തൃശ്ശൂരിൽ നിന്ന് ആറാം വയസ്സില്‍ അമേരിക്കയിലെത്തി, ലോസ് ഏഞ്ചല്‍സ് നഗരത്തിന്റെ മേയറായ നിത്യ രാമന്റെ രാഷ്ട്രീയ യാത്ര

ലോസ് ഏഞ്ചൽസ്: അമേരിക്കൻ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ മലയാളി നിത്യ രാമന്റെ രാഷ്ട്രീയ യാത്ര കേരളത്തിനും അഭിമാനിക്കാവുന്നതാണ്. തൃശ്ശൂരുമായി കുടുംബവേരുകളുള്ള നിത്യ രാമൻ, അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചൽസിന്റെ ഭരണരംഗത്ത് സുപ്രധാന സ്ഥാനത്തെത്തിയ ഇന്ത്യൻ വംശജയായ രാഷ്ട്രീയ നേതാവാണ്. നഗരത്തിലെ ഭവനപ്രതിസന്ധി, ഭവനരഹിതരുടെ പുനരധിവാസം, സാമൂഹികനീതി, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളിലൂടെയാണ് അവർ ശ്രദ്ധ നേടിയത്.

നവംബർ മൂന്നിന് നടന്ന 2026-ലെ മേയർ തിരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരൻ ബാസിനെ പരാജയപ്പെടുത്തിയാണ് 45-കാരിയായ നിത്യ രാമൻ ചരിത്രവിജയം നേടിയത്. ലോസ് ഏഞ്ചൽസിന്റെ 44-ാമത് മേയറാണ് നിത്യ രാമന്‍. നഗരത്തിന്റെ ചരിത്രത്തിൽ മേയർ സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയും ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയുമാണ് അവർ.

ഇരുപതിലേറെ വർഷത്തിനുശേഷമാണ് ലോസ് ഏഞ്ചൽസിൽ അധികാരത്തിലിരിക്കുന്ന മേയർ വീണ്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. അതുകൊണ്ടുതന്നെ നിത്യ രാമന്റെ വിജയം ഒരു വ്യക്തിയുടെ രാഷ്ട്രീയനേട്ടത്തിനപ്പുറം നഗരത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.

നഗരഭരണത്തിൽ പുതിയ സമീപനം ആവശ്യപ്പെടുന്ന വോട്ടർമാരുടെ പിന്തുണയാണ് നിത്യ രാമന്റെ വിജയത്തിന് പ്രധാന കാരണമായത്. ഭവനവില വർധന, വാടകക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ, തെരുവുകളിൽ കഴിയുന്നവരുടെ പുനരധിവാസം, പൊതുഗതാഗത സൗകര്യങ്ങൾ, നഗരസുരക്ഷ തുടങ്ങിയ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു.

നിത്യ രാമന്റെ പിതാവ് വെങ്കിട്ടരാമൻ കെൽട്രോണിൽ ജീവനക്കാരനായിരുന്നു. മാതാവ് സുധ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ഉദ്യോഗസ്ഥയായിരുന്നു. തിരുവനന്തപുരം പട്ടത്തും രാമസ്വാമി കോവിൽ റോഡിലെ കുടുംബ വീട്ടിലുമായി താമസിച്ചിരുന്ന കുടുംബം പിന്നീട് സുധയുടെ സ്വദേശമായ തൃശ്ശൂരിലേക്ക് മാറി.

നിത്യ ജനിച്ചത് തൃശൂരിലാണ്. ഭാരതീയ വിദ്യാഭവനിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉന്നത പഠനത്തിനായി പിതാവ് അമേരിക്കയിലേക്ക് പോയതിനെത്തുടർന്ന് നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോൾ കുടുംബവും അമേരിക്കയിലേക്ക് കുടിയേറി. തുടർന്ന് ബോസ്റ്റണിലാണ് അവർ വളർന്നത്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ശേഷവും കേരളവുമായുള്ള കുടുംബബന്ധങ്ങൾ നിലനിർത്തിയിരുന്നു. ബന്ധുക്കളെ സന്ദർശിക്കാനും സ്വന്തം സാംസ്കാരിക പാരമ്പര്യവുമായി ബന്ധം പുലർത്താനും കുടുംബം ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.

2003-ൽ ഹാർവഡ് സർവകലാശാലയിൽനിന്ന് സോഷ്യൽ സ്റ്റഡീസിൽ ബിരുദം നേടി. തുടർന്ന് 2008-ൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് നഗരാസൂത്രണത്തിൽ ബിരുദാനന്തരബിരുദവും നേടി.

നഗരവികസനവുമായി ബന്ധപ്പെട്ട പഠനമാണ് അവരുടെ പൊതുപ്രവർത്തനത്തിനും രാഷ്ട്രീയനിലപാടുകൾക്കും അടിത്തറയായത്. നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അസമമായ വിതരണം, പാർപ്പിടപ്രശ്നങ്ങൾ, പൊതുസേവനങ്ങളുടെ ലഭ്യത തുടങ്ങിയ വിഷയങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ.

പഠനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നിത്യ, ചെന്നൈയിലെ നഗര ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായി.

23-ാം വയസ്സിൽ ചെന്നൈയിൽ ‘ട്രാൻസ്പരന്റ് ചെന്നൈ’ എന്ന സന്നദ്ധസംഘടന സ്ഥാപിച്ചതാണ് നിത്യ രാമന്റെ പൊതുപ്രവർത്തന ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. നഗരത്തിലെ ശുചിത്വപ്രശ്നങ്ങൾ, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, സാധാരണക്കാർ നേരിടുന്ന ജീവിതപ്രതിസന്ധികൾ എന്നിവയിലായിരുന്നു സംഘടനയുടെ ശ്രദ്ധ.

2013-ൽ ലോസ് ഏഞ്ചൽസിലെത്തിയ അവർ ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രാദേശിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നഗരത്തിലെ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളുമായി അടുത്തിടപഴകിയ ഈ അനുഭവമാണ് പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയത്.

2020-ൽ ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് മത്സരിച്ച നിത്യ, ദീർഘകാലമായി കൗൺസിലിൽ പ്രവർത്തിച്ചിരുന്ന എതിരാളിയെ പരാജയപ്പെടുത്തി വിജയിച്ചു. നഗര ഭരണത്തിലെ പരമ്പരാഗത രാഷ്ട്രീയശക്തികൾക്കെതിരായ ശ്രദ്ധേയമായ വിജയമായിരുന്നു അത്.

ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലെ നാലാം ജില്ലയുടെ പ്രതിനിധിയായാണ് നിത്യ രാമൻ പ്രവർത്തിച്ചത്. ഈ പദവിയിലെത്തിയ ആദ്യ ഏഷ്യൻ അമേരിക്കൻ വനിതയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമായിരുന്നു അവർ.

ഭവനനിർമാണവും ഭവനരഹിതരുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന കൗൺസിൽ സമിതിയുടെ അധ്യക്ഷയായും പ്രവർത്തിച്ചു. വാടകക്കാരുടെ അവകാശസംരക്ഷണം, വാടകസ്ഥിരീകരണ നടപടികൾ, ഭവനരഹിതർക്ക് താമസസൗകര്യം ഉറപ്പാക്കൽ തുടങ്ങിയ മേഖലകളിൽ നിയമനിർമാണ പ്രവർത്തനങ്ങളിലും അവർ പങ്കാളിയായി. ഈ പ്രവർത്തനങ്ങളാണ് നഗരത്തിലെ പാർപ്പിടപ്രതിസന്ധിയെക്കുറിച്ച് വ്യക്തമായ നിലപാടുള്ള രാഷ്ട്രീയനേതാവെന്ന പ്രതിച്ഛായ നിത്യയ്ക്ക് നൽകിയത്.

നിത്യ രാമന്റെ മേയർ സ്ഥാനാർഥിത്വം ലോസ് ഏഞ്ചൽസിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ അപ്രതീക്ഷിത നീക്കമായിരുന്നു. നേരത്തെ കാരൻ ബാസിനെ പിന്തുണച്ചിരുന്ന നിത്യ, പിന്നീട് നഗരഭരണത്തിൽ മാറ്റം ആവശ്യമാണെന്ന നിലപാടുമായി രംഗത്തെത്തി.

2026 ഫെബ്രുവരിയിൽ സ്ഥാനാർഥിത്വത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. മുൻ രാഷ്ട്രീയ സഖ്യകക്ഷികൾ തമ്മിലുള്ള പോരാട്ടമായി ഇതോടെ മേയർ തിരഞ്ഞെടുപ്പ് മാറി.

2025 ജനുവരിയിലെ വിനാശകരമായ കാട്ടുതീകളോടുള്ള നഗര ഭരണകൂടത്തിന്റെ പ്രതികരണവും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന വിഷയമായി. പാലിസേഡ്സ്, ഈറ്റൺ തീപിടിത്തങ്ങളിൽ ആകെ 31 പേർ മരിക്കുകയും 16,000-ത്തിലധികം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തിരുന്നു. പ്രതിസന്ധികളെ നേരിടുന്നതിൽ കാരൻ ബാസ് ഭരണകൂടത്തിന് വീഴ്ച സംഭവിച്ചുവെന്ന വിമർശനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർന്നു.

നിത്യ രാമന്റെ ഭരണകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിക്കാനിടയുള്ള വിഷയം ഭവനപ്രതിസന്ധിയാണ്. 2025-ലെ കണക്കനുസരിച്ച് ലോസ് ഏഞ്ചൽസിൽ ഏകദേശം 44,000 പേർ ഭവനരഹിതരായിരുന്നു. ഇവരിൽ ഏകദേശം 27,000 പേർ സ്ഥിരമായ അഭയകേന്ദ്രങ്ങളില്ലാതെ കഴിയുന്നവരാണ്.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താങ്ങാനാകുന്ന നിരക്കിൽ താമസസൗകര്യം ഒരുക്കുക, നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, പാർക്കുകളും പൊതുസ്ഥലങ്ങളും സംരക്ഷിക്കുക, നഗരസുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയും പുതിയ ഭരണകൂടത്തിന്റെ മുൻഗണനകളായിരിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രഖ്യാപനങ്ങൾ.

നഗരാസൂത്രണത്തിൽ ഉന്നതവിദ്യാഭ്യാസവും സാമൂഹികപ്രവർത്തനത്തിൽ അനുഭവസമ്പത്തുമുള്ള നിത്യ രാമന് ഈ പ്രശ്നങ്ങളിൽ എത്രത്തോളം ഫലപ്രദമായ മാറ്റം കൊണ്ടുവരാനാകുമെന്നതായിരിക്കും ഭരണകാലത്തെ പ്രധാന വിലയിരുത്തൽ.

രാഷ്ട്രീയത്തിനും സാമൂഹികപ്രവർത്തനത്തിനും പുറമേ ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തോടും നിത്യ രാമന് താൽപര്യമുണ്ട്. ഇന്ത്യയിൽ താമസിച്ചിരുന്ന കാലത്ത് പ്രശസ്ത നർത്തകി ലീല സാംസണിന്റെ കീഴിൽ ഭരതനാട്യം അഭ്യസിച്ചിരുന്നു. അമേരിക്കയിലേക്ക് മടങ്ങിയ ശേഷവും നൃത്തത്തോടുള്ള താൽപര്യം നിലനിർത്തിയതായി ബന്ധുക്കൾ പറയുന്നു.

വാലി ചന്ദ്രശേഖരനാണ് ഭർത്താവ്. കര്‍ണ്ണ, കാവേരി മക്കളാണ്.

ലോസ് ഏഞ്ചൽസ് പോലൊരു വലിയ നഗരത്തിന്റെ മേയർ സ്ഥാനത്തേക്കുള്ള നിത്യ രാമന്റെ വിജയം അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ ശ്രദ്ധേയമായ മുന്നേറ്റമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ വേരുകളുള്ള ഒരു വനിത ഈ സ്ഥാനത്തെത്തുന്നത് ചരിത്രപരമായ പ്രാധാന്യമുള്ള സംഭവമാണ്.

കുടിയേറ്റ കുടുംബത്തിൽ ജനിച്ച് അമേരിക്കയിൽ വിദ്യാഭ്യാസം നേടി, ഇന്ത്യയിൽ സാമൂഹികപ്രവർത്തനം നടത്തി, പിന്നീട് അമേരിക്കൻ നഗരരാഷ്ട്രീയത്തിലെ ഉന്നത പദവിയിലേക്ക് ഉയർന്ന നിത്യ രാമന്റെ ജീവിതയാത്ര രണ്ട് രാജ്യങ്ങളിലെയും അനുഭവങ്ങളെ ബന്ധിപ്പിക്കുന്നതാണ്.

തൃശ്ശൂരിലെ ബാല്യകാലത്തുനിന്ന് ലോസ് ഏഞ്ചൽസിന്റെ ഭരണനേതൃത്വത്തിലേക്കുള്ള നിത്യ രാമന്റെ വളർച്ച കേരളത്തിനും പ്രവാസി മലയാളി സമൂഹത്തിനും അഭിമാനകരമായ നേട്ടമാണ്.

Leave a Comment

More News