‘പൊതുജനം കഴുതയല്ല സാർ ‘ (രാജു മൈലപ്ര)

യു.ഡി.എഫിന്റെ ഉജ്ജല വിജയത്തിൽ കേരളത്തിലെ ജനങ്ങൾ പൊതുവേ സംതൃപ്തരായിരുന്നു. അധികാരത്തിൻ്റെ അഹങ്കാരം തലക്കു പിടിച്ച നേതാക്കന്മാർ ഓരോന്നായി തകർന്നടിഞ്ഞു. എന്നാൽ, മുഖ്യമന്ത്രി കസേരക്കു വേണ്ടിയുള്ള കോൺഗ്രസിലെ നാണം കെട്ട വടംവലി ഈ വിജയത്തിന്റെ ശോഭക്കു മങ്ങലേൽപ്പിച്ചിരിക്കുന്നു. എം‌പിമാര്‍ മത്സരിക്കേണ്ട എന്ന നല്ല തീരുമാനമെടുത്ത ഹൈക്കമാൻഡിനെ നിയന്ത്രിക്കുന്ന വേണുഗോപാൽ തന്നെ കേരളത്തിൽ മത്സരിക്കാതെ, അവകാശ വാദവുമായി കളം നിറഞ്ഞു നിൽക്കുന്നു. താനാണ് കേരളത്തിലെ കോൺഗ്രസിന്റെ വിജയശില്പി എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇദ്ദേഹം ഇത്ര കഴിവുള്ളവനായിരുന്നെങ്കിൽ, മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് തകർന്നടിഞ്ഞത് എന്തുകൊണ്ടാണ്? അദ്ദേഹമാണു പോലും സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ഫണ്ട് തരപ്പെടുത്തി കൊടുത്തത്.

പണമാണ് മാനദണ്ഡമെങ്കിൽ അദാനിയ്‌ക്കോ, അംബാനിക്കോ, നമ്മുടെ യൂസഫലി സാഹിബിനോ ഇതൊക്കെ സാധിക്കുമല്ലോ. തകർന്നടിഞ്ഞ കോൺഗ്രസിനെ തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് വി.ഡി. സതീശനാണ് വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിനാണ് മുഖ്യമന്ത്രി സ്ഥാനം അർഹതപ്പെട്ടത്. അല്ലെങ്കിൽ കേരളത്തിൽ തന്നെ ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച, രമേശ് ചെന്നിത്തലയുൾപ്പെടെ എത്രയോ പേരുണ്ട്. വേണുഗോപാലിന് ഈ ചിത്രത്തിൽ സ്ഥാനമില്ല. അത് പറയുമ്പോൾ കോൺഗ്രസിന് അവരുടേതായ ഒരു സംവിധാനം ഉണ്ടെന്നാണ് പറയുന്നത്. ഈ സംവിധാനം ഉപയോഗിച്ച് അർഹതപ്പെട്ടവരെ മാറ്റി നിർത്തിയതുകൊണ്ടാണ് ഉത്തരേന്ത്യയിൽ കോൺഗ്രസ് തകർന്നടിഞ്ഞത്. കോൺഗ്രസ് ഹൈക്കമാൻഡ് എന്ന് പറഞ്ഞാൽ രാഹുൽ ഗാന്ധി മാത്രമാണ്. അദ്ദേഹത്തിനെ നിയന്ത്രിക്കുന്നത് വേണുഗോപാൽജിയാണ്.

അതുകൊണ്ട് ചുളുവിൽ ഈ സ്ഥാനം വേണുഗോപാൽ അടിച്ചെടുക്കും. ആറു മാസം കഴിയുന്നതിനു മുൻപ് അനാവശ്യമായ രണ്ടു ഉപതെരഞ്ഞെടുപ്പുകൾ കേരളത്തിൽ നടത്തേണ്ടിവരും. ‘കാലം കാത്തുവെച്ച കാവ്യനീതി’ എന്നൊരു ചൊല്ലുണ്ട്. പണ്ട് സമർത്ഥമായി കെപിസിസി പ്രസിഡൻറായി തിളങ്ങിയ കെ. മുരളീധരൻ, മന്ത്രിസ്ഥാനം മോഹിച്ച് മറ്റൊരാളെ രാജി വെയ്പ്പിച്ചു, ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് എട്ടു നിലയിൽ പൊട്ടിയ ചരിത്രം നമ്മുടെ മുൻപിലുണ്ട്.

പൊതുജനം കഴുതയല്ല സാർ. അർഹതപ്പെട്ട സ്ഥാനം വി.ഡി. സതീശനു നൽകി മാന്യത കാട്ടുക.

Leave a Comment

More News