അമേരിക്കൻ പൗരൻമാർക്കെതിരെ അല്‍ ഖ്വയ്ദ ആക്രമണ സാധ്യത; സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനുശേഷം അല്‍ ഖ്വയ്ദയുടെ നേത്ര്വത്വം ഏറ്റെടുത്ത അയ്മാന്‍ അല്‍ സവാഹിരിയും കൊല്ലപ്പെട്ട സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരൻമാർക്കെതിരെ ഏതു നിമിഷവും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നൽകി.

വിദേശ യാത്രകളിൽ അമേരിക്കന്‍ പൗരന്മാര്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക വാർത്തകൾ പതിവായി കാണാനും അടുത്തുള്ള യുഎസ് എംബസിയുമായോ കോൺസുലേറ്റുമായോ സമ്പർക്കം പുലർത്താനും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

ജൂലൈ 31-നാണ് അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി ഒളിച്ചിരുന്ന വീടിന് നേരെ ഹെൽ ഫയർ മിസൈല്‍ ഉപയോഗിച്ച് വധിച്ചതായി ചൊവ്വാഴ്ച യു എസ് സ്ഥിരീകരിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പ്രതികാരത്തിനായി യു എസ് പൗരന്മാരെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ചാവേർ അക്രമങ്ങൾ, ബോംബ് സ്ഫോടനം , ഹൈജാക്കിംഗ് തുടങ്ങി നിരവധി മാർഗ്ഗങ്ങൾ തീവ്രവാദികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നായിരിക്കും ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത്.

താലിബാന്‍ അധികാരത്തില്‍ വന്നയുടന്‍ സവാഹിരി പാക്കിസ്താന്‍ വിട്ട് അഫ്ഗാനിസ്താനില്‍ എത്തിയതായി പറയപ്പെടുന്നു. സവാഹരി അമേരിക്കയുടെ റഡാറില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഒരു ശീലമായിരുന്നു. ഇത് മനസിലാക്കിയ ശേഷം പൂര്‍ണ ആസൂത്രണത്തോടെയാണ് യു എസ് രഹസ്യമായി ഓപ്പറേഷന്‍ നടത്തിയത്.

Print Friendly, PDF & Email

Leave a Comment

More News