ഓണപ്പുലരി (കവിത): എ.സി. ജോര്‍ജ്

പൂവിളികൾ കേട്ടുണരും പൊൻപുലരിയിൽ,
മുറ്റത്തു വിരിയുന്നു തുമ്പയും തെച്ചിയും.
കർക്കടകത്തിന്റെ കാർമേഘം മാഞ്ഞുപോയി,
ചിങ്ങവെയിൽ നാളിൽ ചിരിക്കുന്ന പൂക്കളം.
നാടൊട്ടുക്കും എങ്ങും സന്തോഷ തരംഗങ്ങൾ,
പൂവടയും പായസവും ഒരുക്കുന്ന അടുക്കളകൾ.
കോടിവസ്ത്രമണിഞ്ഞു ചിരിക്കും കുരുന്നുകൾ,
തുമ്പപ്പൂ ചിരിയോടെ സ്വീകരിക്കും മാവേലിയെ.
മനുഷ്യരെല്ലാരും ഒന്നായി വാണൊരു,
പഴയൊരു നല്ലോണക്കാലത്തിന്റെ ഓർമ്മയിൽ,
സ്നേഹവും സമത്വവും നിറഞ്ഞ മനസ്സോടെ,
വരവേൽക്കാം വീണ്ടുമൊരു തിരുവോണ നാളിനെ!
തിരുവോണ നാളിന്റെ മേളം കഴിഞ്ഞാലും,
മാറാതെ നിൽക്കുന്നു മനസ്സിൽ ആനന്ദം.
പൂക്കളം മാഞ്ഞാലും ഓർമ്മ തൻ മുറ്റത്ത്,
വാടാതെ നിൽക്കുന്നു തുമ്പപ്പൂ പുഞ്ചിരി.
നാടൊട്ടുക്കുമെങ്ങും ആഘോഷ രാവുകൾ,
പ്രവാസ ലോകത്തെ കൂട്ടായ്മ വേദിയിൽ,
വീണ്ടുമുണരുന്നു മാവേലി മന്നനും.
കഴിഞ്ഞുപോയൊരു നല്ലോണ നാളിന്റെ,
മധുരം നുകർന്നു നാം മുന്നോട്ടു പോകവേ,
സൗഹൃദ സന്തോഷ ഓർമ്മകൾ കാത്തുവെച്ച്,
കാത്തിരിക്കാം അടുത്തൊരു ഓണപ്പുലരിക്കായ്!

One Thought to “ഓണപ്പുലരി (കവിത): എ.സി. ജോര്‍ജ്”

  1. Raghavan Vamattathil (രാഘവൻ വാമറ്റത്തിൽ)

    മലയാളിയുടെ മലയാളിത്തനിമ അങ്ങയറ്റം ഒപ്പിയെടുത്തു കൊണ്ടുള്ള ഓണത്തിൻറെ കാവ്യ അവതരണം, അതിലെ പ്രമേയം, അതിപ്രശംസനീയമാണ്. കവിത ഓണത്തിൻറെ ഭൗതികമായ ആഘോഷങ്ങളെക്കുറിച്ചും അതിനു പിന്നിലെ ആത്മീയതയും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു പ്രവാസ ലോകത്തും ഓണം തരുന്ന സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രസരിപ്പിക്കാൻ ഈ കവിതയ്ക്ക് അങ്ങേയറ്റം സാധിക്കുന്നുണ്ട് വർത്തമാനകാലത്തിന്റെ സന്തോഷത്തോടൊപ്പം പ്രതീക്ഷയോടെ നോക്കാൻ വായനക്കാരോട് ഇവിടെ കവി പറയുന്നു.

Leave a Comment

More News