സർക്കാർ നിലകൊള്ളുന്നത് നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ്; ആ തിരിച്ചറിവ് പ്രതിപക്ഷത്തിനു വേണമെന്ന് മുഖ്യമന്ത്രിn

നാടിനും ജനങ്ങൾക്കും വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്ന് പരിപാടികൾ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴീക്കോട് മണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനതീരുമാനത്തിന്റെ ഭാഗമാണ് കേരളത്തിലെ തുടര്‍ഭരണം. നാടിന് ഒരു സര്‍ക്കാരെയുള്ളൂ. ജനങ്ങളെയാകെ കണ്ട് കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബഹിഷ്‌കരണം ജനാധിപത്യ പ്രക്രിയക്ക് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇക്കാലം വരെ ക്രിയാത്മകമായ ഒരു നിര്‍ദേശവും ഒരു ഘട്ടത്തിലും നല്‍കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സംസ്ഥാനത്തിനവകാശപ്പെട്ട കേന്ദ്ര വിഹിതവും സഹായവും വെട്ടിക്കുറച്ച് സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ തയ്യാറാവുന്നില്ല. പാര്‍ലമെന്റില്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അവരുടെ ശ്രമം അതിജീവിച്ചേ മതിയാകുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിനെത്തുന്ന ജനസഞ്ചയത്തെ കണ്ട് പരിഭവിച്ചിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല. നാടിന്റെ വികാരമാണിത്. അതിനാലാണ് പ്രായ, ദേശ, ഭേദചിന്തയില്ലാതെ എല്ലാവരും ഒഴുകിയെത്തുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ ക്രെഡിറ്റാണ്. ഒരു തരത്തിലുള്ള നിഷേധ പ്രചാരണങ്ങളേയും കേരളീയ ജനത സ്വീകരിക്കില്ല എന്നാണിത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മധ്യ വരുമാനമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിലെ ജീവിത നിലവാരമുയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നവകേരള സദസ്സ്. ഇതാണ് ജനലക്ഷങ്ങളുടെ പിന്തുണയ്ക്ക് കാരണം.മാലിന്യ മുക്ത കേരളത്തിനായുള്ള നടപടികള്‍, പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണം, കാര്‍ഷികോല്‍പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റിയുള്ള വിപണനം, പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തല്‍ തുടങ്ങിയവ ഇത്തരം നടപടികളുടെ ഭാഗമാണ്. പരമ്പരാഗത കോഴ്‌സുകള്‍ കൊണ്ട് യുവതലമുറയുടെ ആഗ്രഹാഭിലാഷങ്ങള്‍ നിറവേറ്റാനാവില്ലെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ കോഴ്‌സുകള്‍ക്കുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.വി സുമേഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.എന്‍ ബാലഗോപാല്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, എം.വി ഗോവിന്ദന്‍ എം.എല്‍.എ, മുന്‍ മന്ത്രി ഇ.പി ജയരാജന്‍, മുന്‍ എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, മുന്‍ എം.എല്‍.എ മാരായ എം.വി ജയരാജന്‍, പ്രകാശന്‍ മാസ്റ്റര്‍, ടി.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

 

Print Friendly, PDF & Email

Leave a Comment

More News