3 വർഷത്തിനുള്ളിൽ സ്വർണം ഔണ്‍സിന് 17250 ഡോളർ (പവന് 4.11 ലക്ഷം രൂപ); ലോക ജനതയെ ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി പ്രമുഖ ഖനന വിദഗ്ധൻ പീരേ ലാസോണ്ടേ

സ്വർണ വില പവന് 4.11 ലക്ഷമാകും? ഔണ്‍സിന് 17250 ഡോളർ..ഞെട്ടിച്ച് പുതിയ പ്രവചനം നടത്തി പ്രമുഖ ഖനന വിദഗ്ധൻ പീരേ ലാസോണ്ടേ.

ടോറോണ്ടോ: ലോക സാമ്പത്തിക വ്യവസ്ഥ വലിയൊരു മാറ്റത്തിന്റെ വക്കിലാണെന്നും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാകുന്നത് സ്വർണമാകുമെന്നും പ്രമുഖ ഖനന വിദഗ്ധൻ പീരേ ലാസോണ്ടേ. അമേരിക്കൻ ഡോളറിനോടുള്ള ആഗോള ആശ്രയം കുറയുന്ന സാഹചര്യത്തിൽ, “അവസാന ആശ്രയം ” എന്ന നിലയിലേക്ക് സ്വർണം വീണ്ടും ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നില തുടർന്നാൽ വില ഔൺസിന് 17,250 ഡോളർ വരെ എത്താമെന്നും അദ്ദേഹം പ്രവചിച്ചു.

കിറ്റ്കോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാങ്കോ-നെവാഡയുടെ സഹസ്ഥാപകനും ന്യൂമോണ്ട് മൈനിംഗിന്റെ മുൻ പ്രസിഡന്റുമായ ലാസ്സോണ്ട് ഈ വിലയിരുത്തൽ. 1970-കളിലെ പണപ്പെരുപ്പ പ്രതിസന്ധിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തിക സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്നത്തെ സാഹചര്യത്തേക്കാൾ ഇന്നത്തെ ലോകം കൂടുതൽ അപകടകരമാണെന്നും കാരണം രാജ്യങ്ങളുടെ കടബാധ്യത വളരെയധികം ഉയർന്ന നിലയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

“1981-ൽ റോണൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റാകുമ്പോൾ യുഎസിന്റെ മൊത്തം കടം ഏകദേശം ഒരു ട്രില്യൺ ഡോളറായിരുന്നു. ഇന്ന് അത് 39 മുതൽ 40 ട്രില്യൺ ഡോളർ വരെ എത്തിയിരിക്കുകയാണ്. ആ കടത്തിനുള്ള പലിശ മാത്രം അടയ്ക്കാൻ തന്നെ അമേരിക്കയ്ക്ക് വർഷംതോറും വൻതുക ചെലവഴിക്കേണ്ടി വരുന്നുണ്ട്,” ലാസ്സോണ്ട് പറഞ്ഞു. അമേരിക്കയുടെ ഉയർന്ന കടബാധ്യതയും തുടർച്ചയായ ബജറ്റ് കമ്മിയും ഫെഡറൽ റിസർവിനെ കൂടുതൽ പണം അച്ചടിക്കാൻ നിർബന്ധിതരാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. അതാണ് സ്വർണവിലയെ ദീർഘകാലത്ത് ശക്തമായി ഉയർത്താൻ പോകുന്നതെന്നും അദ്ദേഹം പറയുന്നു.’17,250 ഡോളറെന്ന എന്റെ പ്രവചനം ഞാൻ വെറുതെ പറയുന്നതല്ല. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അത് യാഥാർത്ഥ്യമാകുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു’, ലാസ്സോണ്ട് വ്യക്തമാക്കി.
ലോക വ്യാപാര സംവിധാനത്തിലും വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാൻ ചൈന സ്വന്തം സമാന്തര പേയ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുകയാണെന്നും, അതിലൂടെ ഡോളറിന്റെ ആഗോള ആധിപത്യം ക്രമേണ കുറയുകയാണെന്നും അദ്ദേഹം വിലയിരുത്തി. നിയന്ത്രിത സമയങ്ങളിൽ 90 ശതമാനം സ്വർണം ഒരു സാധാരണ ചരക്കാണ്. പക്ഷേ ബാക്കി 10 ശതമാനം സമയത്ത് അത് ‘അവസാന ആശ്രയ കറൻസി’ ആകുന്നു. ഡോളർ ആ സ്ഥാനം നഷ്ടപ്പെടുത്തുമ്പോൾ സ്വർണം അതിന്റെ സ്ഥാനത്തേക്ക് ഉയരും,” എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ലോക സെൻട്രൽ ബാങ്കുകളും ഇപ്പോൾ സ്വർണ്ണ ശേഖരം വൻതോതിൽ വർധിപ്പിക്കുകയാണ്. പ്രത്യേകിച്ച് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടർച്ചയായി സ്വർണം വാങ്ങിക്കൊണ്ടിരിക്കുകയാണ്. 2026 ഏപ്രിൽ അവസാനം വരെ ചൈനയുടെ ഔദ്യോഗിക സ്വർണ ശേഖരം 74.64 ദശലക്ഷം ട്രോയ് ഔൺസായി ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ 18-ാം മാസമാണ് അവർ സ്വർണം വാങ്ങിക്കൂട്ടുന്നത്.

അതേസമയം, സ്വർണവില കുതിച്ചുയർന്നിട്ടും ഖനന കമ്പനികളുടെ ഓഹരികൾക്ക് അതിന്റെ യഥാർത്ഥ നേട്ടം ലഭിച്ചിട്ടില്ലെന്നും ലാസ്സോണ്ട് ചൂണ്ടിക്കാട്ടി. ഇപ്പോൾ ഭൂരിഭാഗം ഖനന കമ്പനികൾക്കും ഔൺസിന് ഏകദേശം 1,500 ഡോളർ വരെയാണ് ഉൽപാദനച്ചെലവ്. എന്നാൽ സ്വർണ്ണവില 4,600 ഡോളറിന് സമീപമാകുമ്പോൾ പോലും ഔൺസിന് ഏകദേശം 3,000 ഡോളർ ലാഭമുണ്ടാകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ‘സ്വർണം 17,000 ഡോളറിലെത്തിയാൽ ഖനന കമ്പനികളുടെ ലാഭം അഞ്ചിരട്ടിയായി ഉയരും. പക്ഷേ വിപണി ഇപ്പോഴും അതിന്റെ സാധ്യത തിരിച്ചറിഞ്ഞിട്ടില്ല’, ലാസ്സോണ്ട് കൂട്ടിച്ചേർത്തു. കേരളത്തിൽ വില എത്രയാകും? നിലവിൽ ആഗോള വിപണിയിൽ ഔണ്‍സിന് 4700 ഡോളറിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. കേരളത്തിൽ ഒരു പവന് 1.12 ലക്ഷം രൂപയിലും.

സ്വർണം ഔണ്‍സിന് 17250 ഡോളർ ആയാൽ കേരളത്തിൽ പവൻ വില 4.11 ലക്ഷമെങ്കിലും ആകും. ഇത് വെറുമൊരു പ്രവചനമായി കണക്കാക്കേണ്ട. ഇന്നത്തെ സാമ്പത്തീക സാഹചര്യവും സ്വർണ വിലയിലെ കുതിപ്പും കണക്കിലെടുത്താൽ പീരേ ലാസോണ്ടേയുടെ പ്രവചനം യാഥാര്ഥ്യമായേക്കാം!

Leave a Comment

More News