മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ‘ദി ടെലിഗ്രാഫ്’ പത്രത്തിന്റെ മുന്‍ എഡിറ്ററുമായ ആര്‍. രാജഗോപാലിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ നീക്കം ചെയ്യുകയും, അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പുതുക്കല്‍ തടഞ്ഞു വെക്കുകയും ചെയ്ത നടപടിയില്‍ എഫ്.ഡി. സി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഭരണഘടനാ സ്ഥാപനമായ ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന എസ് ഐ ആര്‍ പ്രക്രിയയുടെ മറവില്‍ രാജ്യത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്.
കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ, രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ എഡിറ്ററായിരുന്ന ഒരു പൊതുവ്യക്തിത്വത്തിന് പോലും ഈ ദുരവസ്ഥ നേരിടേണ്ടിവന്നിരിക്കുന്നു എന്നത് അങ്ങേയറ്റം ഭീതിജനകമാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയതിന് കൃത്യമായ കാരണം വ്യക്തമാക്കാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ല. ഇതിലും ഭയാനകമായ കാര്യം, വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പുതുക്കല്‍ തടഞ്ഞു വെച്ചു എന്നതാണ്. പാസ്പോര്‍ട്ട് പുതുക്കുന്നതിന് വോട്ടര്‍ ഐഡി നിര്‍ബന്ധ രേഖയല്ലെന്നിരിക്കെ, പോലീസ് വെരിഫിക്കേഷന്‍ തടഞ്ഞു വെച്ച നടപടി തികഞ്ഞ പ്രതികാരബുദ്ധിയോടെയുള്ളതാണ്.
സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടത്തുകയും ഭരണകൂടങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത ഒരു മാധ്യമ പ്രവര്‍ത്തകനെ വേട്ടയാടാനും അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിഷേധിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്താകെ 6 കോടിയോളം ആളുകളുടെ പേര് ഇത്തരത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആര്‍. രാജഗോപാലിനെപ്പോലെയുള്ള പ്രമുഖര്‍ക്ക് ഈ അവസ്ഥയാണെങ്കില്‍, സാധാരണക്കാരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പാവപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടവകാശമാണ് ഈ അശാസ്ത്രീയമായ പുനഃപരിശോധനയിലൂടെ ഇല്ലാതാകുന്നതെന്നും എഫ് ഡി സി എ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. അരവിന്ദാക്ഷന്‍ അറിയിച്ചു.
പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് എഫ് ഡി സി എ അഭ്യര്‍ത്ഥിക്കുന്നു.
