ഫ്ലൂ (അദ്ധ്യായം – നാല്): ജോണ്‍ ഇളമത

സെലീന ഡേവിനെ കുടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്‌ അപ്പോഴാണ്‌. അവന്റെ അറിവ്‌. അവന്റെ എല്ലാ സംഭാഷണങ്ങളും അവള്‍ കൗതുകത്തോടെ കേട്ടിരുന്നു. തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, ചരിത്രം. ചരിത്രത്തോട്‌ ഏറെ കമ്പം തോന്നി. നാട്ടിലെ പ്ലസ് ടുവും, അല്ലങ്കില്‍ ഡിഗ്രിതന്നെ വെറും പരീക്ഷകള്‍ക്കുള്ള പഠനം തന്നെ. മനസ്സില്‍ പതിഞ്ഞു നില്‍ക്കാത്ത പഠനങ്ങള്‍ക്കെന്തര്‍ത്ഥം? അറിവ്‌ അന്വേഷണമാണ്‌. അതിന് ഏറ്റവും നല്ല ഉപാധി വായന പോലെതന്നെ സഞ്ചാരവുമാണ്. പറഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ ഇരുവരും സഞ്ചാരപ്രിയരായി മാറി. കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നത് നേരില്‍ കാണുന്നത് കൗതുകരമല്ലേ!

അവധിക്കാലത്ത്‌ ഞങ്ങള്‍ വിനോദസഞ്ചാരങ്ങള്‍ നടത്തി. ഫ്ലോറന്‍സില്‍ തന്നെ എന്തെന്തു കാഴ്ചകള്‍! മദ്ധ്യകാലഘട്ട യുറോപ്പിന്റെ ചരിത്രത്തെപ്പറ്റി ഡേവ്‌ വാചാലനകാന്‍ കാരണം മൈക്കിള്‍ആന്‍ജലോ എന്ന മഹാശില്പിയുടെ വിശ്വവിഖ്യാതമായ ഡേവിഡിന്റെ പ്രതിമ കണ്ടു നിന്നപ്പോഴായിരുന്നു. ഫ്ലോറന്‍സിലെ ഗലേറിയാ ഡെല്‍ അക്കദിമയായിലുള്ള പ്രതിമ.

വെണ്‍ക്കല്ലില്‍ കൊത്തിയ മനോഹരമായ ഒരു കവിത പോലെ എനിക്കനുഭവപ്പെട്ടു. പതിനേഴടി പൊക്കമുണ്ട്‌. ഇടതു തോള്‍ മുകളിലേക്കുയര്‍ത്തി വലതു തോള്‍ താഴേക്ക്‌ ചായ്ച്ച്‌, ഇടതു കൈയ്യില്‍ പുറത്തേടു ചേര്‍ത്ത ചെറിയ സഞ്ചിയുടെ അഗ്രം കൂട്ടിപിടിച്ച്‌ പഴയ നിയമത്തിലെ ഡേവിഡ്‌ ഞങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നു. നഗ്നനായ ഡേവിഡിനെ കണ്ട്‌ എനിക്കല്‍പ്പം നാണം തോന്നാതിരുന്നില്ല. എങ്കിലും പാശ്ചാത്യരെ സംബന്ധിച്ച്‌ അത്‌ അത്ര ഗാരവമുള്ളതുതന്നെയല്ലല്ലോ!

അപ്പോള്‍ ഡേവ്‌ വാചാലനാകാനാരംഭിച്ചു…..

“ഇറ്റലി സന്ദര്‍ശിക്കുന്നവര്‍ ഫ്ലോറന്‍സില്‍ വന്ന്‌ ഈ പ്രതിമ കാണാതെ പോവില്ല. ഒരുപക്ഷേ ഈ ശിലപ്പത്തിന്റെ ആകര്‍ഷണകത ഡേവിഡിന്റെ നഗ്നത തന്നെ. അതിന്‌ മഹാശില്പിയായായിരുന്ന മൈക്കിള്‍ആന്‍ജലോയുടെ
ന്യായീകരണം എന്തായിരുന്നന്നല്ലേ!”

അല്പ്പം ജാള്യതയോടെ ഞാന്‍ പറഞ്ഞു….

“എന്തായിരുന്നാലും പൊതുസ്ഥലത്ത്‌ വെച്ചിരിക്കുന്ന ഒരു പ്രതിമയല്ലേ! അരയെങ്കിലും മറക്കാനുള്ള വിവേക ബുദ്ധി മഹാനായ ശില്പി മൈക്കിള്‍ആന്‍ജലോ കാണിച്ചില്ലല്ലോ!”

ഡേവിഡ്‌ ആ ചിത്തക്കു തടയിട്ടു.

“അങ്ങനെ ചിന്തിക്കുന്നതിലേറെ ഒരു ശില്പത്തിന്റെ പൂര്‍ണ്ണുത നഗ്നതതന്നെ എന്ന എല്ലാ ചിത്രകാരന്മാരും ശില്പികളും ചിന്തിച്ചിരുന്ന ഒരുകാലത്തെ അല്ലേ ചരിത്രത്തില്‍ ‘നവോദ്ധാനം’ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. എന്നാല്‍, മൈക്കിള്‍ആന്‍ജലോയുടെ ശില്‍പ്പങ്ങള്‍ പ്രത്യേകതകള്‍ ഏറെയായിരുന്നു. നഗ്നതയും ആകാരവടിവും പ്രതിഫലിക്കുന്ന ശില്പ്പങ്ങള്‍. അവ അരമനകളിലും ആരാധനാലയങ്ങളിലും കണ്ണു ചിമ്മി ഉണര്‍ന്നപ്പോള്‍ യാഥാസ്ഥിതികര്‍ കണ്ണു മിഴിച്ചിരുന്നെങ്കില്‍ പില്‍ക്കാലങ്ങളില്‍ അവയൊക്കെ നാഗരികതയുടെ,പുതിയ ഉണര്‍വ്വിന്റെ
അടയാളമായി അംഗീകരിക്കപ്പെട്ടില്ലേ!”

അപ്പോള്‍ പഴയ നിയമത്തിലെ സാമുവേലിന്റെ പുസ്തകത്തിലെ ആട്ടിടയ ചെക്കനായ ദാവീദ്‌ സെലീനായുടെ മനസ്സില്‍ ഉയര്‍ത്തെണീറ്റു. ബെദ്‌ലഹേം‌കാകാരനായ ജെസ്സയുടെ ഇളയ പുത്രന്‍. മനോഹരമായ നയനങ്ങളും ചെന്നായുടെ ഉടലുമുള്ള ബലിഷ്ഠനായ ആട്ടിടയ യുവാവ്‌. ദേവദാരുമരങ്ങളുടെ നീണ്ട ശിഖരം പോലെ കഴത്തും വലിയ തലയുമുള്ളവന്‍. അവന് മീശ കുരുക്കാന്‍ തുടങ്ങിയിരുന്നതേയുള്ളൂ. ആരും അവനെ നോക്കി നിന്നുപോകും. അവന്റെ പുറത്തേക്കിട്ട സഞ്ചിയില്‍ പാറക്കഷണങ്ങളാണ്‌, കവിണയില്‍ കറക്കി എറിയാനുള്ള പാറക്കഷണങ്ങള്‍. അങ്ങനെയാണ്‌ ആട്ടിടയ യുവായ ദാവീദ്‌ ആജാനുബാഹുവായ ഗോലിയാത്തിനെ പാറക്കഷണം കൊണ്ട്‌ എറിഞ്ഞു വീഴ്ത്തി വധിച്ചത്‌. ഇസ്രായേലിന്റെ രക്ഷകനായ ദാവീദ് രാജാവ്‌, റോമാക്കാരുടെ അഭിമാനശില്പമായ ഡേവിഡ്‌!

പിന്നീട്‌ ഒരിക്കല്‍ ഞങ്ങള്‍ റോമിലേക്ക്‌ പോയി. മഹാശില്പികളും ചിത്രകാരന്മാരും സംഭവന ചെയ്തിട്ടുള്ള ചിത്രങ്ങളും ശില്പങ്ങളും കൊണ്ടു നിറഞ്ഞ പലയിടങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചു. ചരിര്രത്തില്‍ നിന്ന്‌ ഒരിക്കലും മായാത്ത സൃഷ്ടികള്‍. അവ ലോകം ഉള്ളിടത്തോളം കാലം ആ മഹാപ്രതിഭകളെ അനശ്വരരാക്കുന്നു. വത്തിക്കാന്‍ മ്യൂസിയത്തില്‍ വച്ചിട്ടുള്ള
ട്രാന്‍സ്ഫിഗറേഷന്‍, അല്ലങ്കില്‍ യേശു തമ്പുരാന്റെ രൂപാന്തരീകരണം. വിശ്വവിഖ്യത ചിത്രകാരനായ റാഫേലിന്റെ കൈവിരല്‍ തുമ്പില്‍ നിന്ന്‌ പൊട്ടി വിരിഞ്ഞ എണ്ണഛായാചിത്രം നോക്കിനില്‍ക്കവേ ഡേവ്‌ പറഞ്ഞു:

“വെറും മുപ്പത്തേഴു വര്‍ഷമേ ഈ പ്രതിഭ ഭൂമിയില്‍ ജീവിച്ചിരുന്നുള്ളു. മെല്ലിച്ച്‌ കൃശഗാത്രനായിരുന്ന ചെറുപ്പക്കാരന്‍. മൈക്കിള്‍ആന്‍ജലോയുടെ സമകാലികനായിരുന്നു. അക്കാലത്തെ ഏറ്റവും പുതുമ നിറഞ്ഞ പെയിന്‍റിങ്. ചായങ്ങള്‍കൊണ്ടുള്ള ഒരു മഹാത്ഭുതം! നിറങ്ങളുടെ സംയോജനത്തിലുള്ള പ്രത്യേകതയാണ്‌ ആ ചിത്രത്തിന്റെ പ്രത്യേകത. പ്രകാശങ്ങളും നിഴലുകളും വേര്‍തിരിഞ്ഞ്‌ ചായക്കൂട്ടിലുള്ള തിളക്കങ്ങളിലൂടെയുള്ള മാസ്മരികത!”

സെലീനാ ആ ചിത്രത്തിലേക്കുറ്റു നോക്കി. കണ്ണുകളിലേക്ക്‌ ദിവ്യപ്രകാശം ഒഴുകുന്ന ചിത്രം. തീര്‍ച്ചയായും അതിനൊരു മാസ്മരിക ശക്തിയുണ്ട്. അവളുടെ മനസ്സിലേക്ക്‌ പരിശുദ്ധാത്മാവ്‌ ഇറങ്ങിവരുന്നു എന്നു തോന്നി. ത്രീത്വത്തിലെ മിശിഹാ തമ്പുരാന്‍ മനുഷ്യരാശിയുടെ പാപ പരിഹാരത്തിനായി ഭൂമിയിലേക്ക്‌ മനുഷ്യരൂപം സ്വീകരിച്ച്‌ എത്തി എന്ന ക്രിസ്തീയ വിശ്വാസത്തെ വിളംബരം ചെയ്യുന്ന മനോഹര ചിത്രം. അവള്‍ ആ ചിത്രത്തിന്റെ മുമ്പില്‍ മുട്ടികുത്തി വണങ്ങി പരിസര ബോധമില്ലാത്തവളെപോലെ.

അതുകണ്ട്‌ ചിരിച്ചു പരിഹസിച്ച്‌ ഡേവ്‌ പറഞ്ഞു:

“എന്താ, സെലീനാ ഈ കാട്ടുന്നത്‌, ഇത്‌ മ്യൂസിയമല്ലേ? ഭക്തിപാരവശ്യമൊക്കെ പള്ളികള്‍ക്കകത്തോ, ബസിലിക്കകത്തോ
ആയാല്‍ പോരെ.”

ശരിയാണ്‌ അങ്ങനെ അങ്ങുതോന്നി. കുഞ്ഞുനാളില്‍ ആരംഭിച്ച ഭക്തിപ്രകടനം ഇപ്പോഴും അതേപടിയില്‍ തന്നെ നില്‍ക്കുന്നതോര്‍ത്ത്‌ അവള്‍ക്കും ജാജ്യത തോന്നാതിരുന്നില്ല.

സെലീനാ ചോദിച്ചു:

“ഇത്‌ ആര്‍ക്കുവേണ്ടി ആര്‍ വരപ്പിച്ചതാണ്‌!”

“ഇത്‌ പോപ്പ്‌ ലിയോ പത്താമന്റെ കാലത്ത്‌, കസിനായ പോപ്പ്‌ ക്ലമന്‍റ്‌ ഏഴാമന്റെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണത്തിന്‌ ലിയോ പത്താമന്‍ റാഫേലിനെകൊണ്ട്‌ വരപ്പിച്ചതാണ്‌. ഇനിയും ഇവിടെതന്നെ നമ്മള്‍ കാണാന്‍ പോകുന്നത്‌ സിസ്റ്റീന്‍ ചാപ്പലാണ്‌.
നമ്മുക്കങ്ങോട്ടുതന്നെ പോകാം. അവിടത്തെ കാഴ്ച്ചകള്‍ കാണേണ്ടതാണ്‌. ഒരു ചാപ്പല്‍ നിറയെ ചിത്രങ്ങള്‍. അവ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ തന്നെ അടയാളപ്പെടുത്തുകയല്ലേ എന്ന്‌ ഞാനോര്‍ക്കാറുണ്ട്‌. സെലീനയെ കൂടാതെ
സെമ്മനാരിയില്‍ ചേര്‍ന്ന കാലങ്ങളില്‍ ഞാനവിടം സന്ദര്‍ശിച്ചിട്ടുണ്ട്‌.”

“എന്താണ്‌ സൃഷ്ടി, സ്ഥിതി, സംഹാരം എന്നൊക്കെ പറയുന്നത്‌?”

“സെലീനാ,അത്‌ അവിടം സന്ദര്‍ശിക്കുമ്പോള്‍ പറഞ്ഞുതരാം. എങ്കിലെ അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാനാകൂ”

അടുത്തതായി ഞങ്ങള്‍ സിസ്റ്റീന്‍ ചാപ്പലിലേക്ക്‌ പുറപ്പെട്ടു. വലിയ തിരക്കായിരുന്നു. ലോകത്തെമ്പാടുമുള്ളവര്‍ തിക്കിതിരക്കി നടന്നുപോകുന്നു. വൃദ്ധജനങ്ങള്‍, യുവാക്കള്‍, കൗമാരക്കാര്‍, കുട്ടികള്‍, പല നിറക്കാര്‍, തരക്കാര്‍. എങ്കിലും അവരുടെ ദൃഷ്ടികളിലും, ചലനങ്ങളിലും ഭക്തിയും അത്ഭുതപാരവശ്യവും നിറഞ്ഞുനില്‍ക്കുന്നു എന്ന്‌ സെലീനാക്കു തോന്നി.

അവളോര്‍ത്തു…. നന്നായി ഒരു കൂട്ടകാരനെ കിട്ടിയത്‌. പ്രത്യേകിച്ച്‌ ഭാവി വരന്‍ എന്ന കരുതുന്ന അറിവുള്ള അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍. അല്ലെങ്കില്‍ സ്ട്രസ്സുള്ള ഒരു ജോലിയുമായി വീട്ടിലിരുന്ന്‌ മുഷിയുന്നത്‌ കഠിനമായിരിക്കുമല്ലോ. അപ്പോഴൊക്കെ എന്താണ്‌ ഓര്‍ക്കാനുള്ളത്.. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മള്‍. അത്‌ സ്ട്രസ് കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയല്ലേയുള്ളു.

ഞങ്ങള്‍ മനോഹരമായ സിസ്റ്റീന്‍ ചാപ്പലിലെത്തി.

ഡേവ്‌ വീണ്ടും വാചാലനായി…

“ഇതാണ്‌ ഞാന്‍ പറഞ്ഞ സൃഷ്ടി, സ്ഥിതി, സംഹാരത്തിന്റെ മുഴുചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചാപ്പല്‍. അതായത്‌ വിശുദ്ധ വേദപുസ്തകത്തിലെ കാതലായ ഭാഗങ്ങള്‍ മുഴുവന്റെയും ദൃശ്യാവിഷ്ക്കാരം. നോക്കൂ, എത്ര മനോഹരമായ ചിത്രങ്ങള്‍.”

“ആരാണിതൊക്കെ വരച്ചതെന്നറിയാമോ!”

“ആരാണ്‌?”

“മൈക്കിള്‍ആന്‍ജലോ എന്ന മഹാശില്പിക്ക് ചിത്രരചനയില്‍ ഒരു പൊന്‍തുവല്‍കൂടി ചാര്‍ത്തി കൊടുത്ത ചിത്രങ്ങളാണിവയെല്ലാം. എന്നാല്‍ ഇവ വരക്കാന്‍ പ്രേരിപ്പിച്ചതും നിര്‍ബന്ധിച്ചതും പോപ്പ്‌ ജൂലിയസ്‌ രണ്ടാമനാണ്. വളരെ കര്‍ക്കശനായ പോപ്പ്‌! താന്‍ ഒരു ശില്പിയാണെന്നുറച്ചു നിന്ന മൈക്കിള്‍‌ആന്‍ജലോയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ ഇതാരംഭിച്ചത്‌. ഇതിന്റെ പേരില്‍ കര്‍ക്കശക്കാരനായ പോപ്പും, കടുംപിടുത്തക്കാരനായ മൈക്കിള്‍‌ആന്‍ജലോയും
പലതവണ തെറ്റിപിരിഞ്ഞിട്ടുണ്ട്‌. എങ്കിലും തിരുവായ്ക്ക്‌ എതിര്‍വായ്‌ ഇല്ലാതിരുന്നതുകൊണ്ട്‌ മൈക്കിള്‍ആന്‍ജലോ മനസ്സില്ലാമനസ്സോടെ ഇതു തുടങ്ങി. സൃഷ്ടി ആദിമതാപിതാക്കളുടെ പറുദീസാ നിഷ്‌കാസനം, നോഹ്‌, പ്രളയം എന്നീ പഴയ നിയമത്തില്‍ തുടങ്ങി തിരുപിറവിക്കു ശേഷം അപ്പസ്തോലന്മാര്‍ വരെ വരച്ച്‌ തീര്‍ന്നപ്പോള്‍ നാലു സംവത്സരങ്ങള്‍
പിന്നിട്ടു. അപ്പോഴേക്കും മഹാശിപ്പിയായ മൈക്കിള്‍ആന്‍ജലോ ചിത്രരചനയിലും മുടിചൂടാമന്നനായി എന്ന തിരിച്ചറിവ്‌ ആ പ്രതിഭയെ സന്തോഷചിത്തനാക്കി.”

സെലിനാ ചുറ്റിലും കണ്ണോടിച്ചു. മനോഹരമായ ചാപ്പല്‍. മുകള്‍കത്തട്ടിലും ഇരുവശങ്ങളിലും, അള്‍ത്താരഭിത്തിയിലും നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ എണ്ണഛായാ ചിത്രങ്ങള്‍. ഇന്നും മങ്ങലേല്‍ക്കാതെ വൈദ്യുത വെളിച്ചത്തിന്റേയും കണ്ണാടിച്ചില്ലുകളുടെയും ഒഴുകിവരുന്ന സൂര്യപ്രഭയിലും മിന്നി പ്രകാശിക്കുന്നു.

സെലീനായുടെ അത്ഭുത മനസ്സിന്റെ ചെപ്പു തുറന്നു. അവള്‍ കണ്‍കുളിര്‍ക്കെ വിശുദ്ധ ബൈിളിന്റെ ആ ദൃശ്യാവിഷ്ക്കരണം ഭക്തിപൂര്‍വ്വം ആസ്വദിച്ചു. ആ കാഴ്ചചകള്‍ക്കു ശേഷം അവളുടെ കണ്ണുകള്‍ ഉടക്കിയത്‌ അള്‍ത്താര ഭിത്തിയിലെ ചിത്രങ്ങളിലാണ്. സെലീനാ അങ്ങോട്ടേക്ക്‌ ഡേവിന്റെ ശ്രദ്ധ തിരിച്ചുവിട്ട്‌ ചോദിച്ചു…

“കണ്ടില്ലേ, സ്വര്‍ഗ്ഗവും, നരകവും, ശുദ്ധീകരണ സ്ഥലവും! ഇതും മൈക്കിള്‍‌ള്‍ആന്‍ജലോ തന്നെ വരച്ചതാണോ!”

“അതേ…അതെ. അതാണ്‌ ഞാന്‍ പറഞ്ഞുവന്ന ഒടുവിലത്തെ ബൈബിള്‍ ആവിഷ്ക്കാരം. സൃഷ്ടി, സ്ഥിതിക്കു ശേഷമുള്ള സംഹാരം! ഇതൊന്നും തുടര്‍ച്ചയായി വരച്ചതല്ല. ജൂലിയസ്‌ പോപ്പിന്റെ കാലം കഴിഞ്ഞ്‌. ഓര്‍ക്കണം! ഇരുപത്തിമൂന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷം പോപ്പ് ക്ലമന്റ് ഏഴാമനാണ്‌ ഇത്‌ തുടങ്ങിവെച്ചത്‌. വാര്‍ദ്ധ്യക്യത്തിലേക്ക്‌ വീണുകൊണ്ടിരുന്ന
മൈക്കിള്‍ആന്‍ജലോ ആ ദൗത്യം ഏറ്റെടുത്തു. എന്നാലത്‌ പൂര്‍ത്തിയാകും മുമ്പ് പോപ്പ്‌ ക്ലാമന്‍റസ്‌ കാലം ചെയ്തു. വീണ്ടും
വന്ന പോപ്പ്‌ പോള്‍ നാലമന്റെ കാലത്താണ്‌ വൃദ്ധനായ മൈക്കിള്‍ആന്‍ജലോ ആ പദ്ധതി പൂര്‍ത്തിയാക്കിയത്‌. യേശു
കൃസ്തുവിന്റെ രണ്ടാം വരവ്‌, ലാസ്റ്റ്‌ ജഡ്ജുമന്‍റ്‌ അല്ലങ്കില്‍ ‘അന്ത്യവിധി’! ഈ ചാപ്പല്‍ ആയിരത്തി നാനുറ്റി എഴുപത്തിമൂന്നില്‍ പോപ്പ്‌ സികറ്റൂസ്‌ നാലാമന്‍ പണി കഴിപ്പിച്ചിട്ടുള്ളതാണ്‌. ജിയോവാനി ഡി ഡോള്‍കിയാണ്‌ ഈ ചാപ്പല്‍ രൂപകല്‍പന ചെയ്തത്‌. മദ്ധ്യകാല യൂറോപ്പിലെ നവോധാനത്തിന്റെ തിരുശേഷിപ്പുകളാണ്‌ നാമിന്നു കാണുന്ന വിശ്വവിഖ്യാതമായ പെയിന്‍റിങുകളൊക്കെ. ഓര്‍ക്കണം, ഇതെല്ലാം നടക്കുന്ന കാലഘട്ടം. ഹൈറിനൈസന്‍സിന്റെ കാലം. അത്‌ സംസ്ക്കാരത്തിന്റെ ഉണര്‍വ്വായിരുന്നു. പഴയതിനെയെല്ലാം പൊളിച്ചു മാറ്റി ഒരു പുത്തന്‍ ഉണര്‍വ്വ്. ഫ്ലോറന്‍സിലതാരംഭിച്ചു. മെഡിസി പ്രഭുക്കളാണ്‌ അതിന്‌ മുന്‍കൈ എടുത്തത്. “പ്രത്യകിച്ചും പ്രഭു ലോറന്‍സോ മാഗ്നിനിഫിസന്‍റ്‌. അര്‍നോ നദിയുടെ തീരത്ത്‌ അത്‌ ആരംഭിച്ചു. പഴയ കെട്ടിടങ്ങളും, ദേവാലയങ്ങളും പൊളിച്ച്‌ നീക്കി തല്‍സ്ഥാനത്ത് മനോഹര രമ്യങ്ങളും, ഗോഥിക് ദേവാലയങ്ങളും, കപ്പേളകളും കണ്ണു ചിമ്മി. പുതിയ ചിത്രകാരന്മാരും ശില്പികളും ഉയര്‍ത്തെണീറ്റു. ലിയണാഡോ ഡാവന്‍ചി, മൈക്കിള്‍ആന്‍ജലോ, സാന്‍ട്രോ ബേട്ടോസിലി, ടിറ്റന്‍ തുടങ്ങിയ ശില്പികളും, ചിത്രകാരന്മാരും. ശില്പികള്‍ ലോഹ പ്രതിമകളില്‍ നിന്നും മിഴിവുള്ള മാര്‍ബിള്‍ ശില്പങ്ങളിലേക്ക്‌ വഴിമാറി. ചിത്രകാരര്‍ പഴയ ചായക്കൂട്ടുകളെ ഉപേക്ഷിച്ചു, പുതിയതരം തിളങ്ങുന്ന എണ്ണഛായാചിത്രങ്ങള്‍ കോറിയിട്ടു. വിസ്മയത്തിന്റെ ലോകം! നഗ്നതയും ട്രാന്‍‌സ്പെരന്‍സിയും നിറഞ്ഞ ശില്പങ്ങള്‍ കാഴ്ച്ചക്കാരെ അമ്പരപ്പിച്ചു. എന്നു പറഞ്ഞാല്‍ ആദ്ധ്യാത്മികതയില്‍ ഒതുങ്ങിനിന്ന കലാരൂപങ്ങളെ ജനകീയമാക്കി എന്നുവേണമെങ്കില്‍ പറയാം. അല്ലങ്കിലവരെ ‘ഹ്യൂമാനിസം’ സ്വാധീനിച്ചു എന്നും കരുതാം.”

ഡേവ്‌ നിര്‍ത്തി അത്ഭുതം കുറി നില്‍ക്കുന്ന സെലീനായെ കടാക്ഷിച്ച്‌ മന്ദസ്മിതം തൂകി അന്വേഷിച്ചു:

“അല്ല, സെലീനാ ഈ ചരിത്രമൊക്കെ ആസ്വദിക്കുമെന്നു കരുതട്ടെ.”

“തീര്‍ച്ചയായും”

അവളോര്‍ത്തു.. വേദപുസ്തകത്തില്‍ വായിച്ചറിഞ്ഞ വചനപ്രഘോഷണങ്ങള്‍ നേരില്‍ ദൃശ്യചാരുതയോടെ കാണാന്‍ കഴിയുക മഹാഭാഗ്യംതന്നെ!

(തുടരും)

Print Friendly, PDF & Email

Leave a Comment

More News