പോക്കറ്റ് മണിയും അണ്ടി മോഷണവും (ബാല നർമ്മ കഥ): എ.സി. ജോർജ്

ഞാൻ അടുത്ത കാലത്ത് അമേരിക്കയിൽ നിന്ന് ജന്മനാടായ കേരള സന്ദർശനത്തിന് പോയി. ബോംബുകളും മിസൈലുകളും പരസ്പരം തൊടുത്തുവിടുന്നതിനിടയിലും, യുദ്ധത്തിന്റെ കരിനിഴലും ഭീതിയും നിലനിൽക്കുമ്പോഴും ഗൃഹാതുര ചിന്തകൾ വീണ്ടും എന്നെ ഒരു കേരള സന്ദർശനത്തിന് പ്രേരണ നൽകി എന്ന് പറയാം. പണ്ടൊക്കെ അമേരിക്കൻ മലയാളി എന്ന് പറഞ്ഞാൽ ഒരു കസേര കിട്ടുമായിരുന്നു. ഇന്നൊക്കെ അങ്ങനെ പറഞ്ഞാൽ മറ്റു വല്ലതും ആയിരിക്കും കിട്ടുക. അതിനൊക്കെ കാരണം നമ്മുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ അന്തവും കുന്തവും ഇല്ലാത്ത ചില നയങ്ങളാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എനിക്ക് ഇക്കാര്യത്തെപ്പറ്റി യാതൊരു അഭിപ്രായവും ഇല്ല. ഞാനൊന്നും പറയുന്നുമില്ല, ഒന്നും രേഖപ്പെടുത്തുന്നുമില്ല. ഇതൊക്കെയാണെങ്കിലും ഇന്നും അമേരിക്കയിലേക്ക് ഒരു വിസ കിട്ടി ഇരച്ചുകയറാൻ കാത്തിരിക്കുന്ന ജനങ്ങളാണ് അവിടെയും ഉള്ളത്.

ഞാൻ നാട്ടിലെത്തിയാൽ സാധാരണയായി താമസിക്കുന്ന എറണാകുളത്തുനിന്ന് ചില അവസരത്തിൽ ബസ് കയറി മൂവാറ്റുപുഴയിലെത്തി മറ്റൊരു ബസിൽ കയറി പൈങ്ങോട്ടൂർ എന്ന എന്റെ ജന്മനാട്ടിലെത്തുക എന്നതാണ് പതിവ്. ബസ് ആകുമ്പോൾ വലിയ വാഹനമാണല്ലോ. കാറിന്റെ അത്രയും കുടുക്കവും റിസ്കും ഇല്ലല്ലോ. പിന്നെ ഗൃഹാതുര ചിന്തകളൊക്കെ വരുമ്പോൾ ബസ്സിൽ കയറുന്നതാണല്ലോ ഒരു ത്രില്ല്. ഇപ്രാവശ്യം എറണാകുളത്തുനിന്ന് ബസ്സിൽ കയറിയപ്പോൾ സ്ത്രീജനങ്ങൾ തീരെ കുറവ്. കാരണം അവിടെ ഇപ്പോൾ സ്ത്രീജനങ്ങൾക്ക് മാത്രമായി ടിക്കറ്റ് എടുക്കാതെ ഫ്രീയായി ചില ട്രാൻസ്പോർട്ട് ബസുകളിൽ കയറാമല്ലോ. അങ്ങനെ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഇറങ്ങിയ ഞാൻ മറ്റൊരു ലോക്കൽ ബസ്സിൽ കയറി ജനിച്ചു വളർന്ന പൈങ്ങോട്ടൂർ ഗ്രാമത്തിലെത്തി.

ഇനി ഒന്നുരണ്ട് സുഹൃത്തുക്കളെ സന്ദർശിക്കണം, ബന്ധുവീടുകളിൽ പോകണം. അടുത്ത ഇടവഴികളിലൂടെ ഞാൻ നടന്നുനീങ്ങി. വളരെ പെട്ടെന്നാണ് അത് സംഭവിച്ചത്. ഇടവഴിയിലേക്ക് ചാഞ്ഞുനിന്നിരുന്ന കശുവണ്ടി മരക്കൊമ്പിൽ നിന്ന് ഒരു കാക്ക കാഷ്ടിച്ചത് തലയിൽ വീണു. അതിനൊപ്പം ഒരു കശുവണ്ടിയും. താഴെക്കണ്ട അരുവിയിൽ ഇറങ്ങി തലയിലെയും ഷർട്ടിലെയും കാക്കക്കാഷ്ടം കഴുകുന്നതിനിടയിൽ ചിന്തകൾ വളരെ പഴയ ബാല്യകാലങ്ങളിലേക്ക് ചിറകടിച്ച് ഊഴിയിട്ടിറങ്ങി.

കുട്ടിക്കാലം, പ്രൈമറി മിഡിൽ സ്കൂൾ കാലഘട്ടം. മീനമാസത്തിലെ വെയിലിന് ചൂടു പിടിച്ചു തുടങ്ങുമ്പോൾ തന്നെ ഞങ്ങളുടെ നാട്ടിൻപുറത്തെ കുട്ടികൾക്ക് ഉത്സവകാലമായി. സ്കൂൾ വാർഷിക പരീക്ഷയുടെ ചൂടിനേക്കാൾ ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നത് വഴിയരികിലും പറമ്പുകളിലും പഴുത്തുതുടുത്തു നിൽക്കുന്ന കശുവണ്ടി മരങ്ങളായിരുന്നു. അന്ന് ഞങ്ങൾക്ക് ‘പോക്കറ്റ് മണി’ തരാൻ അച്ഛനമ്മമാരുടെ കൈയിൽ കാശുണ്ടായിരുന്നില്ല; എവിടെയെങ്കിലും പോയി പിക്ക് പോക്കറ്റ് അടിക്കാനുള്ള അറിവോ ധൈര്യമോ കൗശലമോ ഞങ്ങൾക്കുണ്ടായിരുന്നില്ല. പകരം ഞങ്ങളുടെ സ്വന്തം ‘ബാങ്ക്’ ആയിരുന്നു, അല്ലെങ്കിൽ കൽപവൃക്ഷമായിരുന്നു ആ കശുവണ്ടി മരങ്ങൾ!

ഞങ്ങളുടെ സംഘത്തിന്റെ തലവൻ അപ്പുക്കുട്ടനായിരുന്നു. കൂടെ എന്തിനും ഏതിനും തയ്യാറായി ചാക്കോച്ചനും, വഴിയരികിൽ വീണുകിടക്കുന്ന അണ്ടി മിന്നൽവേഗത്തിൽ പെറുക്കിയെടുക്കാൻ മിടുക്കിയായ അമ്മിണിയും, കാവൽ നിൽക്കാൻ ലീലയും ഉണ്ടാകും.

രാവിലെ പള്ളിക്കൂടത്തിലേക്ക് ഇറങ്ങുമ്പോൾ തന്നെ നിക്കറിന്റെ പോക്കറ്റിൽ അത്യാവശ്യം നല്ല ഉരുണ്ട കല്ലുകളും കൈയിൽ നീളമുള്ള ഒരു കമ്പും ഉണ്ടാകും. സ്കൂളിലേക്കുള്ള ഇടവഴിയിലെ ഏറ്റവും വലിയ കശുമാവ് നിന്നിരുന്നത് ശങ്കരൻ നായരുടെ പറമ്പിന്റെ അതിരിലായിരുന്നു. ആരുടെ മരമാണെന്നൊന്നും അന്ന് ആരും ചിന്തിക്കാറില്ല; വഴിവക്കിലേക്ക് ചാഞ്ഞുനിൽക്കുന്ന കൊമ്പുകളെല്ലാം നാട്ടുകാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ പൊതുസ്വത്താണെന്നായിരുന്നു ഞങ്ങളുടെ അലിഖിത നിയമം!

“ശങ്കരൻ നായർ ഉമ്മറത്തില്ല, വേഗം കല്ലെടുക്ക്!” അപ്പുക്കുട്ടൻ സിഗ്നൽ നൽകും.

പിന്നെ ഒരേറാണ്. കല്ലും കോലും മരക്കൊമ്പുകളിലേക്ക് ചീറിപ്പായും. പഴുത്ത മഞ്ഞയും ചുവപ്പും നിറമുള്ള കശുവണ്ടികൾ പൊഴിഞ്ഞു വീഴുമ്പോൾ അമ്മിണിയും ലീലയും ഓടി നടന്ന് അണ്ടി മാത്രം ഒടിച്ചെടുത്ത് നിക്കറിന്റെയും പാവാടയുടെയും പോക്കറ്റുകളിലേക്ക് തിരുകും. ഉയരമുള്ള കൊമ്പിലെ അണ്ടി പറിക്കാൻ ചാക്കോച്ചൻ അണ്ണാനെപ്പോലെ മരത്തിൽ കയറും. മരത്തിന് മുകളിലിരുന്ന് ചാക്കോച്ചൻ നല്ല മധുരമുള്ള കശുമാങ്ങ കടിച്ചുതിന്നുന്നതിനിടയിൽ താഴെ നിൽക്കുന്നവരുടെ തലയിലേക്ക് കശുമാങ്ങയുടെ ചണ്ടി ഇട്ടു കൊടുക്കുന്നതും പതിവായിരുന്നു.

ഒരു ദിവസം ഇതേപോലെ ‘ഓപ്പറേഷൻ കശുവണ്ടി’ തകൃതിയായി നടക്കുകയാണ്. അപ്പുക്കുട്ടൻ എറിഞ്ഞ ഒരു കല്ല് കശുവണ്ടിക്ക് പകരം കൃത്യമായി കൊണ്ടത് മരത്തിന് താഴെ പതുങ്ങിവന്ന ശങ്കരൻ നായരുടെ കഷണ്ടിത്തലയിലേക്കായിരുന്നു!

“എടാ കള്ളപ്പരിഷകളേ… നിങ്ങളെ ഇന്ന് ഞാൻ…” എന്ന അലർച്ച കേട്ടതും ചാക്കോച്ചൻ മരത്തിൽ നിന്ന് താഴേക്ക് ചാടിയതും ഒരുമിച്ചായിരുന്നു. പോക്കറ്റ് നിറയെ കശുവണ്ടിയുമായി ഞങ്ങൾ നാലുപേരും ജീവനും കൊണ്ട് ഓടി. ഓട്ടത്തിനിടയിൽ നിക്കറിന്റെ പോക്കറ്റ് കീറി അണ്ടികൾ വഴിനീളെ ചിതറിവീഴുന്നത് പോലും നോക്കാൻ നേരമില്ലായിരുന്നു. പിന്നാലെ വടിയുമായി ഓടിവന്ന ശങ്കരൻ നായർ അണ്ടി പെറുക്കാനായി കുനിഞ്ഞ തക്കത്തിന് ഞങ്ങൾ ഇടവഴി തിരിഞ്ഞ് സ്കൂൾ വളപ്പിലേക്ക് കടന്ന് രക്ഷപ്പെട്ടു!

ക്ലാസ് മുറിയിൽ ഇരിക്കുമ്പോഴും ഞങ്ങളുടെ ശ്രദ്ധ മുഴുവൻ നിക്കറിന്റെ പോക്കറ്റിലായിരുന്നു. ഇടയ്ക്കിടെ പോക്കറ്റിൽ തപ്പിനോക്കി അണ്ടിയുടെ എണ്ണം തിട്ടപ്പെടുത്തും. കശുവണ്ടിക്കറ പുരണ്ട് കൈകളും നിക്കറും ആകെ കറുത്തിട്ടുണ്ടാകും, എങ്കിലും അതൊരു അലങ്കാരമായിരുന്നു.

വൈകുന്നേരം സ്കൂൾ വിട്ടാൽ നേരെ ഓടുന്നത് കവലയിലെ കുഞ്ഞൻ ചേട്ടന്റെ കടയിലേക്കാണ്. അവിടെയാണ് ഞങ്ങളുടെ ‘കറൻസി’ മാറുന്നത്. പോക്കറ്റിൽ നിന്ന് വാരിയെടുക്കുന്ന കശുവണ്ടി ത്രാസിൽ തൂക്കി കുഞ്ഞൻ ചേട്ടൻ പകരം തരുന്നത് ചില്ലു ഭരണിയിൽ ഇരിക്കുന്ന നാരങ്ങാ മിട്ടായിയും, കപ്പലണ്ടി മിട്ടായിയും, പുളി മിട്ടായിയുമൊക്കെയാണ്. ആ മിട്ടായി നുണഞ്ഞുകൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ലോകം മുഴുവൻ കീഴടക്കിയ സന്തോഷമായിരുന്നു ഞങ്ങൾക്ക്.

ഇന്ന് സൂപ്പർ മാർക്കറ്റുകളിലെ പളപളപ്പൻ കവറുകളിൽ വറുത്തു പൊരിയാക്കിയ കശുവണ്ടി കാണുമ്പോൾ ആ പഴയ കറപുരണ്ട നിക്കർ പോക്കറ്റുകളും, ശങ്കരൻ നായരുടെ ഓട്ടവും, നാരങ്ങാമിട്ടായിയുടെ മധുരവും ഓർമ വരും. കാലം മാറിയപ്പോൾ ആ കശുമാവുകളും വഴിയോരങ്ങളും അപ്രത്യക്ഷമായി; ഒപ്പം ആ നിഷ്കളങ്കമായ ബാല്യകാല കച്ചവടങ്ങളും!

പക്ഷേ ഒന്നുപറയട്ടെ, അന്നത്തെ ആ കശുവണ്ടി മോഷണ ഓപ്പറേഷൻ നേതാവ് അല്ലെങ്കിൽ ക്യാപ്റ്റൻ അപ്പുക്കുട്ടൻ ഇന്ന് ഈ സ്റ്റേറ്റിലെ ആഭ്യന്തര മന്ത്രിയാണ്. അതുപോലെ അന്നത്തെ ഓപ്പറേഷനിലെ പെൺകുട്ടി നേതാവായിരുന്ന അമ്മിണി വനിതാ കമ്മീഷനിലൂടെ പടിപടിയായി ഉയർന്ന് ഇന്ന് കശുവണ്ടി കോർപ്പറേഷൻ ഡയറക്ടർ ആണ്.

അമേരിക്കയിലേക്ക് മടങ്ങുന്നതിനു മുമ്പ് അപ്പുക്കുട്ടൻ മന്ത്രിയെയും, ഉരുക്കു വനിതയായ കശുവണ്ടി കോർപ്പറേഷൻ ഡയറക്ടർ അമ്മിണിയെയും കാണണം. അവർ ഈ പഴയ കശുവണ്ടി മോഷണ ഗ്രൂപ്പ് സതീർത്ഥ്യനെ ഓർക്കുമോ, അറിയുമോ ആവോ?

പണ്ട് കുചേലൻ അവൽപൊടിയുമായി ശ്രീകൃഷ്ണനെ കാണാൻ പോയ മാതിരി ഒന്ന് പോയിനോക്കാം. പറ്റിയാൽ ഒരു നൂറായിരം അമേരിക്കൻ പ്രവാസി മലയാളികളുടെ കേരള പ്രശ്നങ്ങൾ ഒന്ന് പരിഹരിക്കാൻ ഒരു അഭിമുഖവും കൂട്ടത്തിൽ ഒരു നിവേദനവും കൊടുക്കാമല്ലോ?

Leave a Comment

More News