കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 26): ജോണ്‍ ഇളമത

തിളങ്ങുന്ന ചെറിയ ക്രിസ്റ്റല്‍ ഗ്ലാസ്സുകളില്‍ കോണിയാക്ക്‌ പകര്‍ന്ന്‌, മൈക്കിള്‍ആന്‍ജലോയ്ക്ക്‌ കൊടുത്ത്‌ വിറ്റോറിയാ അടക്കത്തില്‍ മൊഴിഞ്ഞു:

ഈ മദ്യം വൈനേക്കാള്‍ മുന്നാലിരട്ടി വീര്യം ഉള്ളതാണ്‌. വെള്ളം ചേര്‍ക്കാതെ ചെറിയ അളവില്‍ കഴിക്കാമെന്നാണ്‌ ടിറ്റിയാന്‍ പറഞ്ഞിരുന്നത്‌. ഫ്രാന്‍സില്‍ കൊട്ടാരവിരുന്നുകള്‍ക്കേ ഈ മദ്യം സാധാരണ വിളമ്പാറുള്ളു.

മൈക്കിള്‍ പ്രതിവചിച്ചു:

ടിറ്റിയാന്‍ വളരെ ആഡംബരത്തില്‍ കഴിയുന്ന ചിത്രകാരനാണെന്നാണ്‌പൊതുവേ കേള്‍ക്കുന്നതുതന്നെ. ധാരാളം പ്രശസ്തരായ സുന്ദരികള്‍ പങ്കെടൂക്കുന്ന സഹൃദയവിരുന്നുകള്‍. ടിറ്റിയാന്‍ വീണ്ടും റോമിലേക്ക്‌ വരുന്നുണ്ട്‌, ചിത്ര പ്രദര്‍ശനവുമായി. അതോടൊപ്പം വലിയ ഒരു വിരുന്നൊരുക്കുന്നുണ്ട്‌. ഈയിടെ അയാള്‍ വരച്ച പരിശുദ്ധമറിയമിന്റെ സ്വര്‍ഗ്ഗാരോഹണം സകല ചിത്രകാരന്മാരെയും ഞെട്ടിച്ചിട്ടുണ്ട്‌. പ്രത്യേകതരം ചായയ്ക്കൂട്ടുകള്‍ കടുത്ത നിറങ്ങളുടെ മിശ്രിതം എന്നിവകൊണ്ട്‌ അവ മിഴികളില്‍ കുളിര്‍മഴ പെയ്യിക്കുമെന്നാണ്‌ കേള്‍ക്കുന്നത്‌. ഫ്രാറയിലെ ബസിലിക്കായ്ക്കുവേണ്ടി വരച്ചതാണ്‌, രണ്ടുവര്‍ഷമെടുത്ത്‌. ഓയില്‍പെയിന്റ്‌ എന്ന എണ്ണയില്‍ ചാലിച്ച ചായ മിശ്രിതമാണതിന്റെ സവിശേഷത എന്നാണ്‌ പറച്ചില്‍. എണ്ണയില്‍ ചായങ്ങള്‍ ചേര്‍ത്തപരീക്ഷണം ആരും ഇതുവരെ ചെയ്തിട്ടില്ല പോലും. വിരുന്നിന്‌ താങ്കളേയും എന്നെയും ക്ഷണിക്കുന്നുണ്ട്‌. ആ ചിത്രം ബസിലിക്കയില്‍ വയ്ക്കും മുമ്പുള്ള പ്രദര്‍ശനമാണ്‌.

അന്നൊരു ദിവസം മൈക്കിള്‍ആന്‍ജലോയെ വിരുന്നിന്‌ ക്ഷണിക്കാന്‍ ടിറ്റിയാന്‍ അയച്ച കുതിര വണ്ടി വന്നു. മൈക്കിള്‍ ഓര്‍ത്തു;

തന്നെക്കാള്‍ പത്തുപതിമുന്നു വയസ്സിനു താഴെയുള്ള യുവാവായ ചിത്രകാരന്‍ ഭാവിയുടെ വാഗ്ദാനമാണ്‌. ചിത്ര രചനയുടെ മുഖച്ഛായ മാറ്റാന്‍ കെല്പുള്ള ചിത്രങ്ങള്‍ അയാളുടെ ഭാവനയില്‍ നിന്ന്‌ പിറന്നു വീഴുന്നത്‌ നവോത്ഥാനത്തിന്‌ മൂര്‍ച്ച വര്‍ദ്ധിപ്പിക്കും. നഗ്നതയും സ്ത്രൈണസൌന്ദര്യവും ആസ്വദിക്കാനാവാത്ത മനുഷ്യരുണ്ടോ? അവയെല്ലാം ജീവിതത്തിന്റെ ഉത്തേജനമല്ലേ, അതുതന്നെയല്ലേ മനുഷ്യരാശിയുടെ ആസ്തിത്വത്തിന്റെ അടിത്തറ!

ടിറ്റിയാന്‍, മൈക്കിള്‍ആന്‍ജലോയെ ഒരു പ്രഭുവിന്റെ ആദരവില്‍ത്തന്നെ സ്വീകരിച്ചു. അവിടെ പ്രശസ്തരായ കര്‍ദിനാളന്മാര്‍, പോപ്പിന്റെ പ്രതിനിധിയായ മോണ്‍സിഞ്ഞോര്‍, മെത്രാന്മാര്‍, പുരോഹിത പ്രമാണികള്‍ എന്നിവര്‍ക്കു പുറമേ പ്രശസ്തര്‍. കൂടുതലും കൂലീനകളായ സുന്ദരികള്‍. അവര്‍ പതിനാറാം നൂറ്റാണ്ടിന്റെ ഫാഷന്‍ ക്രമത്തെ വിളിച്ചോതുന്ന പ്രഭുകുമാരികള്‍, കാമം വിടര്‍ത്തുന്ന കടാക്ഷം ചൊരിയുന്ന സുന്ദരിമാര്‍. അവരുടെ വസ്ത്രധാരണവും, മുടിക്കെട്ടുകളും വിശേഷ രീതിയില്‍ത്തന്നെ. പിരിച്ചുകെട്ടി കിരീടങ്ങള്‍പോലെയുള്ള പലപല നിറങ്ങളില്‍, വെള്ളി, ചെമ്പന്‍, ബ്ലണ്ട്‌, കറുപ്പ്‌ നിറങ്ങളില്‍ മുടിയുള്ള സുന്ദരിമാര്‍.

മൈക്കിള്‍ആന്‍ജലോ അത്രയധികം സുന്ദരികളെ ഒരുമിച്ച്‌ കണ്ടപ്പോള്‍ ഓര്‍ത്തുപോയത്‌ ടിറ്റിയാന്റെ ആരാധകരായി ഇത്രയധികം സുന്ദരികളോ എന്ന്‌! അവര്‍ ചുറ്റിപ്പറക്കുന്ന ചിര്രശലഭങ്ങളെപ്പോലെ ടിറ്റിയാനെ വട്ടമിട്ട്‌ സായുജ്യമടയുന്നു. അക്കൂട്ടത്തില്‍ വിറ്റോറിയാ കൊളോണയുണ്ട്‌. സൊഫോനിസ്ബ എന്ന ചിത്രരചനക്കാരിയുണ്ട്‌. ഫാഷന്‍ പ്രചരിപ്പിക്കുന്ന പ്രശസ്തയായ ജിയോവന്ന എന്ന സുന്ദരിയുമുണ്ട്‌.

സ്ത്രീ സൗന്ദര്യം ആസ്വദിക്കാന്‍ താല്പര്യമില്ലാഞ്ഞിട്ടല്ല. മൈക്കിളിനെ സംബന്ധിച്ച്‌ സദാ ശില്പശാലയിലാണ്‌, ചില രാത്രികളില്‍ ഉറക്കംപോലും.

കരിങ്കല്‍പ്പൊടികളില്‍ അലിഞ്ഞ്‌ ശില്പവേലയിലാകുമ്പോള്‍ എവിടെ ഇതിനൊക്കെ നേരം? ഒരു ചിത്രം മനസ്സില്‍ കയറിയാല്‍ പിന്നെ അതു പിറന്നു വീഴുംവരെ ഭാവനയുടെ തേരിലാണ്‌. എന്നാല്‍ ടിറ്റിയാനെപ്പോലുള്ള ചിത്രകാരന്മാര്‍ക്ക്‌ ഏറെ സമയമുണ്ട്‌. പെയിന്റിങ്ങിന്റെ ഇടയ്ക്കുള്ള നീണ്ട വിശ്രമ വേളകള്‍. അവര്‍ അപ്പോള്‍ കുളിച്ച്‌ സുഗന്ധ തൈലങ്ങള്‍ പുശി, വിശേഷ വസ്ത്രങ്ങള്‍ ധരിച്ച്‌ സുന്ദരിമാരോടൊപ്പം വിഞ്ഞുശാലകളില്‍ പോയി വീഞ്ഞു കുടിച്ചു നൃത്തമാടി ജീവിതം ആഘോഷമാക്കും.

മാതാവിന്റെ സ്വര്‍ഗ്ഗാരോഹണം (അസംപ്ഷന്‍ ഓഫ്‌ ദ വെര്‍ജിന്‍!) അവ ഓയില്‍ പെയിന്റിങ്ങില്‍ തിളങ്ങുന്നതു മൈക്കിള്‍ആന്‍ജലോ നിര്‍ന്നിമേഷനായി നോക്കിനിന്നു. കടും ചായങ്ങളില്‍ ഒരു കവിത! പുതിയ കണ്ടുപിടുത്തം തന്നെ. ആരും നടത്താത്ത പരീക്ഷണം. ഒലിവെണ്ണയെ മയപ്പെടുത്തി ചായങ്ങള്‍ ചേര്‍ത്ത്‌ വരച്ച വലിയ ചിത്രം, ഏഴും നാലും മീറ്റര്‍ വലുപ്പത്തില്‍. തീര്‍ച്ചയായും ഇത്തരമൊന്ന്‌ വരയ്ക്കാന്‍ രണ്ടു വര്‍ഷമെടുത്തതില്‍ എന്തത്ഭുതം! ഫ്രാറിബസിലിക്കയ്ക്ക്‌ ഇതൊരു മുതല്‍ക്കുട്ടുതന്നെ. ആകാശത്തേക്ക്‌ എടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരിശുദ്ധ കന്യാമറിയം. ചുറ്റിലും പറന്നുയരുന്ന മാലാഖവൃന്ദം. ഉന്നതങ്ങളില്‍ കരം നീട്ടിയിരിക്കുന്ന തമ്പുരാനായ യഹോവ. താഴെ ഭൂമിയില്‍ ഭയത്തോടും ഭക്തിയോടുംകൂടി നില്‍ക്കുന്ന മനുഷ്യസമൂഹം. ചുറ്റിലും തൂവെള്ള മേഘപടലങ്ങള്‍! ഈ ഒരൊറ്റ ചിത്രം മാത്രം മതി ടിറ്റിയാനെ അനശ്വരനാക്കാന്‍! മൈക്കിള്‍ആന്‍ജലോയുടെ മനസ്സ്‌ ആ നല്ല കലാകാരന്‌ എല്ലാവിധ മംഗളങ്ങളും അര്‍പ്പിച്ചു.

വിരുന്നു സല്‍ക്കാരം പ്രഡഗംഭീരമായിരുന്നു. ദാസന്മാരും ദാസിമാരും ഒഴുകിനടന്ന്‌ മദ്യവും ഭക്ഷണവും വിളമ്പി. ഒലിവെണ്ണ പുരട്ടി കനലില്‍ പൊരിച്ച മുഴു പോര്‍ക്കുകള്‍, വിവിധതരം സാലഡുകള്‍, പാസ്റ്റാ, പിസൂട്ട, പലതരം ചീസുകള്‍, ബ്ലൂബറി, ബ്ലാക്ക്ബറി, റാസ്ബറി, ചെറി, ഓറഞ്ച്‌, മാതള നാരങ്ങാ എന്നിവ ആഡംബരത്തെ വിളിച്ചറിയിച്ചു. വിവിധതരം വീഞ്ഞുകള്‍. ചുവപ്പും വെളുപ്പും കൂടാതെ വീര്യം കൂടിയ കോണിയാക്കും അതിഥികളെ ഉന്മത്തരാക്കി. പിന്നീട്‌ ഇണകളായി പെലിക്കന്‍ പക്ഷികളെപ്പോലെ നൃത്തതളത്തില്‍ ഇറങ്ങി അവര്‍ നൃത്തമാടി. സുന്ദരിമാരെ ഇണകള്‍ മാറി മാറി നൃത്തത്തിന്‌ ക്ഷണിച്ച്‌ പൊടിപൊടിച്ചു.

വിറ്റോറിയാ കൊളോണ പതിവിലും അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നു. ഉടല്‍ ഒതുക്കിക്കെട്ടിയ തുവെള്ള പട്ടു കുപ്പായമണിഞ്ഞ്‌, വെള്ളത്തൊപ്പിയില്‍ നിറംപടിപ്പിച്ച തുവലുകള്‍ തിരുകി തിരമാലപോലെ ആഘോഷത്തില്‍ ഒഴുകി നടക്കുന്നത്‌ മൈക്കിള്‍ആന്‍ജലോ ശ്രദ്ധിച്ചു. അവളിന്ന്‌ ആഘോഷത്തിന്റെ ആനന്ദ ലഹരിയിലാണ്‌. പലതവണ ടിറ്റിയനുമായി അവള്‍ നൃത്തം ചെയ്തു. മുന്തിയ വീഞ്ഞിന്റെ ലഹരി അവളുടെ കണ്ണുകളില്‍ കത്തിനിന്നിരുന്നു. എല്ലാം മറന്നവള്‍ ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു. വിറ്റോറിയായെ ഇത്രയധികം സന്തോഷവതിയായി മുമ്പെങ്ങും മൈക്കിള്‍ കണ്ടിരുന്നില്ല. വിഷാദം കലര്‍ന്ന പുഞ്ചിരി എന്നു മാത്രം തോന്നത്തക്ക വിധത്തിലുള്ള പെരുമാറ്റവും അടുപ്പവും മാത്രമേ എല്ലായ്പ്പോഴും കണ്ടിട്ടുള്ളൂ. എന്താകാം കാരണമെന്ന്‌ മൈക്കിള്‍ ആലോചിച്ചിരിക്കെ അവള്‍ കൊഞ്ചിക്കുഴഞ്ഞു വന്ന്‌ മൈക്കിളിന്റെ ചെവിയില്‍ അടക്കം പറഞ്ഞു;

ടിറ്റിയാനും ഞാനുമായി പ്രണയത്തിലായിരുന്നു. ഇന്ന്‌ അതിന്‌ തീരുമാനമുണ്ടായി. അയാള്‍ എന്റെ വിരലുകളില്‍ വജ്ര മോതിരമണിയിച്ചു. ഇന്നു മുതല്‍ ഞങ്ങള്‍ കമിതാക്കളല്ല. എന്നെ സ്‌നേഹിക്കുന്ന എന്റെ ഭാവി ഭര്‍ത്താവാകാമെന്ന്‌. ഉടമ്പടി മോതിരം അയാളെന്നെ ഇന്നണിയിച്ചു. ഞങ്ങള്‍ അടുത്തുതന്നെ വിവാഹിതരായി ഒന്നിച്ചു താമസിക്കും. എന്നു കരുതി മൈക്കിളൂമായുള്ള സൌഹൃദം ഞാന്‍ ഉപേക്ഷിക്കുമെന്നതിനര്‍ത്ഥമില്ല. എല്ലാക്കാര്യങ്ങള്‍ക്കും ഒരു സമയമുണ്ടല്ലോ, അപ്പോഴേ അതു നടക്കു. എന്താണ്‌ മൈക്കിളിന്റെ അഭിപ്രായം?

മൈക്കിള്‍ആന്‍ജലോ പുഞ്ചിരിച്ചു പറഞ്ഞു:

എല്ലാം നല്ലതിനു തന്നെ. അയാള്‍ ഭവതിക്ക്‌ നന്നേ യോജിക്കും. വളരെ ഭാവിയുള്ള ചെറുപ്പക്കാരനായ ചിത്രകാരന്‍. എന്തുകൊണ്ടും അയാള്‍ വിറ്റോറിയായിക്ക്‌ ഒരു പുതിയ ജീവിതം നല്‍കും. എന്നെപ്പോലെ ഒരാള്‍ക്ക്‌ പറഞ്ഞിട്ടുള്ളത്‌ ഇത്തരമൊരു കുത്തഴിഞ്ഞ ജീവിതം തന്നെ. അതിലെനിക്ക്‌ പരാതിയോ പരിഭവമോ ഇല്ല. അല്ലെങ്കില്‍ത്തന്നെ ആ ജീവിതം ഞാന്‍ ഇഷ്ടപ്പെടൂന്നതാണല്ലോ. അല്ലെങ്കില്‍ തിരഞ്ഞെടുത്തതാണല്ലോ! ഒരു ശില്പിയായി കരിങ്കല്‍ഗന്ധം ശ്വസിച്ച്‌ ജീവിച്ച്‌ മരിക്കുന്നതാണ്‌ എന്റെ സന്തോഷം. ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത ഒരു പക്ഷിയെപ്പോലെ. എന്റെ ഭാവനയില്‍, കല്ലുകളില്‍ വിരിയുന്ന വിഗ്രഹങ്ങളാണ്‌ എന്റെ കുടുംബം. ഒരിക്കലും പരാതി പറയുകയോ പരിഭവം നടിക്കുകയോ ചെയ്യാത്ത ശില്പങ്ങള്‍!

വീണ്ടും കുറേ നാളുകള്‍കൂടി കടന്നുപോയപ്പോള്‍ അവിശ്വസിക്കാനാവാത്ത വാര്‍ത്ത കുതിര വണ്ടിയില്‍ എത്തിയ വിറ്റോറിയാ കൊളോണായുടെ പ്രരിചാരിക അല്‍ബീന അറിയിച്ചു:

വളരെ സങ്കടകരമായ വാര്‍ത്ത പറയാനാണ്‌ ഞാന്‍ വന്നത്‌. അല്‍ബീന ഒന്നു നിര്‍ത്തി. അക്ഷമനായി നിന്ന മൈക്കിളിന്റെ കണ്ണുകളിലേക്ക്‌ നോക്കി തുടര്‍ന്നുപറഞ്ഞു വിതുമ്പി:

ഇന്നലെ വെളുപ്പിനെ വിറ്റോറിയാ മരണപ്പെട്ടു!

ഞെട്ടലില്‍ നിന്നുണര്‍ന്ന്‌ മൈക്കിള്‍ആന്‍ജലോ ചോദിച്ചു.

വിറ്റോറിയായോ! എങ്ങനെ?

പെട്ടെന്നൊരു പനി വന്നു. രണ്ടു ദിവസം കൊണ്ട്‌ കടുത്തു. ഭിഷഗ്വരന്മാരുടെ മരുന്നുകളൊന്നും ഫലിച്ചില്ല. ഏതോ അജ്ഞാത രോഗം! രോഗനിര്‍ണ്ണയം പോലും അസാധ്യമായിരുന്നു. തുള്ളല്‍പ്പനിയും കടുത്ത ശ്വാസംമുട്ടലും. ടിറ്റിയാനെ വിവരം അറിയിച്ചിട്ടുണ്ട്‌. അദ്ദേഹമങ്ങു മിലാനില്‍ നിന്നെത്തണമെങ്കില്‍ രണ്ടു ദിവസം പിടിച്ചേക്കും. അതുകൊണ്ട്‌ മൃതദേഹം വാസനത്തൈലം പൂശി ഭൂമിക്കടിയിലുള്ള തണുത്ത മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മരിക്കും മുമ്പ്‌ ടിറ്റിയാനേയും മൈക്കിള്‍ആന്‍ജലോയെയും കാണാന്‍ വിറ്റോറിയാ തത്രപ്പെട്ടിരുന്നു. അതുകൊണ്ട്‌ എന്റെ കൂടെ അങ്ങ്‌ വന്ന്‌ മൃതശരീരത്തോട്‌ ആദരവ്‌ പ്രകടിപ്പിക്കാന്‍ താല്പര്യപ്പെടുന്നു.

മൈക്കിള്‍ആന്‍ജലോ, അല്‍ബീനായ്ക്ക്‌ ഒപ്പം പുറപ്പെട്ടു. അയാളുടെ മനസ്സ്‌ നീറി. എത്ര പെട്ടെന്ന്‌ മരണങ്ങള്‍ നടക്കുന്നു. ഈയിടെ റാഫേല്‍ കണ്‍മുമ്പില്‍നിന്ന്‌ മറഞ്ഞു. അതിനുശേഷം വിറ്റോറിയാ! കണ്ടുപിടിക്കാനാകാത്ത കാരണങ്ങള്‍. അതേ, അതുതന്നെ. ജീവിതം ഒരു സമസ്യപോലെ. അതിന്റെ പൊരുള്‍ എന്താകും? ജനിക്കുമ്പോഴേ ഒരോരുത്തരുടെ ശിരസ്സിലും അത്‌ എഴുതിവെച്ചിട്ടുണ്ടല്ലോ! എപ്പോള്‍ മരണമെന്ന്‌. എത്ര മോഹങ്ങളോടെയാണ്‌ മരണത്തിനു തൊട്ടുമുമ്പുവരെ വിറ്റോറിയാ കഴിഞ്ഞിരുന്നത്‌! തകര്‍ക്കപ്പെട്ട മോഹഭംഗങ്ങളിലൂടെ ഒഴുകിപ്പോയ ഒരു നദിപോലെ. വീണ്ടും അവള്‍ ഒരു ഉള്‍ക്കടലില്‍ പ്രവേശിച്ചു, ഒരു സമുദ്രത്തെ പുണരാനുള്ള ആവേശത്തോടെ! പക്ഷേ, വിധി ആരേയും കാത്തുനില്‍ക്കില്ലല്ലോ!

വിറ്റോറിയായുടെ ജഡത്തിനു മുമ്പിലെത്തി. പതിവിലും സുന്ദരിയായിഉറങ്ങിക്കിടക്കുന്നു അവള്‍. ഇനി ഒരിക്കലും ഉണരാത്തവിധം. ജീവിത സങ്കല്പങ്ങള്‍ക്കുവേണ്ടി പടവെട്ടി മരിച്ച മറ്റൊരു ക്ലിയോപാട്രാ, ആത്മഹത്യയല്ല എന്നു മാത്രം. സ്വന്തം സങ്കല്പങ്ങള്‍ക്ക്‌ പോരാടിയ ധീരവനിത! സ്നേഹത്തിന്‌ ദാഹിച്ച്‌, കൈവരിക്കാനാവാത്ത കാലത്തിനപ്പുറത്തേക്ക്‌ വാടിക്കൊഴിഞ്ഞു പോയ ഒരു പനിനീര്‍ പുവ്‌! അവളുടെ തലഭാഗത്തിനപ്പുറത്ത്‌ ഏതോ ശില്പി കൊത്തിയ ഒരു ക്രൂശിതരൂപം. അവയ്ക്കിരുപുറവും കത്തി ഉരുകിക്കൊണ്ടിരിക്കുന്ന രണ്ടു വലിയ മെഴുകുതിരികള്‍. വെള്ളയിലുള്ള മെഴുകുതിരിക്കാലൂകളില്‍. അതിനപ്പുറത്ത്‌ വിവിധതരം സുഗന്ധ പുഷ്പങ്ങള്‍ ഒരു വലിയ പൊക്കമുള്ള പൂക്കൂടയില്‍ നിറഞ്ഞു നില്‍ക്കുന്നു.

മൈക്കിള്‍ആന്‍ജലോ, നിലത്തു മുട്ടുകുത്തി വിറ്റോറിയായുടെ തണുത്തു മരവിച്ച വലതുകരം ചുംബിച്ചു. വിതുമ്പി എണീറ്റു. അപ്പോള്‍ പൂക്കുടരയില്‍ നിന്ന്‌ വെളുപ്പില്‍ സ്വര്‍ണ്ണ വരകളുള്ള ഒരു ചെറിയ ചിത്രശലഭം പറന്നുയരുന്നതു കണ്ട്‌ അയാള്‍ നിശ്ചലനായി. ആ ചിത്രശലഭം തുറന്നിട്ട ജനാല വഴി ആകാശത്തിലേക്ക്‌ പറന്നു പോകുന്നതു വിസ്മയത്തോടെ അയാള്‍ കണ്ടു. മൈക്കിളിന്റെ കണ്ണില്‍നിന്ന്‌ രണ്ടുതുള്ളി കണ്ണീര്‍ അടര്‍ന്നുവീണു. അപ്പോള്‍ മൈക്കിള്‍ആന്‍ജലോയുടെ മനസ്സ്‌ മന്ത്രിച്ചു:

“എനിക്കുവേണ്ടി കാത്തുകിടന്ന വിറ്റോറിയാ, നിന്റെ ആത്മാവിന്‌ ഞാന്‍ ശാന്തിയും സമാധാനവും നേരുന്നു!”

(തുടരും…)

Print Friendly, PDF & Email

Leave a Comment

More News