ പ്രക്രിയയെ കോൺഗ്രസ് തുടക്കം മുതൽ ‘പിഴവുള്ളത്’ എന്ന് വിശേഷിപ്പിച്ചതിന്റെ കാരണം ഭരണകക്ഷിക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് ഖാർഗെ എക്സിൽ കുറിച്ചു. എസ്ഐആർ വോട്ടുകൾ കവർന്നെടുക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ബിജെപി ഉപയോഗിക്കുന്ന ആയുധമാണെന്നാണ് ഖാർഗെയുടെ ആരോപണം. അതോടൊപ്പം, പിഴവുകളുള്ള ഈ സംവിധാനം ഇപ്പോൾ ഭരണകക്ഷിയുമായി ബന്ധപ്പെട്ട പ്രമുഖരെയും കുടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർക്ക് എസ്ഐആറുമായി ബന്ധപ്പെട്ട നോട്ടീസുകൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലെ വോട്ടർ രേഖകൾ മുൻ എസ്ഐആർ പട്ടികയുമായി ബന്ധിപ്പിക്കാൻ കഴിയാത്തത്, വിവരങ്ങളിലെ പൊരുത്തക്കേടുകൾ തുടങ്ങിയ കാരണങ്ങളാണ് വിവിധ നോട്ടീസുകൾക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭാരതരത്ന ജേതാവായ ശാസ്ത്രജ്ഞനും മുൻ നാവികസേനാ മേധാവിക്കും നേരത്തെ നോട്ടീസ് നൽകിയിരുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് അധികൃതരുടെ അറിയിപ്പിൽ ഉപയോഗിച്ച ‘VIP/marked electors’ എന്ന പരാമർശത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
ഇന്ത്യയിലെ സാർവത്രിക പ്രായപൂർത്തി വോട്ടവകാശ സംവിധാനത്തിൽ ‘വിഐപി വോട്ടർമാർ’, ‘സാധാരണ വോട്ടർമാർ’ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളുണ്ടോയെന്ന് ഖാർഗെ ചോദിച്ചു. ‘ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം’ എന്ന ജനാധിപത്യ തത്വത്തിന് വിരുദ്ധമല്ലേ ഇത്തരം വേർതിരിവെന്നും വിഐപി വോട്ടിന് സാധാരണക്കാരന്റെ വോട്ടിനേക്കാൾ കൂടുതൽ മൂല്യമുണ്ടോയെന്നും അദ്ദേഹം ചോദ്യം ചെയ്തു.
എസ്ഐആറിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലായി 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13.8 കോടി പേർ വോട്ടർപട്ടികയ്ക്ക് പുറത്തായെന്നും രാജ്യത്തെ 94.78 കോടി വോട്ടർമാരിൽ ഏകദേശം 14.61 ശതമാനമാണിതെന്നും ഖാർഗെ അവകാശപ്പെട്ടു. ‘വിഐപികൾക്കായി പത്രക്കുറിപ്പുകൾ പുറത്തിറക്കുമ്പോൾ കോടിക്കണക്കിന് സാധാരണ വോട്ടർമാരുടെ കാര്യത്തിൽ നിശ്ശബ്ദതയാണ്’ എന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, എസ്ഐആറിന്റെ ഭാഗമായി നോട്ടീസ് ലഭിക്കുന്നത് ഒരാളുടെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കിയെന്നോ വോട്ടവകാശം നഷ്ടപ്പെട്ടെന്നോ അർഥമല്ലെന്നാണ് തിരഞ്ഞെടുപ്പ് അധികൃതരുടെ വിശദീകരണം. രേഖകളിലോ വിവരങ്ങളിലോ കണ്ടെത്തുന്ന പൊരുത്തക്കേടുകൾ പരിശോധിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നോട്ടീസുകൾ നൽകുന്നതെന്നും ആവശ്യമായ രേഖകളും വിശദീകരണങ്ങളും സമർപ്പിക്കാൻ വോട്ടർമാർക്ക് അവസരമുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
