പെരിന്തല്‍മണ്ണയില്‍ ബസ് യാത്രക്കിടെ തലയില്‍ കമ്പിയിടിച്ച് പരിക്ക്; യുവതിക്ക് രക്ഷകരായി പിങ്ക് പോലീസ്

പെരിന്തല്‍മണ്ണ: യാത്രയ്ക്കിടെ ബസിന്റെ കമ്പിയില്‍ തലയിടിച്ച് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി പിങ്ക് പോലീസ്. പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്റ്റാന്‍ഡില്‍ ബുധനാഴ്ചയാണ് സംഭവം. പെരിന്തല്‍മണ്ണയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ ചെറുകര സ്വദേശിനി ശോഭയ്ക്കാണ് ബസിന്റെ കമ്പിയില്‍ തലയിടിച്ചു പരിക്കേറ്റത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിങ്ക് പോലീസിലെ സി.പി.ഒ. മാരായ കെ. സോണിയ, കെ. രേഷ്മ എന്നിവര്‍ ശോഭയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ശോഭ ജോലിചെയ്യുന്ന സ്ഥാപനത്തിലെ മാനേജരെ വിവരം അറിയിക്കുകയും രണ്ട് സഹപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയോഗിക്കുകയും ചെയ്തു. വൈകീട്ടോടെ ശോഭ ആശുപത്രി വിട്ടു.

ടൗണിലെത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്ത് സഹായത്തിനും ടോള്‍ഫ്രീ നമ്പറായ 112-ല്‍ വിളിച്ച് സഹായം തേടാമെന്ന് പിങ്ക് പോലീസ് അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളിലും മറ്റ് ഉപദ്രവങ്ങളുണ്ടാകുമ്പോഴും ബന്ധപ്പെട്ടാല്‍ പിങ്ക് പോലീസ് ഉടനെത്തി ആവശ്യമായ സഹായം നല്‍കും. പുറത്തറിയിക്കാന്‍ ആവാത്ത പരാതികളുണ്ടെങ്കിലും സഹായം തേടാം. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്കായാണ് പിങ്ക് പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 100 നമ്പറില്‍ വിളിച്ചും സഹായംതേടാം.

Print Friendly, PDF & Email

Leave a Comment

More News