തിരുവനന്തപുരം: ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനും എഞ്ചിനീയറും സൈനിക ഉദ്യോഗസ്ഥനുമായ ഡോ. അനിൽ മേനോൻ ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്‌എസ്) ഒരു ദൗത്യത്തിനായി വിക്ഷേപിക്കും. സോയൂസ് എംഎസ് -29 എന്ന ബഹിരാകാശ പേടകം കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് രാത്രി 8:17 ന് (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) പറന്നുയരും.
അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം എട്ട് മാസം ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും അദ്ദേഹത്തോടൊപ്പം ദൗത്യത്തിൽ പങ്കുചേരും. അമേരിക്കയിലാണ് ജനിച്ചു വളർന്നതെങ്കിലും, ഡോ. അനിലിന് കേരളവുമായി ആഴത്തിലുള്ള കുടുംബബന്ധമുണ്ട്. അച്ഛൻ ശങ്കരൻ മേനോൻ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായ സർ ചേറ്റൂർ ശങ്കരൻ നായരുമായുള്ള ബന്ധത്തിനും ഈ കുടുംബം പ്രശസ്തമാണ്. അനിൽ മേനോന്റെ അമ്മ എലിസബത്ത് ഉക്രെയിനിയാണ്.
പ്രാഥമിക വിദ്യാഭ്യാസവും ബിരുദ പഠനവും ഡൽഹിയിലായിരുന്നു. പിന്നീട് ഉപരിപഠനത്തിന് അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ ചേർന്നു. അവിടെ നിന്നും റോട്ടറി ഫൗണ്ടേഷന്‍റെ പോളിയോ പ്രതിരോധ ക്യാംപയിനിൽ പങ്കാളിയായി. തിരികെ എത്തിയ അനിൽ ഇന്ത്യയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് കുട്ടികളെ പോളിയോ വിമുക്തമാക്കുന്ന സേവനത്തിൽ പൂർണ പങ്കാളിത്തം വഹിച്ചു.
2013ൽ ഫ്ലൈറ്റ് സർജനായി സേവനം ചെയ്ത അനിലിന് അന്ന് ബഹിരാകാശ യാത്രികരുടെ ആരോഗ്യ പരിപാലനത്തിനായുള്ള പദ്ധതികൾ തയാറാക്കുന്ന സേവനമായിരുന്നെങ്കിൽ ഇന്ന് അദ്ദേഹം ബഹിരാകാശ യാത്രികന്‍റെ കുപ്പായമാണ് ധരിക്കാന്‍ പോകുന്നത്.
ഡോക്ടര്‍, യുഎസ് സ്പേസ് ഫോഴ്സ് കേണൽ എന്നിങ്ങനെ സേവനങ്ങൾ ചെയ്ത ശേഷമാണ് ഇക്കുറി അദ്ദേഹം ബഹിരാകാശ യാത്രികൻ ആകുന്നത്. എട്ടു മാസം നീളുന്ന ബഹിരാകാശ ദൗത്യം ശാരീരികമായ വലിയ വെല്ലുവിളിയായിരുന്നെങ്കിലും അതെല്ലാം തരണം ചെയ്തെന്ന് അദ്ദേഹം പറയുന്നു.
സ്പേസ് എക്സിൽ ഏഴു വർഷം ജോലി ചെയ്ത കാലത്ത് സങ്കീർണമായ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയ അനുഭവവും വലിയ ആത്മവിശ്വാസം നൽകിയതായി അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലും ഗ്രാമീണ ഇന്ത്യയിലുമുള്ള തന്‍റെ അനുഭവങ്ങളാണ് ജീവിതത്തിലെ വലിയ പ്രചോദനമെന്ന് അനിൽ മേനോൻ പറയുന്നു. ഇന്ത്യയിലെ ജനങ്ങളുടെ വൈവിധ്യവും രാജ്യത്തിന്‍റെ അപാര സാധ്യതകളുമാണ് എന്തും സാധ്യമാണെന്നു വിശ്വസിക്കാൻ തന്നെ പഠിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
അനിൽ മേനോന്‍റെ അഭിപ്രായത്തിൽ ബഹിരാകാശ ഗവേഷണം രാജ്യങ്ങൾ തമ്മിലുള്ള മത്സരമല്ല, മറിച്ച് മനുഷ്യ രാശിയുടെ സംയുക്ത സ്വപ്നമാണ്. ജൂലൈ 14 ന് അദ്ദേഹത്തെ വഹിച്ചുകൊണ്ടുള്ള റോക്കറ്റ് കസാക്കിസ്ഥാനിൽ നിന്ന് ആകാശത്തേയ്ക്കുയരും. ഒപ്പം രണ്ടു ഭൂഖണ്ഡങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും.
