ടെക്സസ്: ഹൈസ്കൂൾ പ്രോം ഡാൻസ് പാർട്ടിക്ക് ശേഷം പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ടെക്സാസിലെ മക്അലൻ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ജോൺ മൈക്കൽ (60), ടീന മേരി മക്കിന്റൈർ (55) എന്നിവരെയാണ് മക്അലൻ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വീട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ മദ്യപിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്.
പോലീസ് എത്തിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിവന്ന ഒരു ആൺകുട്ടിയിൽ നിന്ന് മദ്യത്തിന്റെ ഗന്ധം വന്നിരുന്നു. തുടർന്ന് പോലീസ് അകത്തു കയറിയപ്പോൾ, “പോലീസ് വന്നിട്ടുണ്ട്, ശബ്ദമുണ്ടാക്കരുത്”, “മദ്യം ഒളിപ്പിച്ചു വെക്കൂ” എന്ന് കൗമാരക്കാരായ കുട്ടികൾ പരസ്പരം രഹസ്യം പറയുന്നത് കേട്ടതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു.
പരിശോധനയിൽ വീടിന്റെ പിൻഭാഗത്തുനിന്നും നിരവധി മദ്യക്കുപ്പികളും കാനുകളും കണ്ടെത്തുകയും, 16-ഉം 17-ഉം വയസ്സുള്ള 22 കുട്ടികളെ ഇവിടെ ഒത്തുകൂടിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. കുട്ടികൾക്ക് മദ്യം നൽകിയതും അതിനുള്ള സൗകര്യം ഒരുക്കിയതും വീട്ടുടമസ്ഥരായ ദമ്പതികളാണെന്ന് കുട്ടികൾ പോലീസിനോട് സമ്മതിച്ചു.
പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയെന്ന കുറ്റത്തിന് അറസ്റ്റിലായ ദമ്പതികളെ, പിന്നീട് 4000 ഡോളറിന്റെ ബോണ്ടിൽ ജാമ്യത്തിൽ വിട്ടയച്ചു. പാർട്ടിയിൽ പങ്കെടുത്ത 22 കുട്ടികൾക്കെതിരെയും പോലീസ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്..
