കളമശ്ശേരി സ്ഫോടനം: അവധിയില്‍ പോയിരിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരും ഉടന്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കണമെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം

കൊച്ചി: കളമശ്ശേരി സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ള ആരോഗ്യപ്രവർത്തകരോട് മടങ്ങിവരാനും ഡ്യൂട്ടിയില്‍ പ്രവേശിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

കളമശേരി മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം കളമശേരി മെഡിക്കൽ കോളേജിലെത്താൻ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് വീണാ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യത്തിന് ആംബുലൻസുകൾ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഞായറാഴ്ച രാവിലെ 9.40 ന് പ്രാര്‍ത്ഥന കഴിഞ്ഞയുടനെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഒന്നിന് പിറകെ ഒന്നായി വീണ്ടും സ്ഫോടനം ഉണ്ടായതോടെ ആളുകൾ പരിഭ്രാന്തരായി നിലവിളിച്ച് പുറത്തേക്ക് ഓടി. പൊള്ളലേറ്റ സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്‌ഫോടനം നടന്ന കൺവെൻഷൻ സെന്റർ നിലവിൽ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. എന്താണ് സ്‌ഫോടനത്തിന് കാരണമെന്ന് വ്യക്തമല്ല. എൻഐഎ സംഘവും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News