ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ മിസിസിപ്പി നദിയിൽ നങ്കൂരമിട്ടിരുന്ന യാത്രാ ക്രൂയിസ് കപ്പലിൽ ടാങ്കർ ഇടിച്ച് വൻ അപകടം. വെള്ളിയാഴ്ച (നവംബർ 13) ഉച്ചയ്ക്ക് 12.30 ഓടെയുണ്ടായ ശക്തമായ കൂട്ടിയിടിയിൽ പാഡിൽ വീൽ ക്രൂയിസ് കപ്പൽ ഒരു വശത്തേക്ക് മറിഞ്ഞു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. കപ്പലിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ഏകദേശം 130 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
അമേരിക്കൻ ക്രൂയിസ് ലൈൻസിന്റെ ഉടമസ്ഥതയിലുള്ള ‘അമേരിക്കൻ ഹെറിറ്റേജ്’ എന്ന റിവർ ക്രൂയിസ് കപ്പലാണ് അപകടത്തിൽപ്പെട്ടത്. ന്യൂ ഓർലിയൻസ് തുറമുഖത്ത് കപ്പൽ നങ്കൂരമിട്ട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് അപകടമുണ്ടായത്. യാത്രക്കാരെ കരയിലേക്ക് ഇറക്കുന്നതിനിടെയാണ് ‘അറ്റ്ലാന്റിക് അസ്ഫാൽറ്റ്’ എന്ന ടാങ്കർ കപ്പലിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കപ്പൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വശത്തേക്ക് ചരിയുകയും പിന്നീട് മറിയുകയുമായിരുന്നു. മാർഷൽ ദ്വീപുകളുടെ പതാകയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടാങ്കറിന് ചൈനീസ്, ലൈബീരിയൻ കമ്പനികളുമായി ഉടമസ്ഥതാ ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കപ്പൽ ഡോക്കിനോട് ചേർന്ന് വശത്തേക്ക് മറിഞ്ഞുകിടക്കുന്നതും ലൈഫ് ജാക്കറ്റുകൾ ധരിച്ച യാത്രക്കാർ നദിയിൽ രക്ഷയ്ക്കായി കാത്തുകിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അപകടത്തെത്തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ന്യൂ ഓർലിയൻസ് മേയർ ഹെലീന മൊറേനോ, 32 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും യാത്രക്കാരിൽ ആരെയും കാണാതായിട്ടില്ലെന്നും മേയർ വ്യക്തമാക്കി.
വലിയൊരു ദുരന്തം ഒഴിവായതിനെ ‘മിസിസിപ്പിയിലെ അത്ഭുതം’ എന്നാണ് മേയർ വിശേഷിപ്പിച്ചത്. അപകടവിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനത്തിനിറങ്ങിയ പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് കൂടുതൽ ജീവഹാനി ഒഴിവാക്കിയതെന്നും അവർ പറഞ്ഞു.
കൂട്ടിയിടിയുടെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ടാങ്കറിന്റെ സ്റ്റിയറിംഗ് സംവിധാനത്തിന് തകരാർ സംഭവിക്കുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്തിരിക്കാമെന്നാണ് പ്രാഥമിക സംശയം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മേയർ അറിയിച്ചു.
യാത്രക്കാരെ ഇറക്കുന്നതിനിടെയാണ് കപ്പലിലേക്ക് ടാങ്കർ ഇടിച്ചുകയറിയത്. തുടർന്ന് കപ്പലിലേക്ക് വെള്ളം കയറുകയും ക്രമേണ ഒരു വശത്തേക്ക് മറിയുകയുമായിരുന്നു. ഇതിനിടെ നിരവധി യാത്രക്കാർ വെള്ളത്തിലേക്ക് വീണു.
അപകടമുണ്ടായ ഉടൻ ഹാർബർ പൊലീസും അഗ്നിശമനസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹാർബർ പൊലീസ് ബോട്ടുകളിൽ നദിയിലിറങ്ങി യാത്രക്കാരെ രക്ഷപ്പെടുത്തിയപ്പോൾ അഗ്നിശമനസേനാംഗങ്ങൾ ഡോക്കിൽനിന്ന് ഗോവണികൾ താഴ്ത്തി ആളുകളെ കരയിലെത്തിച്ചു.
സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മറ്റൊരു അടിയന്തര സാഹചര്യവുമായി ബന്ധപ്പെട്ട് ആകാശത്തുണ്ടായിരുന്ന പൊലീസ് ഡ്രോൺ അപകടസ്ഥലത്തേക്ക് തിരിച്ചുവിട്ടതായും വെള്ളത്തിൽ അകപ്പെട്ടവരെ കണ്ടെത്താൻ ഇത് സഹായിച്ചതായും ന്യൂ ഓർലിയൻസ് പൊലീസ് സൂപ്രണ്ട് ആൻ കിർക്ക്പാട്രിക് അറിയിച്ചു.
തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി കോസ്റ്റ് ഗാർഡ് ചെറുബോട്ടുകൾ, കട്ടറുകൾ, ഹെലികോപ്റ്ററുകൾ എന്നിവ വിന്യസിച്ചു. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി മിസിസിപ്പി നദിയിലെ ഏകദേശം മൂന്ന് മൈൽ ദൂരത്തേക്ക് കപ്പൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതോടെ നദിയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് കോസ്റ്റ് ഗാർഡ് സെക്ടർ കമാൻഡറും തുറമുഖ ക്യാപ്റ്റനുമായ മെലാനി ബേൺഹാം വ്യക്തമാക്കി.
അപകടത്തെത്തുടർന്ന് ആർടിഎയുടെ നദി മുറിച്ചുകടക്കുന്ന ഫെറി സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. നദീതീരത്ത് നടത്താനിരുന്ന ഉത്സവ പരിപാടിയും റദ്ദാക്കി.
അപകടവിവരം അറിഞ്ഞതിന് പിന്നാലെ ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി ന്യൂ ഓർലിയൻസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മേയർ ഹെലീന മൊറേനോയ്ക്കൊപ്പം വാർത്താസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിനുമായി സംസാരിച്ചതായി ഗവർണർ അറിയിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തന്നെ ഫോണിൽ ബന്ധപ്പെട്ടതായും ലൂസിയാനയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
അപകടത്തിന്റെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
രക്ഷപ്പെടുത്തിയ യാത്രക്കാർക്ക് താൽക്കാലിക താമസസൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക ഹോട്ടലുകളിലാണ് ഇവരെ പാർപ്പിക്കുന്നത്. അപകടത്തിനിടെ വ്യക്തിഗത സാധനങ്ങളും മരുന്നുകളും നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സഹായം നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചു.
യാത്രക്കാരെ കുടുംബാംഗങ്ങളുമായി സുരക്ഷിതമായി വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. റെഡ് ക്രോസ്, യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നഗരസഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കപ്പലിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചതായും കോസ്റ്റ് ഗാർഡുമായും പ്രാദേശിക ഭരണകൂടവുമായും സഹകരിച്ച് പ്രവർത്തിക്കുന്നതായും അമേരിക്കൻ ക്രൂയിസ് ലൈൻസ് അറിയിച്ചു.
ന്യൂ ഓർലിയൻസിൽനിന്ന് ബാറ്റൺ റൂഷ്, മിസിസിപ്പിയിലെ വിക്സ്ബർഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബഹുദിന നദീക്രൂയിസ് യാത്ര പൂർത്തിയാക്കി മടങ്ങിയെത്തിയ കപ്പലാണ് അപകടത്തിൽപ്പെട്ടത്.
വൻ ദുരന്തമായി മാറാമായിരുന്ന സംഭവത്തിൽ ആളപായമുണ്ടാകാതിരുന്നത് രക്ഷാപ്രവർത്തകരുടെ അതിവേഗ ഇടപെടലിന്റെ ഫലമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം, ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെടാനിടയായ സാഹചര്യം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
