ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ കുട്ടികളുടെ വിശ്വാസ പരിശീലനത്തിനു വര്‍ണാഭമായ തുടക്കം

ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ ‘ദൈവത്തിന്‍റെ സ്വന്തം കുഞ്ഞുങ്ങളുടെ’ വിശ്വാസ പരിശീലന ക്ലാസുകള്‍ക്കു സെപ്റ്റംബര്‍ 13 ഞായറാഴ്ച തുടക്കമായി. 2026-2027 അദ്ധ്യന വര്‍ഷക്ലാസുകള്‍ ദിവ്യബലിക്കുശേഷം ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ തിരിതെളിച്ച് ഉല്‍ഘാടനം ചെയ്തു.

ദിവ്യബലിമധ്യേ 225 ല്‍ പരം മതബോധനവിദ്യാര്‍ത്ഥികളെയും, അഞ്ചു സി. എം. സി. സിസ്റ്റേഴ്സ് ഉള്‍പ്പെടെ 45 അധ്യാപകരെയും പുതിയ അധ്യയന വര്‍ഷത്തേക്ക് റവ. ഡോ. ജോര്‍ജ് ദാനവേലില്‍ സ്വാഗതം ചെയ്തു. അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് പുതിയ അധ്യയനവര്‍ഷം മംഗളകരമാകാന്‍ ആശംസകള്‍ നേര്‍ന്നു.

പ്രീകെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 10 മണിക്ക് ഇംഗ്ലീഷില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിക്കുശേഷം ഒരുമണിക്കൂര്‍ വിശ്വാസപരിശീലനം നല്‍കിവരുന്നു. കുട്ടികളില്‍ കുരുന്നുപ്രായത്തില്‍തന്നെ ക്രൈസ്തവവിശ്വാസവും, ബൈബിള്‍ അധിഷ്ഠിതമായ സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്നേഹവും, സഹജീവിയോടുള്ള കരുണയും, പങ്കുവക്കലിന്‍റെ പ്രാധാന്യവും വിശ്വാസപരിശീലനക്ലാസുകളിലൂടെയും, വിശുദ്ധരുടെ തിരുനാളുകള്‍ പോലെയുള്ള ആഘോഷങ്ങളിലൂടെയും നല്‍കേണ്ടത് ഭാവിയില്‍ നല്ല പൗരന്മാരാകാന്‍ അവരെ സഹായിക്കും.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ ലീനാ ജോസഫ്, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, മുന്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, കൈക്കാരډാരായ സിബിച്ചന്‍ ചെമ്പ്ളായില്‍, കുരുവിള ജയിംസ്, ജിതിന്‍ കരുമത്തി, റോഷിന്‍ പ്ലാമൂട്ടില്‍, ജോബി കൊച്ചുമുട്ടം, സ്കൂള്‍ രജിസ്ട്രാര്‍ ടോം പാറ്റാനിയില്‍, മതാധ്യാപകര്‍ എന്നിവരും ഇടവകകൂട്ടായ്മക്കൊപ്പം ലളിതമായ ഉത്ഘാടനചടങ്ങില്‍ പങ്കെടുത്തു.

ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ അവതരണശൈലിയിലും, പ്രതിപാദനരീതിയിലും, ഭാഷാശൈലിയിലും അമേരിക്കന്‍ നിലവാരത്തിലേക്കു് നവീകരിച്ച പാഠപുസ്തകങ്ങളാവും പഠിപ്പിക്കുന്നത്. വിശാസപരിശീലനം എന്നത് ദൈവവുമായുള്ള വ്യക്തിപരമായ ഒരു ബന്ധത്തിലേക്ക് കുട്ടികളെ നയിക്കലാണ്.

രൂപതയുടെ വിശാസപരിശീലന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിട്ടുള്ള അദ്ധ്യാപകരും, അനദ്ധ്യാപകരും സഭയുടെ വലിയൊരു സമ്പത്താണ്. തങ്ങളുടെ സമയവും, കഴിവുകളും പ്രതിഫലേച്ഛകൂടാതെ ദൈവവേലക്കായി സമര്‍പ്പിക്കുന്ന അവര്‍ ക്രിസ്തുവിന്‍റെ സാക്ഷികളാണ്. സ്വന്തം ജീവിതമാതൃകകൊണ്ട് കുട്ടികള്‍ക്ക് വഴികാട്ടികളാകുന്ന ഈ ദൈവവിളിയെ സഭ നന്ദിയോടെ സ്മരിക്കുന്നു.

വിശാസപരിശീലനം ഞായറാഴ്ച്ചകളിലെ ഏതാനും മണിക്കൂറുകളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. കൊച്ചുകുട്ടികളെ സംബന്ധിച്ച് അവരുടെ മാതാപിതാക്കളാണു പ്രാഥമിക അദ്ധ്യാപകര്‍. ഗാര്‍ഹികസഭ എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വന്തം ഭവനം ആദ്യത്തെ ക്ലാസ്മുറിയും. മാതാപിതാക്കള്‍ ജീവിക്കുന്ന വിശ്വാസസാക്ഷ്യമാണു മക്കള്‍ കണ്ടു പഠിക്കുന്നത്. മാതാപിതാക്കളുടെ പ്രര്‍ത്ഥനാജീവിതവും, പരസ്പര സ്നേഹവും കണ്ടുവളരുന്ന കുട്ടികളില്‍ വിശ്വാസം സ്വാഭാവികമായിത്തന്നെ ആഴപ്പെടും. സ്വന്തം ഭവനത്തില്‍ ലഭിക്കുന്ന വിശ്വാസപരിശീലനത്തിന്‍റെ തുടര്‍ച്ചയായാണു മതബോധനസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. വീട്ടില്‍ മാതാപിതാക്കളില്‍നിന്നും, സഹോദരങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രാര്‍ത്ഥനാചൈതന്യത്തെയും, വിശ്വാസതീക്ഷ്ണതയെയും അരക്കിട്ടുറപ്പിക്കുക മാത്രമേ ആഴ്ച്ചയിലൊരിക്കല്‍ മാത്രമുള്ള സി.സി.ഡി ക്ലാസുകളും, വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂളും മറ്റും ചെയ്യുന്നുള്ളു. “നമ്മുടെ ജീവിതം തന്നെയാണു ഏറ്റവും ശക്തമായ പാഠപുസ്തകം”. ഇടവക സമൂഹം ഈ പ്രക്രിയക്ക് കരുത്തും, തണലുമേകണം. ഒരു കുട്ടി ക്രിസ്തുവില്‍ വളരുന്നത് ആ ഇടവകയുടെ ആത്മീയ ചൈതന്യത്തിന്‍റെ പ്രതിഫലനമാണ്.

Leave a Comment

More News