ന്യൂഡൽഹി: ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നതിനിടെ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രധാനമന്ത്രി താരിഖ് റഹ്മാൻ രംഗത്തെത്തി. രാജ്യത്ത് അക്രമം, തീവയ്പ്പ്, കൊലപാതകം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അവാമി ലീഗ് നേതാക്കൾ പ്രോത്സാഹനം നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതിർത്തിക്കപ്പുറത്തുള്ള തങ്ങളുടെ യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിനായി അവാമി ലീഗ് നേതാക്കൾ ബംഗ്ലാദേശിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ഇന്ത്യയുടെ പേര് നേരിട്ട് പരാമർശിക്കാതെ റഹ്മാൻ പറഞ്ഞു.ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ ജില്ലയായ ലാൽമോനിർഹട്ടിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ഓഗസ്റ്റിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് രാജ്യം വിട്ട അവാമി ലീഗ് നേതാക്കൾ ഇപ്പോഴും ബംഗ്ലാദേശിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പ്രക്ഷോഭത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കാനാണ് അവരുടെ ശ്രമമെന്നും റഹ്മാൻ ആരോപിച്ചു.
വിദേശത്ത് കഴിയുമ്പോഴും തീവയ്പ്പും ഭീകരപ്രവർത്തനങ്ങളും കൊലപാതകങ്ങളും ഉൾപ്പെടുന്ന അക്രമരാഷ്ട്രീയം അവാമി ലീഗ് നേതാക്കൾ പുനരാരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമോയെന്ന് പൊതുജനങ്ങളോട് ചോദിച്ച റഹ്മാൻ, ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ അനുയായികളോട് ആഹ്വാനം ചെയ്തു.
അതേസമയം, ബംഗ്ലാദേശിലേക്ക് മടങ്ങാൻ തയ്യാറാണെന്ന സൂചന നൽകി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തി. പുതിയ പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്ന് അവർ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹസീനയുടെ നിയമസംഘം ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനെ രണ്ടാം തവണയും സമീപിച്ചു.
ലണ്ടനിലെ മാട്രിക്സ് ചേംബേഴ്സിലെ മുതിർന്ന അഭിഭാഷകൻ സ്റ്റീവൻ പോൾസ് കെസിയെയാണ് തന്റെ പേരിൽ അപേക്ഷ സമർപ്പിക്കുന്നതിനായി ഹസീന ചുമതലപ്പെടുത്തിയിരിക്കുന്നത്. പോൾസിനെ ഹസീനയുടെ ഔദ്യോഗിക പ്രതിനിധിയായി അംഗീകരിക്കണമെന്നും അപേക്ഷയിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നിയമസംഘം ആവശ്യപ്പെട്ടു.
അവാമി ലീഗ് ആഹ്വാനം ചെയ്ത ഏകദിന രാജ്യവ്യാപക ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് താരിഖ് റഹ്മാന്റെ ആരോപണങ്ങൾ. വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവയ്പ്പ്, സ്ഫോടനം, നശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ഥിതിഗതികൾ വഷളായതോടെ ഏഴ് ജില്ലകളിലായി മൂവായിരത്തോളം അർധസൈനികരെ വിന്യസിച്ചു.
ഗോപാൽഗഞ്ചിലാണ് അക്രമസംഭവങ്ങൾ രൂക്ഷമായത്. പൊലീസ് സ്റ്റേഷന് തീയിട്ടതിനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) എംപിമാരുടെ വീടുകൾ ആക്രമിച്ചതിനും ഗ്രാമീൺ ബാങ്കിന്റെ ഓഫീസുകൾ അടിച്ചുതകർത്തതിനും പിന്നിൽ അവാമി ലീഗ് അനുയായികളാണെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷനുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയും അക്രമികൾ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകളുണ്ട്.
അവാമി ലീഗ് അനുയായികളെ ഭീകരവാദികൾ, തീവയ്പ്പുകാർ, കൊലപാതകികൾ എന്നിങ്ങനെ വിശേഷിപ്പിച്ച റഹ്മാൻ, അവരുടെ പ്രവർത്തനങ്ങൾക്ക് ഉചിതമായ മറുപടി നൽകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന അക്രമസംഭവങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ബംഗ്ലാദേശിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയാണ്.
