തിരുവനന്തപുരം: പി.എസ്.സി പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ ആശങ്കയിലാഴ്ത്തുന്ന ഗൗരവതരമായ ക്രമക്കെടുകളെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്, അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
പി.എസ്.സി യിലെ ആഭ്യന്തര അന്വേഷണ സംഘത്തെപ്പോലും ആട്ടിമറിച്ചതായുള്ള വാർത്തകൾ ആശങ്കാജനകമാണ്. ക്രമക്കെടുകളെക്കുറിച്ച് പി.എസ്.സി യിലെ ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുന്നത് കള്ളനെ താക്കോൽ ഏൽപ്പിച്ചതിന് തുല്യമാണ്.
കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി തകർക്കുന്ന തരത്തിൽ നാഥനില്ലാ കളരിയായി പി.എസ്.സി മാറിയിട്ടുണ്ടെങ്കിൽ അന്നത്തെ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല. നിയമന അട്ടിമറിയിൽ ഉൾപ്പെട്ട ഒരാൾ പോലും രക്ഷപ്പെടില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണം.
മറ്റ് ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ വളരെ ഭീമമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് കേരള പി.എസ്.സി യിൽ നിലവിലുള്ളത്. ചെയർമാന് 4.10 ലക്ഷവും അംഗങ്ങൾക്ക് 4 ലക്ഷവുമാണ് പ്രതിമാസം ലഭിക്കുന്നത്. കൂടാതെ ഒന്നര ലക്ഷത്തോളം രൂപ ആജീവനാന്ത പെൻഷനും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ലഭിക്കുന്നതിന് ഇരട്ടി ശമ്പളം ലഭിക്കുന്ന നിലവിലെ രീതി പുനക്രമീകരിക്കണം.
ഓരോ സർക്കാരുകളും പി.എസ്.സി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന സമ്പ്രദായവും അവസാനിപ്പിക്കണം.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ പി.എസ്.സി യുടെ വിശ്വാസ്യത വീണ്ടെടുക്കാനും നിയമന നടപടികളിലെ സുതാര്യത ഉറപ്പാക്കാനും മുഖം നോക്കാതെയുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം: ആനന്ദകുമാർ ആവശ്യപ്പെട്ടു.
