അന്തരിച്ച ഉമ്മൻചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച നടന്‍ വിനായകന് നോട്ടീസ് നൽകുമെന്ന് പോലീസ്

എറണാകുളം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടൻ വിനായകനെതിരെ പൊലീസിന്റെ കർശന നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് പോലീസ് പറഞ്ഞു. എറണാകുളം നോർത്ത് പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാൻ ആയിരുന്നു നടന് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതിന്റെ കാരണം പോലീസിനെ അറിയിച്ചതുമില്ല. അന്വേഷണ സംഘം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി പുതിയ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.

ഏഴ് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. നോട്ടീസ് നേരിട്ട് നൽകാനാണ് ശ്രമം. കലാപത്തിന് ആഹ്വാനത്തിനും, മൃതദേഹത്തെ അവഹേളിച്ചതിനുള്ള വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് പോലീസ് പറയുന്നത്.

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കേസ് എടുക്കാൻ നോർത്ത് പോലീസിന് നിർദ്ദേശം നൽകി. അതിനിടെ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് പിന്നാലെ വിനായകന്റെ ഫ്‌ളാറ്റിന് നേരെ ആക്രമണമുണ്ടായി.

Print Friendly, PDF & Email

Leave a Comment

More News