ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ ഒരിറ്റു ചോര ചീന്താതെ (ലേഖനം): ജയൻ വർഗീസ്

ഹോമോ സാപ്പിയൻസ് എന്നറിയപ്പെടുന്ന മനുഷ്യാവസ്ഥയുടെ ചരിത്രത്തിന് ഏകദേശം രണ്ടു ലക്ഷംവർഷങ്ങളുടെ പഴക്കമേയുള്ളുവെന്ന് ശാസ്ത്രം പറയുന്നു. കൃത്യമായിപ്പറഞ്ഞാൽ 190000 വർഷത്തിനും 135000 വർഷത്തിനും ഇടയിലുള്ള ഒരു കാലഘട്ടത്തിലാണ് ആദിമ മനുഷ്യൻ പ്രത്യക്ഷപ്പെട്ടത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.

ആഫ്രിക്കൻ വൻകരയുടെ എത്യോപ്യൻ മേഖലയിൽ എവിടെടോ ഉടലെടുത്ത ഈ പ്രത്യേക ജീവി വർഗ്ഗത്തിൽനിന്ന് രണ്ടു കാലിൽ എഴുന്നേറ്റു നിന്ന് നടന്നു തുടങ്ങിയവർ വന്നത് മുപ്പത്തഞ്ച് ലക്ഷം വർഷങ്ങൾക്ക്മുൻപായിരുന്നു എന്ന മുൻ നിഗമനം തിരുത്തിക്കുറിച്ചു കൊണ്ടാണ് ഈ പുത്തൻ കാലഗണന. വെട്ടലുംതിരുത്തലും ശാസ്ത്ര നിഗമനങ്ങളുടെ കൂടപ്പിറപ്പ് ആയതു കൊണ്ടു തന്നെ ഇതൊന്നുമല്ലാത്ത പുത്തൻ കാലഗണന ഇനിയും വന്നേക്കാം.

അലഞ്ഞ് നടന്ന് ആഹാരം കണ്ടെത്തിയിരുന്ന ആദിമ അവസ്ഥയിൽ നിന്ന് ഒരിടത്ത് നിന്ന് ആഹാരംഉൽപ്പാദിപ്പിക്കാവുന്ന സൂത്രമായ കൃഷി കണ്ടെത്തി പ്രയോഗിച്ചു തുടങ്ങിയിട്ട് പതിനായിരം വർഷങ്ങൾആയിട്ടേയുള്ളുവത്രേ ! എന്നിരുന്നാലും ഈയൊരു വഴിത്തിരിവിന് ശേഷമാണ് മനുഷ്യ മുന്നേറ്റത്തിലെമഹത്തായ മറ്റനേകം കാൽവയ്പുകൾക്ക് കാലം വേദികയാവുന്നത്.

തനിക്ക് ലഭ്യമായ പ്രക്രുതി വസ്തുക്കളെ തന്റെ ഇരതേടലിനും ഇണചേരലിനും അനുകൂലമായ തരത്തിൽ മെരുക്കിയെടുക്കുന്നതിനുള്ള ആദിമ മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശം തന്നെയായിരുന്നു ആധുനികതയുടെ ഇന്നുകളിൽ വരെ നില നിൽക്കുന്ന നമ്മുടെ ശാസ്ത്ര കണ്ടെത്തലുകൾ. പ്രകൃതിയുടെകൂർപ്പുകളെയും മൂർപ്പുകളെയും തനിക്കനുകൂലമായി മാറ്റി മറിക്കുന്നതിന് വേണ്ടി അവൻ കണ്ടെത്തിരൂപപ്പെടുത്തിയ സഹായ വസ്‌തുക്കൾ ആയിരുന്നു കൂർപ്പിച്ച കല്ലിൻ കഷ്ണം മുതൽ ഗോളാന്തര യാത്രകൾക്ക്വേണ്ടി കൂർപ്പിച്ചെടുത്ത കൂറ്റൻ റോക്കറ്റുകൾ വരെയുള്ള വൻപിച്ച സാങ്കേതിക വിദ്യകൾ !

ഈ കണ്ടെത്തലുകളിൽ ഇന്നേറ്റവുമേറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം ഗോളാന്തര യാത്രകളാണ്. മഞ്ഞും കുളിരുംമഴവില്ലും വിരിഞ്ഞു നിന്ന ഭൂമിയിൽ നിധിയറയിൽ കയറിയ കള്ളനെപ്പോലെ കയ്യിൽ കിട്ടിയതെല്ലാം വാരിവലിച്ചിട്ടു നശിപ്പിക്കുമ്പോൾ മനുഷ്യനും അവന്റെ ശാസ്ത്രവും അറിഞ്ഞില്ല ഇന്നല്ലെങ്കിൽ നാളെ ‘ ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ? ‘ എന്ന് പാടേണ്ടി വരുമെന്ന് ?

അപ്പോൾപ്പിന്നെ ഭൂമിക്കു പുറത്തൊരു ഭൂമി എന്ന വാഗ്ദാനവുമായി ശാസ്ത്രം വരുമ്പോൾ കയ്യിൽ കാശുള്ളവൻവെറുതേ ഇരിക്കുമോ? തിങ്കളിലോ ചൊവ്വായിലോ പത്തേക്കർ സ്ഥലം പതിച്ചു വാങ്ങി അവിടെ ഒരു എ. സി. ബംഗ്ലാവും പണി കഴിപ്പിച്ച് ചെമ്മീനിലെ ചെമ്പൻ കുഞ്ഞിനെപ്പോലെ ‘ ചക്കീ ഇഞ്ഞി നമാക്കൊന്നുസുഖിക്കണമെടീ ’ എന്ന വിടുവായത്തവും പാടിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ആധുനിക ബുദ്ധി ജീവികൾ.

ഇത് നടപ്പിലാകുവാനുള്ള പ്രായോഗിക തടസ്സങ്ങൾ വളരെയാണ് എന്നത് ‘ മനുഷ്യ കുടിയേറ്റം മറ്റു ഗ്രഹങ്ങളിൽ ‘ എന്ന എന്റെ മുൻ ലേഖനത്തിൽ ഞാൻ വിശദീകരിച്ചിരുന്നു. പ്രകാശം ഇന്ധനമാക്കുന്ന കാലം വന്നാലും പ്രകാശവേഗത്തിൽ സഞ്ചരിച്ചാലും സൗരയൂഥത്തിന് പുറത്തു കടക്കുക അത്രക്കങ്ങ് പ്രായോഗികമല്ല. മനുഷ്യൻ എന്നപ്രപഞ്ച കഷണത്തിന് പ്രവർത്തിക്കാൻ കഴിയുന്ന കാലം പരമാവധി നൂറു വർഷങ്ങളുടെ ചുറ്റു വട്ടങ്ങളിൽപരിമിതപ്പെടുത്തിയിട്ടുണ്ട് എന്നതാണ് അതിനുള്ള പ്രധാന തടസ്സം.

മനുഷ്യന് വേണ്ടി അണിയിച്ചൊരുക്കിയ ഈ ഭൂമിയിൽ മനുഷ്യവാസം അസാദ്ധ്യമാവുന്ന ഒരു കാലം വന്നാൽ സൗരയൂഥത്തിലെ മറ്റു ഗൃഹങ്ങളിലും അവയുടെ ഉപഗ്രഹങ്ങളിലും ആ പുത്തൻ അവസ്ഥയുടെ അനുരണനങ്ങൾ ഉണ്ടാവും എന്നത് നിഷേധിക്കാനാവാത്ത സത്യമായി നില നിൽക്കും. അപ്പോൾപ്പിന്നെ സൗരയൂഥം പാടേ ഉപേക്ഷിച്ചു കൊണ്ട് തൊട്ടടുത്ത സാദ്ധ്യതയായ പ്രോക്സിമാ സെഞ്ചൂറിയെ ലക്‌ഷ്യം വച്ച് യാത്ര വേണ്ടി വരും. ഈ അയൽക്കാരനാവട്ടെ നാലേകാൽ പ്രകാശ വിവശങ്ങൾക്ക്‌ അകലെയാണ് നിൽക്കുന്നത് എന്നതിനാൽ ഇരുപത്തി അഞ്ചിലധികം ട്രില്യൺ മൈലുകൾക്കും അപ്പുറത്താണ് സ്ഥാനം. നിലവിലുള്ള വേഗതയിൽ ഒരായുഷ്‌ക്കാലം കൊണ്ടൊന്നും മനുഷ്യന് അവിടെയെത്താൻ സാധ്യമേയല്ല എന്നത് പകൽ പോലെ വ്യക്തമാണ്.

ഭാവിയിലെ ഗോളാന്തര യാത്രകൾക്കുള്ള പേടകങ്ങളിൽ കുടുംബങ്ങളെ മൊത്തമായി അയച്ചു കൊണ്ട് പ്രശ്നംപരിഹരിക്കാം എന്നൊരു നിർദ്ദേശം നമ്മുടെ ഇസ്രോയുടെ ഉത്തരവാദപ്പെട്ട ഒരാൾ ചാനൽ ഇന്റർവ്യൂവിൽ പറഞ്ഞത്ചിന്താ ശേഷിട്ടുള്ള ചിലരിലെങ്കിലും ചിരി പടർത്തിയിട്ടുണ്ടാവും എന്ന് കരുതുന്നു.

ഒന്നാലോചിക്കൂ, ഭാര്യയും ഭർത്താവും കുട്ടികളും കൂടി യാത്ര. അപ്പനമ്മമാർ മരിക്കുമ്പോൾ പേടകത്തിൽ സംസ്ക്കരിക്കാം. അതിനും ഇന്ധനചിലവുണ്ട്. ഇന്ധനം ലാഭിക്കണം എന്നുണ്ടെങ്കിൽ ശവം ശൂന്യാകാശത്തിലേക്കു വലിച്ചെറിയാം. ശൂന്യാകാശത്തിൽ എത്തുന്ന വസ്തുക്കൾക്ക് പെട്ടെന്ന് മാറ്റം സംഭവിക്കുന്നില്ല എന്നതിനാൽ ആളെ അനശ്വരനാക്കി എന്ന് ആശ്വസിക്കുകയുമാവാം ?

പ്രായ പൂർത്തിയാവുന്ന മക്കൾ ഇണചേർന്ന് വീണ്ടും കുട്ടികളെ ജനിപ്പിക്കണം. കൂടെയുള്ളത് പെങ്ങളായതിനാൽ അടുത്ത പേടകത്തിലുള്ള പെണ്ണിനെ തേടേണ്ടി വരും. പോക്സോ നിയമങ്ങൾ അവിടെയും നിലവിലുണ്ടെങ്കിൽതാലിയെന്ന നമ്പർ പ്ളേറ്റ് ചാർത്തി ശരിക്കും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യേണ്ടി വരും. അതിനായിപള്ളീലച്ചനേയോ ക്ഷേത്ര പൂജാരിയെയോ മോസ്‌ക്കിലെ മൊല്ലാക്കയേയോ സബ് രെജിസ്ട്രാരെയോ ആദ്യമേകൂടെ കൊണ്ട് പോകണം. അവർക്കും മരണമുണ്ട്‌ എന്നതിനാൽ അവരുടെ കുടുംബത്തെയും കൂടെ കൂട്ടണം.

അഥവാ കൂടെ കൂട്ടിയാലും അവരുടെ മക്കളെ യോഗ്യന്മാരാക്കുവാനുള്ള സെമിനാരി ആദിയായവകൾ വേറെ പേടകത്തിൽ കൊണ്ട് പോകണം. അങ്ങിനെയുണ്ടാവുന്ന കുട്ടികൾക്കും സമാന പ്രശ്നങ്ങൾ നേരിടേണ്ടി വരും. ചെറുക്കന്റെ സ്റ്റാറ്റസിന് പറ്റിയ പെണ്ണിനെക്കിട്ടാൻ പല പേടകങ്ങളിലും മാറിമാറി നോക്കേണ്ടി വരും. പ്രസവിക്കാൻആശുപത്രി പേടകങ്ങൾ വേറെ വേണം. കുട്ടികളെ നോക്കാൻ ആയപ്പേടകങ്ങൾ, പഠിപ്പിക്കാൻ സ്‌കൂൾ കോളേജ്പേടകങ്ങൾ, അവിടേക്കുള്ള ഉപകരണങ്ങൾ ഉണ്ടാക്കാബുള്ള ഫാക്ടറി പേടകങ്ങൾ. ഇങ്ങനെ ഇപ്പോൾഭൂമിയിലുള്ള മിക്ക സെറ്റപ്പുകളും ശൂന്യാകാശത്ത് ഒരുക്കി ഒപ്പം കൊണ്ട് പോയാൽ മാത്രമേ നമ്മുടെതൊട്ടയൽക്കാരനായ പ്രോക്സിമ സെഞ്ചുറിയുടെ ഏതെങ്കിലും ഗ്രഹത്തിൽ ഒന്ന് കാല് കുത്താൻസാധിക്കുകയുള്ളു.

“ അപ്പച്ചാ എത്തിപ്പോയി “ എന്ന് വിളിച്ച്‌ അവിടെയും മന സമാധാനത്തോടെ കഴിയാം എന്നാണോ മോഹം ? നടക്കില്ല. അപായ വേഗത്തിൽ ആൻഡ്രോമീഡിയ പാഞ്ഞു വരുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ മിൽക്കിവേയെഇടിച്ചു പൊടിക്കും. അത് കൊണ്ട് തന്നെ ദീർഘ വീക്ഷണമുള്ള നമ്മുടെ ശാസ്ത്രം പേടകം അവിടെ ഇറക്കില്ല. ഇതിന് രണ്ടിനും പുറത്തുള്ള ലോക്കൽ ഗ്രൂപ്പിലെ ഏറ്റവും അടുത്തുള്ള ഒന്നിലേക്ക് തന്നെ പോകും.

അവിടെ ഏറ്റവും അടുത്തതിലേക്ക് 20000 മുതൽ 70000 വരെ എൽ. വൈ ആണ് ദൂരം. അതായത് ഏകദേശംപതിനഞ്ച് ലക്ഷം കോടി മൈലുകൾക്കും അപ്പുറം. അവിടെയെത്തണമെങ്കിൽ ശരാശരി 25 വർഷത്തിൽ തലമുറആവർത്തിക്കുന്ന മനുഷ്യന്റെ അറുപതിനായിരം കോടിയിൽ അധികം മനുഷ്യ തലമുറകൾ ജനിച്ചു മരിച്ചുജനിക്കേണ്ടതുണ്ട്. ഇത്രയും തലമുറകൾ എത്രയോ പേടകങ്ങളിലായി ജനിച്ചു മരിക്കേണ്ടി വന്നിട്ടാവുംഅവസാനത്തെ ആൾ അവിടെയെത്തുക ? എത്ര മനോഹരമായ amനടക്കാത്ത സ്വപ്നമാണ് നമ്മുടെ ശാസ്ത്രംനമുക്ക് വേണ്ടി ഒരുക്കുന്നതെന്ന് നിങ്ങൾ അറിയുന്നുണ്ടോ സഹ സാപ്പിയൻമാരെ ? !
ഇനി അത്രയും ദൂരം യാത്ര ചെയ്തു പറന്നെത്തുമ്പോൾ അതവിടെ ഉണ്ടോ എന്നത് ഇപ്പഴേ ഉറപ്പിക്കാനാവില്ലഎന്നതാണ് വേറൊരു സത്യം. ഇന്നിപ്പോൾ നമ്മുടെ ദൂര ദർശിനികൾ കണ്ടത് ഇരുപതിനായിരം മുതൽഎഴുപതിനായിരം എൽ. വൈ. വരെ അപ്പുറത്തുള്ള ഇമേജുകൾ ആണ്. ഒരു പ്രകാശ വർഷം എന്നത് നമ്മുടെ 6 ട്രില്യൻ സാധാരണ വർഷങ്ങളാണ് എന്നതിനാൽ നമ്മുടെ വർത്തമാനവസ്ഥയിൽ ഇന്ന്, ഇപ്പോൾ നാംകാണുന്നത് 20000+ x 6 ട്രില്യൺ = വർഷങ്ങൾ വരുന്ന മഹാ കാലത്തിനു മുൻപുണ്ടായിരുന്ന ഇമേജുകളാണ്. അത്രയും കാലം മുൻപ് അവിടെ നിന്ന് സഞ്ചാരം ആരംഭിച്ച പ്രകാശം ഇപ്പോളാണ് നമ്മുടെ ദൂരദർശിനിയിൽഎത്തുന്നത് എന്നത് തന്നെ അതിന് കാരണം.

നിരന്തര മാറ്റങ്ങൾക്കു വിധേയമാവുന്ന പ്രപഞ്ചത്തിൽ ഇതിനകം എന്തെന്ത് മാറ്റങ്ങൾ സംഭവിച്ചിരിക്കും എന്ന്ആരറിയുന്നു ? സാധാരണയായി മുപ്പതിനായിരത്തിനും നാല്പതിനായിരത്തിനും ദിവസങ്ങൾക്കിടയിൽ ജീവിതചക്രം പൂർത്തിയാക്കുന്ന മനുഷ്യൻ എന്ന പ്രപഞ്ച കഷണത്തിൽ ഇതിനിടയിൽ എന്തെന്ത് മാറ്റങ്ങളാണ്സംഭവിക്കുന്നതെന്ന് നാം നേരിൽ കണ്ടുകൊണ്ടേയിരിക്കുകയാണ്. മനുഷ്യനേക്കാൾ എത്രയോ വലിയകഷണങ്ങളായ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലുമെല്ലാം ആനുപാതികമായി ഈ മാറ്റംസംഭവിക്കുന്നുണ്ടായിരിക്കണമല്ലോ? അതല്ലേ യുക്തി സഹമായ ശാസ്ത്രം ?

ഇതെല്ലം നമ്മൾ എന്ന ഈ സാധുജീവികളെ നിരന്തരം ഓർമ്മപ്പെടുത്തുന്ന ഒന്നുണ്ട്. നാമെത്ര വളർന്നാലുംനമുക്കപ്രാപ്യമായ മായാ മരീചിക തന്നെയാണ് നമ്മുടെ മഹാ പ്രപഞ്ചം. ഒരമ്മ തൊട്ടിൽ കെട്ടുന്ന കരുതലോടെസംഭവിച്ചിരിക്കുന്ന ഈ മനോഹര ഭൂമിയിൽ നമുക്ക് വേണ്ടതെല്ലാം ക്രമമായി ഭവിക്കുന്നതിനുള്ള ബൗദ്ധികസംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും കുരങ്ങന്റെ കയ്യിൽക്കിട്ടിയ പൂമാല പോലെ എല്ലാം കശക്കിയെറിഞ്ഞിട്ട്അവനെക്കൊണ്ട് അത് ചെയ്യിച്ച ശാസ്ത്രം തന്നെ ഇപ്പോൾ രക്ഷക വേഷമണിഞ്ഞ് അവനെയും കൂട്ടി പുത്തൻമേച്ചിൽപ്പുറങ്ങൾ തേടുകയാണ് – എന്തൊരു ലജ്‌ജാവാഹമായ വിരോധാഭാസം ?!

കോടാനുകോടി ഡോളറുകൾ വലിച്ചെറിഞ്ഞ് കൊണ്ട് പ്രപഞ്ച നിഗൂഢതകളിലേക്ക് ഊളിയിടുന്ന ശാസ്ത്രംഭൂമിയിലെ മനുഷ്യന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് മുൻഗണനാ ക്രമത്തിൽനടപ്പിലാക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു. റിയാക്ടർ വേസ്റ്റുകൾ കൊണ്ട് കടലിനെ നിറയ്ക്കുമ്പോളുംകാർബൺ ഡൈയോക്സൈഡ് കൊണ്ട് ഓസോണിനെ തുളയ്ക്കുമ്പോളും ഇന്നല്ലെങ്കിൽ നാളെ ഇരിക്കുന്നകൊമ്പ് മുറിക്കുന്ന വിഡ്ഢിയുടെ വേഷമാണ് തങ്ങൾ അണിയുന്നതെന്ന് നമ്മുടെ ശാസ്ത്രത്തിന് അറിഞ്ഞുകൂടായിരുന്നോ എന്നാണ് എന്റെ എളിയ ചോദ്യം.

എത്ര കാലം സഞ്ചരിച്ചിട്ടാണ് പ്രകാശം നമ്മുടെ ദൂര ദർശനികളിൽ പതിക്കുന്നത് എന്നതിനെഅടിസ്ഥാനമാക്കിയിട്ടാണ് ഒബ്ജക്ടുകളുടെ പഴക്കം ശാസ്ത്രം കണക്കാക്കിയിട്ടുള്ളത് എന്നു പറഞ്ഞുവല്ലോ ? അങ്ങിനെ നോക്കുമ്പോൾ ഏറ്റവും പഴക്കമുള്ള പ്രകാശം വന്നിട്ടുള്ളത് ബിഗ്ബാങ്ങിൽ നിന്നുള്ളതാണെന്ന്ശാസ്ത്രം പറയുന്നു. ആ പ്രകാശത്തിന് 1380 കോടി കൊല്ലങ്ങൾ പഴക്കമുള്ളതിനാലും അതിനേക്കാൾപഴക്കമുള്ള മറ്റ് പ്രകാശങ്ങൾ കണ്ടെത്തിയില്ലാ എന്നതിനാലും അവിടം മുതലേയുള്ളു പ്രപഞ്ചം എന്നവർപറയുന്നു.

ഇത് ശരിയല്ല. നിങ്ങൾ ജനിച്ചതിനു ശേഷമേയുള്ളു നിങ്ങൾ എന്ന് പറയുന്നത് ഒരർത്ഥത്തിൽശരിയായിരിക്കാമെങ്കിലും ജനിക്കുന്നതിനു മുമ്പേയും നിങ്ങളുണ്ട്. മറ്റൊരർത്ഥത്തിൽ പിന്നിലുള്ള അനേകായിരംസാഹചര്യങ്ങളുടെ പിന്തുടർച്ച മാത്രമാണ് നിങ്ങൾ എന്ന് കാണാം. ഇങ്ങിനെ ചിന്തിക്കുമ്പോൾ ബിഗ്ബാങ് നമ്മൾനിൽക്കുന്ന ഭാഗത്തു സംഭവിച്ച ഒരു വികാസ പരിണാമം മാത്രമാണ് എന്നതല്ലേ ശരി ?

ബിഗ്‌ബാംഗിന് മുമ്പുള്ളതെല്ലാം 00 ആണെന്ന് ചാടിക്കയറി പറഞ്ഞതാണ് ശാസ്ത്രത്തിനു പറ്റിയ മണ്ടത്തരം എന്ന്എനിക്ക് തോന്നുന്നു. ചില അക്കാദമിക് ശാസ്ത്രജ്ഞന്മാർ ഇത് സ്ഥാപിക്കാനായി ചാനലുകളിൽ ഞെളിപിരികൊള്ളുന്നതും ചിലപ്പോളൊക്കെ കാണാറുണ്ട്. എന്നിട്ടും അവർക്ക് ബിഗ്‌ബാംഗിന് മുമ്പും ചില സത്യങ്ങൾഉണ്ടായിരുന്നതായി സമ്മതിക്കേണ്ടി വരുന്നുണ്ട്. ബിഗ്‌ബാംഗിന് പെറ്റു വീഴാനായി ഒരു ശൂന്യാകാശം, ബിഗ്ബാങ്സംഭവിക്കാനായി രൂപപ്പെട്ട ചിന്താതീതമായ ഒരു ചൂടൻ പ്രതിഭാസാവസ്ഥ,, ശാസ്ത്ര വിശകലനങ്ങൾക്ക്വഴങ്ങാത്ത ’ പ്ലാങ്ക് എപ്പോക് ‘ എന്ന എന്തോ ഒന്ന്., അങ്ങിനെയങ്ങിനെ പലതും?

നമ്മുടെ ബിഗ്ബാങ് പോലെ അനേകം വികാസങ്ങൾ ഉണ്ടായിരിക്കാമെന്നും അവിടങ്ങളിലും ഇത്തരം പ്രപഞ്ചങ്ങൾഉണ്ടായിരിക്കാം എന്നും സ്റ്റീഫൻ ഹോക്കിങ്‌സ് സംശയിക്കുന്നതിന്റെ കാരണവും ഇതായിരിക്കാം. എന്നാൽ ആവാദങ്ങളെ നിഷ്ക്കരുണം തള്ളിക്കളഞ്ഞു കൊണ്ടാണ് നമ്മുടെ ശാസ്ത്രജ്ഞന്മാർ അവരുടെ സ്വന്തംബിഗ്‌ബാംഗിൾ നീരുറുമ്പിനെപ്പോലെ കടിച്ചു തൂങ്ങുന്നത്!

പ്രപഞ്ചം അനാദ്യന്തമാണ്‌ എന്ന ദാർശനിക കാഴ്ചപ്പാട് കാലം പുറത്തു വിട്ടത് ആരിലൂടെ ആണെന്ന് നിശ്ചയമില്ല. എങ്കിലും മാനവ ചരിത്രത്തിന്റെ ആദികാലം മുതൽ ആ ചിന്ത നിലവിലുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന പ്രായോഗികചിന്തകനായ മൈത്രേയൻ ഈ ചിന്തയുടെ ശക്തനായ വക്താവാണ്. പ്രപഞ്ചത്തിന്‌ തുടക്കവും ഒടുക്കവുംഇല്ലെന്നും അത് നിതാന്തമായി നിലനിൽക്കുന്നതാണെന്നും അതിൽ മാറ്റങ്ങൾ മാത്രമേ സംഭവിക്കുന്നുള്ളു എന്നുംഅദ്ദേഹം സമർത്ഥിക്കുന്നു.

എന്നാൽ മൈത്രേയന് കണ്ടെത്താൻ കഴിയാത്ത ഒരു സിങ്കുലാരിറ്റിയുടെ സാന്നിദ്ധ്യം ശാസ്ത്രംഅംഗീകരിക്കുന്നുണ്ട്. ശാസ്ത്ര നിർവചനങ്ങളുടെ മുഴക്കോലുകൾക്ക് വഴങ്ങാത്തതും മനുഷ്യ ചിന്തകൾക്ക്മനസിലാക്കാൻ ആവാത്തതുമായ ഈ ശാക്തിക പ്രഭാവം പ്രപഞ്ചത്തിൽ സ്ഥിരമായി ഉള്ളതും അതിന്റെവ്യത്യസ്തങ്ങളായ ചിന്താ രൂപങ്ങളുടെ പ്രാക്ടിക്കൽ പെർഫോമൻസ് തന്നെയാണ് ബിഗ്ബാങ് ഉൾപ്പടെയുള്ളപ്രാപഞ്ചിക പരിണാമങ്ങൾക്ക് വഴി തുറന്നത് എന്നും ശാസ്ത്രം ഇവിടെ പരോക്ഷമായി അംഗീകരിക്കുകയാണ്ചെയ്യുന്നത്.

ഭൗതികവും ആത്മീകവുമായ ഈ തലങ്ങളെ ആദ്യം ഒന്നായി കാണുന്നത് ശങ്കരനാണ്. ശങ്കര ദർശനത്തിൽ ഇവിടെ ശാസ്ത്രത്തിന് പോലും തർക്കമില്ല. അത് കൊണ്ടാണ് അവർ പ്രപഞ്ചത്തിൽ തന്നെ ഉൾക്കൊണ്ടിട്ടുള്ളശാക്തിക സംവിധാനത്തിന് സിങ്കുലാരിറ്റി എന്ന പേര് ചാർത്തി അംഗീകരിക്കുന്നത്. ആദ്യം അവരത്ബിഗ്‌ബാംഗിൽ കണ്ടെത്തി എന്ന് പറഞ്ഞു. വീണ്ടും ബ്ലാക്‌ഹോളുകകിൽ കണ്ടെത്തി എന്ന് പറഞ്ഞു. അന്വേഷണംതുടരുകയാണ്. ഇനി എവിടെയെല്ലാം കണ്ടെത്താനിരിക്കുന്നു? ഗാലക്സികളിൽ, നക്ഷത്രങ്ങളിൽ, ഗ്രഹങ്ങളിൽ, ഗ്രഹ ജീവിയായ എന്നിൽ, എന്റെ കാൽച്ചുവട്ടിലെ പുല്ലിൽ, പുല്ലിലിരിക്കുന്ന കുഞ്ഞു പുഴുവിൽ …..?

ഇതിൽ മൈത്രേയന് മനസ്സിലാവാത്തത് ഏത് ഭാഗമാണെന്ന് മനസ്സിലാവുന്നില്ല. പ്രപഞ്ച കഷണമായ മനുഷ്യൻഎന്ന ഭൗതിക വസ്തുവിൽ അതിന്റെ റിങ് മാസ്റ്ററായി വർത്തിക്കുന്ന ആത്മ ചൈതന്യം എന്ന അദ്വൈത സത്തതന്നെയല്ലേ ആനുപാതികമായ അളവിൽ പ്രപഞ്ചത്തോളം വലിയ ഒരു വലിയ ഒന്നിന്റെ ചിന്താ സാന്നിധ്യമായിവെളിവാകുന്നത് ? പ്രപഞ്ചത്തിനു പുറത്ത് അതിന്റെ സൃഷ്ടാവിനെ അന്വേഷിക്കുന്നവരിൽ നിന്ന്സ്വാഭാവികമായും ഉണ്ടായേക്കാവുന്ന കല്ലുകടികൾ മാത്രമായി ഇതിനെ വിലയിരുത്താവുന്നതാണ് എന്ന് എനിക്ക്തോന്നുന്നു.

1380 കോടി കൊല്ലങ്ങളാണ് പ്രപഞ്ചത്തിന്റെ പ്രായം എന്ന ശാസ്ത്ര നിഗമനം പോലും തെറ്റാണെന്നുതെളിയിക്കുന്ന ചില കണ്ടുപിടുത്തങ്ങൾ നമ്മുടെ ഹബ്ബിൾ സ്‌പേസ് ടെലെസ്കോപ് നടത്തിക്കഴിഞ്ഞു എന്നത്ശാസ്ത്രജ്ഞന്മാരെപ്പോലും ചിന്താക്കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. പ്രസ്തുത ടെലിസ്‌കോപ്പ് കണ്ടെത്തിയ ഒരുവിദൂര ഗാലക്സിയിലെ ബ്ലാക് ‌ഹോളിന്റെ പ്രായം 1300 കോടി കൊല്ലങ്ങൾക്കും മേലെയാണ് എന്ന്ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടതാണ് പ്രശ്നമായത്.

ബിഗ്‌ബാങിലൂടെ വികാസം ആരംഭിച്ച ദ്രവ്യം 250 മില്യൺ വർഷങ്ങൾ വരെയും വാതകങ്ങളുടെയുംപൊടിപടലങ്ങളുടെയും കൂമ്പാരമായ വെറും നെബുലകളായി സ്ഥിതി ചെയ്യുകയായിരുന്നു എന്നും അതിന്ശേഷമാണ് ഗുരുത്വാകർഷണത്താൽ ഒന്നുചേർന്ന് നക്ഷത്രങ്ങളായി രൂപം മാറുന്നത് എന്നും ശാസ്ത്രംപറയുന്നുണ്ട്. ഇതിനു വളരെ വലിയ ഒരു കാലം ആവശ്യമുണ്ട്. ഇങ്ങനെ രൂപം കൊള്ളുന്ന ഈ നക്ഷത്രങ്ങൾസുദീർഘമായ ഒരു കാല ഘട്ടം വരെയും അങ്ങിനെ കത്തിത്തിളങ്ങി നിൽക്കും. നമ്മുടെ സൂര്യൻ തന്നെ ഏകദേശം500 കോടി കൊല്ലങ്ങളായി കത്തി നിൽക്കുന്നു. ഇനിയൊരു 500 കോടി കൊല്ലങ്ങൾ കൂടി കത്തി നിൽക്കുംഎന്നാണ് നിഗമനം. സൂര്യൻ അത്ര വലിയ ഒരു നക്ഷത്രം അല്ലാതിരുന്നിട്ടു കൂടി ആയിരം കോടി വർഷമാണ്ആയുസ്സ്.

ഈ ബൃഹുത്തായ കാല ദൈർഘ്യത്തിന് ശേഷമാണ് ഓരോ നക്ഷത്രവും കത്തിത്തീർന്ന് റെഡ് ജയന്റായിവളർന്നു വികസിച്ച് സൂപ്പർനോവയിൽ പൊട്ടിച്ചിതറി നെബുലകളായി ( ഡസ്റ്റ് ആൻഡ് ഗ്യാസ് ) രൂപം മാറുന്നത്. ഈ നെബുലാ ക്ലസ്റ്ററുകളിൽ നിന്ന് വേണം ഗുരുത്വാകർഷണത്താൽ വീണ്ടും ഒന്ന് ചേർന്ന് ബ്ലാക് ഹോളുകളുംഗാലക്സികളും നക്ഷത്രങ്ങളും ഒക്കെയായി രൂപം മാറുവാൻ.

ഈ പ്രിക്രിയക്ക് ചിന്തനാതീതവും സുദീർഘവുമായ ഒരു കാലഘട്ടം തന്നെ വേണ്ടി വരും എന്നിരിക്കെയാണ്, ഗാലക്സികളുടെ മദ്ധ്യ ഭാഗത്ത് കാണപ്പെടുന്ന മാസീവ് ബ്ലാക് ഹോളുകളിലൊന്ന് നമ്മുടെ ടെലിസ്കോപ്പ്കണ്ടെത്തുന്നത്. ശാസ്ത്രീയ പരിശോധനയിൽ ഈ ബ്ലാക് ഹോളിന്റെ പ്രായം നമ്മുടെ ബിഗ്‌ബാംഗിനോളംവരുമെന്ന് കണ്ടെത്തിയതോടെ ശാസ്ത്ര ലോകം ഞെട്ടിത്തെറിക്കുകയായിരുന്നു. ബിഗ്‌ബാംഗ് സംഭവിച്ച 1380 കോടി കൊല്ലങ്ങൾക്കും എത്രയോ മുൻപേ ആരംഭിച്ച ഒരു പ്രിക്രിയയുടെ ബാക്കി പത്രം ആയിട്ടായിരിക്കണം ഈബ്ലാക് ഹോളിനു ഇത്രയും പഴക്കം വന്നിട്ടുണ്ടാവുക? വാമനാവതാരത്തിനു ശേഷം വന്ന പരശുരാമൻമഴുവെറിഞ്ഞിട്ടാണ് കേരളമുണ്ടായതെന്നും ആ കേരളം ഭരിച്ചിരുന്ന മാവേലിയെയാണ് യുഗങ്ങൾക്ക് മുൻപേ വന്നവാമനൻ അന്ന് ചവിട്ടിത്താഴ്ത്തിയതെന്നും പറഞ്ഞ് ഓണം ആഘോഷിച്ച് കള്ളടിക്കുന്ന മലയാളിയുടെ നിലവാരത്തിലേക്ക് താഴ്ന്നു നിൽക്കുകയാണ് ഇപ്പോൾ നമ്മുടെ ബിഗ്ബാങ് !

എത്രയൊക്കെ ശാസ്ത്രീയ വിശകലനങ്ങൾ നടത്തി അപഗ്രഥിച്ചാലും ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളുടെനിത്യ വിസ്മയവുമായി അനാഘ്രാതമായ സത്യ പ്രപഞ്ചം അകലെ നിൽക്കും. അനാദ്യന്തമായ അതിന്റെ സർഗ്ഗഭണ്ഡാഗാരത്തിൽ നിന്ന് മനുഷ്യനായി രൂപപ്പെട്ട നക്ഷത്ര കഷണത്തിന്റെ അകത്തെ സിങ്കുലാരിറ്റിയായ ബോധസ്വരൂപമാണ് യഥാർത്ഥ മനുഷ്യൻ എന്നതിനാൽ ആ മനുഷ്യനുവേണ്ടി അളന്നു കിട്ടിയ അവകാശമാന് ഭൂമി. അതിന്റെ നൈസർഗ്ഗിക സുരക്ഷിതത്വം കാത്തു സൂക്ഷിക്കുകയും, ഇനി വരാനിരിക്കുന്ന ആയിരമായിരംതലമുറകൾക്ക് വേണ്ടി അത് കരുതി വയ്ക്കുകയും ചെയ്തു കൊണ്ട് നമ്മുടെ കാലഘട്ടത്തെപ്രകാശമാനമാക്കുകയാണ് നമ്മുടെ കടമ.

അനുഭവ സമസ്യകളെ ആസ്വാദ്യകരമായി പൂരിപ്പിക്കുന്നതിനുള്ള ആത്മാവ് പേറുന്നവനാണ്‌ മനുഷ്യൻഎന്നതിനാൽ പ്രപഞ്ച തറവാട്ടിൽ നിന്ന് അവനു വേണ്ടി അളന്നു കിട്ടിയ അത്യപൂർവ്വമായ തറവാട്ട്‌ സ്വത്താണ്നമ്മുടെ ഭൂമി. അഹിംസാത്മകമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ അനാദ്യന്തമായ പ്രപഞ്ചം പോലെഒരിക്കലും അവസാനിക്കാത്ത അനുഗ്രഹമായി വരാനിരിക്കുന്ന മനുഷ്യ തലമുറകൾക്ക് വേണ്ടി ഇവിടെഇതുണ്ടാവും..

ഒരു തുള്ളി കണ്ണീർ വീഴ്ത്തിക്കാതെ ഒരിറ്റു ചോര ചിന്തിക്കാതെ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ ജീവിതംഅനുഭവിക്കുക എന്നതാണ് നമ്മുടെ ധർമ്മം. നിരന്തര മാറ്റങ്ങൾക്ക് വിധേയമാവുന്ന പ്രപഞ്ചത്തിൽ ഇപ്പോൾ നാംഈ രൂപത്തിൽ ആയിരിക്കുന്നത് പോലെ വരാനിരിക്കുന്ന ആയിരമായിരം രൂപങ്ങളിലും ഭാവങ്ങളിലും ഇനീയുംനാമുണ്ടാവും !

എന്നാൽ ഇത് നിഷേധിച്ചു കൊണ്ട് ഈ മനോഹര ഭൂമിയുടെയും ഇവിടെ രൂപപ്പെട്ട മനോഹര മനുഷ്യരാശിയുടെയും അവസാനം ആരോപിക്കുന്നവർ കള്ളന്മാരാണ് എന്ന് നാം തിരിച്ചറിയണം. നിർഭാഗ്യവശാൽഅതിന്റെ മുൻപന്തിയിൽ നിൽക്കുന്നത് മതവും ശാസ്ത്രവും ആണെന്നുള്ളതാണ് യാഥാർഥ്യം. മതം ദൈവത്തെകൂട്ട് പിടിച്ചു കൊണ്ടും ശാസ്ത്രം തങ്ങളുടെ നിഗമനങ്ങളെ കൂട്ട് പിടിച്ചു കൊണ്ടും ഇത് ചെയ്തുകൊണ്ടേയിരിക്കുന്നു.

ഈ രണ്ടു കൂട്ടരും ഇത് പറയാൻ യോഗ്യരാണോ എന്ന സാര സംശയത്തിന് അല്ല എന്ന് തന്നെയാണ്ശരിയുത്തരം. എന്തുകൊണ്ടെന്നാൽ കടൽത്തീരത്തെ ഒരു മണൽത്തരി എഴുന്നേറ്റ് വന്ന് നാളെ കടല് വറ്റിപ്പോകുംഎന്ന് ആശങ്കപ്പെടുന്നത് പോലെയേ അതുള്ളൂ എന്നത് കൊണ്ട് തന്നെ ?

അവർ മുന്നോട്ട് വയ്ക്കുന്ന നിഗമനങ്ങളും തെളിവുകളും തങ്ങളുടെ കൊച്ചു കൊച്ച് അറിവുകളുടെ കുഞ്ഞുകുഞ്ഞു കക്കകളിൽ മഹാ പ്രപഞ്ച വരണ വാരിധിയിലെ മഹാജലം കോരിത്തീർക്കാൻ ശ്രമിക്കുന്ന കൊച്ചുകുട്ടിയുടേത് പോലെ ബാലിശമാണ്. അത് കൊണ്ട് തന്നെ അത്യുജ്ജ്വലമായ ആത്മ നിറവുകളുടെആർജ്ജവത്തോടെ കച്ചവട താല്പര്യങ്ങളുള്ള അത്തരം പ്രസ്ഥാനങ്ങളെ സംഘടിതമായി തള്ളിക്കളഞ്ഞുകൊണ്ടുള്ള മാനവിക മുന്നേറ്റമാണ് മനുഷ്യ രാശിയുടെ അനിവാര്യമായ ഇന്നത്തെ ആവശ്യം, അഭിവാദനങ്ങൾ !!

Print Friendly, PDF & Email

Leave a Comment

More News