ടെലികോം മേഖലയിൽ വളർച്ചയ്ക്ക് ആക്കം കൂട്ടി യു എസ് ടി; വോയെർഈർ എന്ന കമ്പനിയിൽ നിക്ഷേപം നടത്തി

സ്വീഡിഷ് സോഫ്റ്റ്‌വെയർ കമ്പനിയുമായുള്ള കൈകോർക്കുക വഴി ടെലികമ്മ്യൂണിക്കേഷൻ ടെസ്റ്റിംഗും, നെറ്റ്‌വർക്ക് പരിവർത്തന ശേഷിയും വർദ്ധിപ്പിക്കും 

തിരുവനന്തപുരം, ഒക്ടോബർ 17, 2023:പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി, സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വോയെർഈർ എന്ന കമ്പനിയിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. ടെലികമ്മ്യൂണിക്കേഷൻസ് സേവനദാതാക്കളുടെ ഭൗതികവും വിർച്വലുമായ ശൃംഘലകളെ ടെസ്റ്റ് ചെയ്ത്, ബെഞ്ച്മാർക്കിങ് നടത്തി സർട്ടിഫൈ ചെയ്യാനുള്ള മുൻനിര സോഫ്റ്റ് വെയർ സൊല്യൂഷനുകൾ വികസിപ്പിക്കുന്ന കമ്പനിയാണ് വോയെർഈർ. ഈ നിക്ഷേപത്തോടെ 5ജി നെറ്റ് വർക്ക് എഞ്ചിനീയറിങ് സംബന്ധമായ ഡെവ്സെക്ഓപ്സ് സേവനങ്ങൾക്ക് ശക്തിപകരുന്ന മുൻനിര സ്ഥാപനമായി യു എസ് ടി മുന്നേറും.

ടെലികമ്മ്യൂണിക്കേഷൻസ് മേഖലയിൽ വമ്പിച്ച വികസനമാണ് യു എസ് ടി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ആക്കം കൂട്ടുന്നതിനായി പുതുയുഗ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി കൈകോർക്കുകയും, ഒപ്പം തന്ത്രപ്രധാനമായ ഏറ്റെടുക്കലുകൾ നടത്തുകയും ചെയ്തു കൊണ്ട് ഒന്നാംനിര വാർത്താവിനിമയ സേവനദാതാക്കൾ നേരിടുന്ന പല അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനായി കമ്പനി  യത്നിക്കുന്നുണ്ട്.  യു എസ് ടി അടുത്തിടെ ഏറ്റെടുത്ത മൊബൈൽകോം എന്ന ടെലികോം എൻജിനീയറിങ് കമ്പനിയുടെ  നെറ്റ്വർക്ക് എഞ്ചിനീയറിങ് വിഭാഗം തുറന്നിടുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലൗഡ്, ഡാറ്റ,  ഡെവ്സെക്ഓപ്സ്  എന്നിവയിൽ തങ്ങളുടെ മികവ് ഉറപ്പാക്കിയിട്ടുണ്ട്. വോയെർഈർ എന്ന കമ്പനിയുടെ ടച്ച് സ്റ്റോൺ പ്ലാറ്റ് ഫോമുമായി ഒത്തു ചേർന്ന്  ഉന്നതവും, ഒപ്പം വിശ്വാസയോഗ്യവുമായ ഒരു വിർച്യുൽ 5ജി  ശൃംഘല ഉറപ്പു വരുത്താൻ യു എസ് ടിയുടെ പ്രവർത്തങ്ങൾക്ക് കഴിയും.

വോയെർഈർ എന്ന കമ്പനിയുടെ ടച്ച് സ്റ്റോൺ പ്ലാറ്റ് ഫോം  ടെലികമ്മ്യൂണിക്കേഷൻസ് സേവനദാതാക്കളുടെ പ്രശ്നങ്ങൾ കണ്ടെത്തി, പരിഹരിച്ച് മെച്ചപ്പെട്ട നെറ്റ്വർക്ക് ഫങ്ക്ഷൻസ്  വിർച്വലൈസേഷൻ  (എൻ എഫ് വി) സാധ്യമാക്കുന്നു. ഓട്ടോമേറ്റഡ് ടെസ്റ്റ് കേസുകളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് ടെലികോം ആപ്ലിക്കേഷനുകളുടെ  മികവും കാര്യക്ഷമതയും ഉറപ്പാക്കുന്ന സമഗ്രമായ ടെസ്റ്റ് സംവിധാനമാണ്  വോയെർഈറിന്റെ  ടച്ച് സ്റ്റോൺ പ്ലാറ്റ് ഫോം. എല്ലാവിധ ക്‌ളൗഡ്‌ വിന്യാസങ്ങൾക്കും സപ്പോർട്ട് നൽകുകയും, ഓപ്പൺ സ്റ്റാക്ക്, കുബേർനേറ്റീസ് എന്നീ സംവിധാനങ്ങളിൽ വിജയകരമായി പ്രവർത്തിക്കുകയും ചെയ്യാനുള്ള കഴിവ് ടച്ച് സ്റ്റോണിനുണ്ട്.

വോയെർഈർ എന്ന കമ്പനിയിൽ നിക്ഷേപം നടത്തുക വഴി ക്ലൗഡ് സൊല്യൂഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ടെലികമ്യൂണിക്കേഷൻസ്  എന്നീ മേഖലകളിൽ തങ്ങൾക്കുള്ള സമഗ്രമായ വൈദഗ്ധ്യം യു എസ് ടി ശക്തമാക്കും.

“യു എസ് ടി യിൽ നിന്നുള്ള തന്ത്രപ്രധാനമായ നിക്ഷേപം ആ കമ്പനിയുമായി ഞങ്ങൾക്കുള്ള ബന്ധം ഊട്ടിയുറപ്പിക്കും. നെറ്റ്വർക്ക് ഫങ്ക്ഷൻസ്  വിർച്വലൈസേഷൻ സാധ്യമാക്കാനായുള്ള  ടെലികമ്മ്യൂണിക്കേഷൻസ്  സേവനദാതാക്കളുടെ സമഗ്രമായ വികസന പ്രക്രിയകൾക്ക് കരുത്തേകാൻ യു എസ് ടി യുമായുള്ള ബന്ധം ഞങ്ങളെ സഹായിക്കും.  ക്ലൗഡ്, ഡാറ്റ,  ഡെവ്സെക്ഓപ്സ്  എന്നിവയിലൂടെ  ടെലികമ്മ്യൂണിക്കേഷൻസ് മേഖലയുടെ സമഗ്ര പരിവർത്തനത്തിൽ ഞങ്ങളും യു എസ് ടി യും ഒരേ പോലെ ചിന്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇരുകമ്പനികളും കൈകോർക്കുമ്പോൾ മാറി വരുന്ന ഈ മേഖലയിൽ പുതിയ വികസന സാധ്യതകൾ തേടാൻ ഞങ്ങൾക്ക് കഴിയുമെന്നാണ് വിശ്വാസം,” വോയെർഈർ  ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹാവിയർ ഗാർസിയ ഗോമെസ്പറഞ്ഞു.

“വോയെർഈറുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെ  യു എസ് ടി യുടെ ക്ലൗഡ്, ഡാറ്റ, ഡെവ്‌സെക് ഓപ്സ്  എന്നീ മേഖലകളിൽ വളർച്ച സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് ശക്തിയേറുകയാണ്. ടെലികോം ഓപ്പറേറ്റർമാരുടെ വളർച്ചയ്ക്കായി വോയെർഈറിന്റെ ടച്ച് സ്റ്റോൺ പ്ലാറ്റ് ഫോമിൽ യു എസ് ടി യുടെ വൈദഗ്ധ്യം കൂടി ഉൾപെടുത്താൻ കഴിയുമെന്നുള്ളത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. ടെലികോം ആപ്ലിക്കേഷനുകളുടെ പ്രവർത്തനങ്ങൾ, സുരക്ഷ തുടങ്ങിയ നിരവധി കാര്യങ്ങൾ ഉറപ്പാക്കാൻ ഇരുകമ്പനികളുടെയും പങ്കാളിത്തം സഹായകമാകും,” യു എസ് ടി ടെലികമ്യുണിക്കേഷൻസ് ജനറൽ മാനേജർ അരവിന്ദ് നന്ദനൻപറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News