ഫാ. ജോൺ ഗീവർഗീസിന്റ് സംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ തീയതികളിൽ

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദർ. ജോൺ ഗീവർഗീസ്‌ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ ചൊവ്വ, ബുധൻ തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കരഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കും.

ജോൺ അച്ചൻ 1963-ൽ ശെമ്മാശനായും പിന്നീട് 1964 ഫെബ്രുവരി 29-ന് കൊല്ലം ഭദ്രാസനാധിപൻഅഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്നും വൈദികപട്ടം സ്വീകരിച്ച യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ദൈവ ശാസ്ത്രത്തിൽ 1969 -ൽ എസ്ടിഎം ബിരുദം നേടി. ഇന്ത്യയിൽ, ബാംഗ്ലൂരിലെ ജാലഹള്ളി ഇടവകയുടെ ആദ്യകാല വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം അമേരിക്കയിലെ വിവിധ ഇടവകകളിൽ തന്റെ സേവനം തുടർന്നു.

1977 മുതൽ ലിറ്റിൽ റോക്കിൽ താമസമാക്കിയ ജോൺ അച്ചൻ അവിടെ ഇടവക അംഗങ്ങൾക്കായി പ്രതിമാസ പ്രാർത്ഥനാ യോഗങ്ങളും വിശുദ്ധ കുർബാനയും നടത്തി. 1996-ൽ ഹൂസ്റ്റൺ സെൻറ് ഗ്രിഗോറിയോസ്, ലൂക്സ് ഓർത്തോഡോക്സ്, ലഫ്ക്കിൻ സെൻറ് തോമസ്, ഒക്കലഹോമ സെൻറ് തോമസ് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയൂസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം 2010-ൽഹൂസ്റ്റണിൽ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ഇടവകയുടെ സ്ഥാപകവികാരിയായി സേവനം അനുഷ്ഠിച്ചു.

1931 മെയ് 13 ന് കുണ്ടറയിൽ ചാണ്ടപ്പിള്ള ഗീവർഗീസിന്റെയും ശ്രീമതി റേച്ചലമ്മയുടെയും മകനായി മുളമൂട്ടിൽ ഞാലിയോട് മേലേവിളയിൽ കുടുംബത്തിൽ ജനിച്ച ജോൺ അച്ചൻ, വിദ്യാഭ്യാസ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കോട്ടയത്തെ ഓർത്തഡോക്സ്സെമിനാരിയിലേക്കും, സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും നിന്നും ബിരുദം നേടി. ചെങ്ങന്നൂർ പേരിശ്ശേരി മായിക്കൽ കുടുംബാഗമായ പരേതയായ സാറാമ്മയായിരുന്നു സഹധർമ്മിണി. മക്കൾ : ജോസഫ് ഗീവർഗീസ്, ജെസ്സി ഗീവർഗീസ്.

പൊതുദർശനം ചൊവ്വാഴ്ച്ച ഉച്ചക്ക് 4 മണിമുതൽ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കരഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കും ബുധനാഴ്ച്ച രാവിലെ 8 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾ പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ ഉച്ചക്ക് 2 മണിക്ക് പൂർത്തീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി) 346-332-9998.

Print Friendly, PDF & Email

Leave a Comment

More News