വ്യവസായ-സാങ്കേതിക സ്ഥാപനങ്ങളുമായി രാജ്യാന്തര തലത്തില്‍ സഹകരണം ശക്തിപ്പെടുത്തും: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍

തിരുവനന്തപുരം: ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ വ്യവസായ- സാങ്കേതിക സ്ഥാപനങ്ങളുമായി തൊഴില്‍, വിദ്യാഭ്യാസം, ഇന്റേണ്‍ഷിപ്പ് എന്നീ തലങ്ങളില്‍ സഹകരണം ഊര്‍ജിതമാക്കുവാനുള്ള നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍.

സംസ്ഥാന സര്‍ക്കാരിന്റെയും സാങ്കേതിക യൂണിവേഴ്സിറ്റിയുടെയും പിന്തുണയോടെ കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ കീഴിലുള്ള 14 എഞ്ചിനീയറിംഗ് കോളജുകളിലും ഇതിനായി ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് സെല്ലുകള്‍ ആരംഭിക്കുകയും നിലവിലുള്ളവ വിപുലീകരിക്കുകയും ചെയ്യും. ദേശീയ രാജാന്തര തലങ്ങളില്‍ സാങ്കേതിക മേഖലയില്‍ തൊഴിലവസരങ്ങള്‍ നേടിയെടുക്കുവാന്‍ വി്ദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതികളിലൂടെ കൂടുതല്‍ അവസരം ലഭിക്കും. വ്യവസായ ആവശ്യങ്ങളുമായി അക്കാദമിക്ക് തലങ്ങളെ വിന്യസിപ്പിക്കുന്ന എ ഐ സി ടി ഇ, സാങ്കേതിക യൂണിവേഴ്‌സിറ്റി പദ്ധതികള്‍ കാത്തലിക് എന്‍ജിനീയറിങ് കോളേജുകളില്‍ നടപ്പിലാക്കും.

സംസ്ഥാന വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്വാഗതാര്‍ഹമാണെങ്കിലും പ്രായോഗിക തലത്തില്‍ കൂടുതല്‍ സുതാര്യതയും വ്യക്തതയും വേണമെന്നും വിദേശരാജ്യങ്ങളിലേതുപോലെ ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളുമായി ബന്ധപ്പെടാന്‍ ഏകജാലക സംവിധാനവും നടപ്പിലാക്കിയാല്‍ മാത്രമേ നേട്ടമാകുകയുള്ളൂവെന്നും അസോസിയേഷന്‍ വിലയിരുത്തി.

പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അസോസിയേഷന്‍ നേതൃസമ്മേളനത്തില്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് സിഎംഐ മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി.

വൈസ് പ്രസിഡന്റ് ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ഫാ. പോള്‍ പറത്താഴം, ഫാ. മാത്യു കോരംകുഴ, ഫാ. ആന്റോ ചുങ്കത്ത്, ഫാ. എ.ആര്‍.ജോണ്‍, ഫാ. ജോണ്‍ പാലിയക്കര, ഫാ. ഡേവിഡ് നെറ്റിക്കാടന്‍, ഫാ.റോയി പഴേപറമ്പില്‍, ഫാ. ബിജോയ് അറയ്ക്കല്‍, ഫാ.ജസ്റ്റിന്‍ ആലങ്കല്‍ സിഎംഐ, ഫാ. ബഞ്ചമിന്‍ പള്ളിയാടിയില്‍ എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News