മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു.

കോഴിക്കോട്: ഖുർആൻ മുന്നോട്ടുവെക്കുന്ന തത്വങ്ങൾ അവസാനിക്കുന്നില്ലെന്നും ഏത് കാലത്തും മനുഷ്യജീവിതത്തിന് വഴികാട്ടിയായി ഖുർആൻ നിലകൊള്ളുന്നുവെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് പൂർവ വിദ്യാർഥി സംഘടനയായ അത്ഖയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്പൂർണ പൂർവ വിദ്യാർഥി സംഗമം ‘കോൺഫാബ് 3.0’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങളും ജീവിതക്രമവും ചിട്ടപ്പെടുത്താൻ ഉതകുന്ന മൂല്യവത്തായ മാർഗനിർദേശങ്ങളാണ് ഖുർആൻ നൽകുന്നത്. ഖുർആന്റെ സംരക്ഷണവും അതിന്റെ പാരായണ-പഠന പാരമ്പര്യം നിലനിർത്തുന്നതും ഹാഫിളുകളുടെ പ്രധാന ദൗത്യമാണ്. ഖുർആൻ ഹൃദിസ്ഥമാക്കി തലമുറകളിലേക്ക് കൈമാറുന്നതിലൂടെ ഈ മഹത്തായ ദൗത്യമാണ് നിർവഹിക്കപ്പെടുന്നതെന്നും ഉസ്താദ് പറഞ്ഞു.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സംഗമത്തിൽ 1987 മുതൽ 2022 വരെ 35 ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ 1500ലധികം പൂർവ വിദ്യാർഥികൾ പങ്കെടുത്തു. സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഖുർആൻ വിജ്ഞാന രംഗത്തെ ദീർഘകാല സേവനം പരിഗണിച്ച് അത്ഖ ഏർപ്പെടുത്തിയ ഖാരിഅ് ഹസൻ മുസ്ലിയാരുടെ പേരിലുള്ള അവാർഡ് ചിയ്യൂർ മുഹമ്മദ് മുസ്ലിയാർക്ക് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സമ്മാനിച്ചു.
ഉദ്ഘാടന സെഷനിൽ മർകസ് അത്ഖ പ്രസിഡന്റ് സയ്യിദ് സ്വാദിഖ് അലി തുറാബ് സഖാഫി പ്രാർഥന നിർവഹിച്ചു. ഹാഫിള് ശമീർ അസ്ഹരി ചേറൂർ ഖിറാഅത്ത് അവതരിപ്പിച്ചു. ഹാഫിള് അബൂബക്കർ സഖാഫിയുടെ അധ്യക്ഷത വഹിച്ചു.
‘അത്ഖ’ സെഷനിൽ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും ‘വിഷൻ 2030’യും അവതരിപ്പിച്ചു. പുതിയ കാലയളവിലേക്കുള്ള ‘മർകസ് അത്ഖ’ ഭാരവാഹികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. മെന്റേഴ്സ് ടോക്ക്’ സെഷനിൽ ഹാഫിള് മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശം നൽകി. ‘ഫ്യൂച്ചർ ടോക്കി’ൽ ഡോ. മുഹമ്മദ് റോഷൻ നൂറാനി സംസാരിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫി, ഖാരിഅ് നൂറുദ്ദീൻ സഖാഫി, ഖാരിഅ് ബശീർ സഖാഫി, മർകസ് സെൻട്രൽ അലുംനി സെക്രട്ടറി സി കെ മുഹമ്മദ് ആശംസകൾ നേർന്നു.
മജ്ലിസുൽ മഹബ്ബയ്ക്ക് ഹാഫിള് സ്വാദിഖലി ഫാളിലിയും ഹാഫിള് സ്വാദിഖ് അസ്ഹരിയും നേതൃത്വം നൽകി. ഹാഫിള് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, ഖാരിഅ് അബ്ദുറശീദ് ലത്തീഫി മാനിപുരം, ഹാഫിള് അബ്ദുസമദ് സഖാഫി മൂർക്കനാട്, ഹാഫിള് ശിഹാബുദ്ദീൻ സഖാഫി വാവൂർ, അബ്ദുറഹിമാൻ സഖാഫി ചിയ്യൂർ സംസാരിച്ചു.
