കായം‌കുളം-ചേര്‍ത്തല ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ആലപ്പുഴ: ദേശീയപാതയിൽ വണ്ടാനത്തിന് സമീപം മോട്ടോർ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ (22), ചേർത്തല സ്വദേശി അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും അയൽക്കാരും അടുത്ത സുഹൃത്തുക്കളുമാണ്. മാർത്താണ്ഡത്ത് നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്നു അച്ചു, ഐടിഐ പഠനം അടുത്തിടെ പൂർത്തിയാക്കിയിരുന്നു അഖിൽ കൃഷ്ണ.

മാർത്താണ്ഡത്ത് നിന്ന് എത്തിയ അച്ചുവിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഖിൽ. കായംകുളത്ത് നിന്ന് ചേർത്തലയിലേക്ക് പോകുമ്പോൾ, ദേശീയ പാതയിൽ നിന്ന് വണ്ടാനത്ത് സർവീസ് റോഡിലേക്ക് തിരിയുമ്പോൾ അവരുടെ ബൈക്ക് ഒരു ലോറിയുമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അച്ചുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ അച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പുന്നപ്ര പോലീസ് കേസെടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

More News