“അതെ, ഞാൻ ശ്രദ്ധയെ കൊന്നു, എനിക്കതില്‍ ഖേദമില്ല”; അഫ്താബ് കുറ്റം സമ്മതിച്ചു

ന്യൂഡൽഹി: ശ്രദ്ധ വധക്കേസിലെ പ്രതി അഫ്താബ് നുണപരിശോധനയിൽ കുറ്റം സമ്മതിച്ചു. പോളിഗ്രാഫി പരിശോധനയിൽ ശ്രദ്ധയെ കൊലപ്പെടുത്തിയത് താനാണെന്ന് അഫ്താബ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ശ്രദ്ധയെ കൊന്നതിൽ അഫ്താബിന് ഖേദമില്ല. അഫ്താബിന്റെ പോളിഗ്രാഫി പരിശോധന നടത്തിയ ഫോറൻസിക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്. നിരവധി ഹിന്ദു പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും അഫ്താബ് സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല, പോളിഗ്രാഫ് പരിശോധനയ്ക്കിടെ, ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം മൃതദേഹത്തിന്റെ കഷ്ണങ്ങൾ കാട്ടിലേക്ക് വലിച്ചെറിഞ്ഞതായും അഫ്താബ് സമ്മതിച്ചു.

പോളിഗ്രാഫ് പരിശോധനയിൽ അഫ്താബിന്റെ പെരുമാറ്റം തികച്ചും സാധാരണമായിരുന്നുവെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. താൻ പോലീസിനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും അഫ്താബ് പറഞ്ഞു. ഇപ്പോൾ വിദഗ്ധർ അഫ്താബിന്റെ പോളിഗ്രാഫ് ടെസ്റ്റിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് അന്വേഷണത്തിൽ പോലീസിനെ സഹായിക്കുമെന്നാണ് കരുതുന്നത്.

ഡിസംബർ ഒന്നിന് അഫ്താബിനെ നാർക്കോ ടെസ്റ്റിന് വിധേയനാക്കും. നാർക്കോ ടെസ്റ്റിന് മുമ്പ് അഫ്താബിന്റെ പ്രീ മെഡിക്കൽ ടെസ്റ്റ് നടത്തിയിരുന്നു. എഫ്എസ്എൽ ലാബിൽ തന്നെയാണ് ഈ പ്രീ-മെഡിക്കൽ ടെസ്റ്റുകൾ നടത്തിയത്. ആ റിപ്പോർട്ട് ഇന്ന് വരും. അംബേദ്കർ ആശുപത്രിയിലാണ് നാർക്കോ പരിശോധന.

മെയ് 18ന് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അഫ്താബിനെതിരെയുള്ള ആരോപണം. അഫ്താബിന്റെ കാമുകിയായിരുന്നു ശ്രദ്ധ. ഇരുവരും മുംബൈ സ്വദേശികളായിരുന്നു. അവിടെ വസായിൽ ഇരുവരും ലിവ്-ഇൻ ബന്ധത്തിലാണ് ജീവിച്ചത്. പിന്നീട് ഇരുവരും ഡൽഹിയിൽ തന്നെ തുടരാൻ തീരുമാനിച്ചു.

മെയ് 8 മുതൽ ഇരുവരും ഡൽഹിയിക് മെഹ്‌റൗളിയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. മെയ് 18ന് ശ്രദ്ധയും അഫ്താബും തമ്മിൽ വഴക്കുണ്ടാകുകയും അതേത്തുടര്‍ന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിന്നീട് ഓരോ കഷ്ണവും മെഹ്‌റൗളി വനത്തിൽ എറിയാൻ അയാൾ എല്ലാ ദിവസവും രാത്രിയാകുമ്പോള്‍ പോകാറുണ്ടായിരുന്നു എന്നു പറയുന്നു. നവംബർ 12നാണ് അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Print Friendly, PDF & Email

Leave a Comment

More News