നിപ പ്രതിരോധം: അകറ്റി നിര്‍ത്തപ്പെട്ടവരും നിയന്ത്രിത മേഖലയിലുള്ളവരും ഇ-സഞ്ജീവനി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: രോഗപ്രതിരോധത്തിന്റെ ഭാഗമായി അകറ്റി നിര്‍ത്തപ്പെട്ടവരും നിയന്ത്രിത മേഖലകളിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ശക്തിപ്പെടുത്തി പ്രത്യേക നിപ ഒ.പി ആരംഭിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഇ-സഞ്ജീവനി നിപ ഒ.പി സേവനം ലഭ്യമാകുക. സമ്പർക്ക പട്ടികയിൽ ഉൾപെട്ടിട്ടുള്ളവരും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം.

ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഇതുകൂടാതെ ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനം വഴി ഡോക്ടർ ടു ഡോക്ടർ സേവനവും ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും എല്ലാ സൂപ്പർ സ്‌പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാക്കാൻ കഴിയുന്നു.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾക്കായി https://esanjeevani.mohfw.gov.in എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=hied.esanjeevaniabopd.com മൊബൈലിൽ ഡൌൺലോഡ് ചെയ്തു ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ, ലാപ്‌ടോപോ അല്ലെങ്കിൽ ടാബോ ഉണ്ടെങ്കിൽ https://esanjeevani.mohfw.gov.in എന്ന സൈറ്റിൽ പ്രവേശിക്കാം. അതിനു ശേഷം patient എന്ന option ക്ലിക്ക് ചെയ്ത ശേഷം പ്രസ്തുത വ്യക്തികൾ ഉപയോഗിക്കുന്ന ആക്ടീവായ, SMS സൗകര്യമുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന OTP നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്യുക. അതിനു ശേഷം consult now എന്ന ഐക്കൺ ക്ലിക്ക് ചെയ്ത ശേഷം chief complaints എന്ന optionൽ നിങ്ങളുടെ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ രേഖപ്പെടുത്തുക. അതിനു ശേഷം സേവ് & നെക്സ്റ്റ് എന്ന option ക്ലിക്ക് ചെയ്യുകയും നിങ്ങൾ രേഖപ്പെടുത്തിയ രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുക. തുടർന്ന് വലതു വശത്തെ arrow mark ൽ ക്ലിക്ക് ചെയ്ത ശേഷം query option നിർബന്ധമായും ഫിൽ ചെയ്യുക. അടുത്തതായി വരുന്ന Within state only എന്ന option കൊടുക്കുകയും OPD സെലക്ട് ചെയ്യുകയും ചെയ്യുക. തുടർന്ന് ഡോക്ടർനെ സെലക്ട് ചെയ്ത് കാൾ ചെയ്ത ശേഷം കൺസൾട്ടേഷൻ പൂർത്തിയാക്കാം. ഒ.പി. കൺസൾട്ടേഷൻ പൂർത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൌൺലോഡ് ചെയ്തു തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ വാങ്ങാവുന്നതാണ്

പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News