ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 7): ജയശങ്കര്‍ പിള്ള

മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുവും

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഒരേ ദൗത്യത്തിനായി ഒന്നിച്ചു ചേർന്ന അപൂർവ വ്യക്തിത്വങ്ങളാണ് ശ്രീ നാരായണ ഗുരുവും മഹാകവി കുമാരനാശാനും. ഗുരു–ശിഷ്യബന്ധം മലയാള നവോത്ഥാനത്തിന് നൽകിയ അമൂല്യ സംഭാവന എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിയ്ക്കാം.ഗുരു ആത്മീയതയിലൂടെയും സാമൂഹികപരിഷ്കാരത്തിലൂടെയും മനുഷ്യനെ ഉയർത്താൻ ശ്രമിച്ചപ്പോൾ, കുമാരനാശാൻ ആ സന്ദേശത്തെ കവിതയുടെയും സാഹിത്യത്തിന്റെയും ഭാഷയിൽ ജനങ്ങളിലെത്തിച്ചു. അതുകൊണ്ടുതന്നെ ചരിത്രകാരന്മാർ പറയുന്നത്, “ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾക്ക് ശബ്ദവും,ഭാഷയും,ഭാവനയും നൽകിയ കവിയാണ് കുമാരനാശാൻ” എന്നതാണ്.

ഗുരുവും കുമാരനാശാനും തമ്മിലുള്ള ബന്ധം ഒരു സാധാരണ ഗുരു–ശിഷ്യബന്ധമായിരുന്നില്ല. അത് ചിന്തകളുടെ പാരമ്പര്യമായിരുന്നു; ആത്മീയതയും സാഹിത്യവും കൈകോർത്ത ഒരു നവോത്ഥാനയാത്രയായിരുന്നു, ഒരു ചരിത്രപരമായ സാമൂഹിക വിപ്ലവത്തിന് തുടക്കവും.

ബാല്യവും ഗുരുവുമായുള്ള ആദ്യസന്ദർശനവും

1873 ഏപ്രിൽ 12-ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച നാരായണൻ പിന്നീട് മലയാളസാഹിത്യത്തിലെ മഹാകവി കുമാരനാശാനായി വളർന്നു. ബാല്യത്തിൽ തന്നെ അദ്ദേഹത്തിന് ഭാഷയോടും കവിതയോടും സംസ്കൃതത്തോടും അസാധാരണമായ താൽപര്യമുണ്ടായിരുന്നു.

യുവാവായിരിക്കെ ശ്രീ നാരായണ ഗുരുവിനെ കാണാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അന്ന് ഗുരു അരുവിപ്പുറത്തെ ആത്മീയപ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ നേടിയിരുന്നു. ആദ്യസന്ദർശനത്തിൽ തന്നെ കുമാരനാശാനിലെ ബുദ്ധിശക്തിയും പഠനതാത്പര്യവും ഗുരു തിരിച്ചറിഞ്ഞു. ആ കൂടിക്കാഴ്ച പിന്നീട് മലയാളത്തിന്റെ ചരിത്രം മാറ്റിമറിക്കുന്ന ഒരു ബന്ധത്തിന്റെ തുടക്കമായി. ഗുരുവിന്റെ ജീവിതത്തിലെ ലാളിത്യവും സമത്വബോധവും ആശാനെ ആഴത്തിൽ സ്വാധീനിച്ചു. ഗുരുവിൽ അദ്ദേഹം ഒരു സന്യാസിയെ മാത്രമല്ല, മനുഷ്യന്റെ അന്തസ്സിനെ ഉയർത്താൻ ജനിച്ച ഒരു മഹാചിന്തകനെയാണ് കണ്ടത്.

ഗുരുവിന്റെ ശിക്ഷണത്തിൽ

ശ്രീ നാരായണ ഗുരുവിന്റെ ശിക്ഷണവും,സാമീപ്യവും കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. സംസ്കൃതം, വേദാന്തം, ഉപനിഷത്തുകൾ, ഭഗവദ്ഗീത, ധാർമ്മികചിന്ത, ഭാരതീയദർശനം എന്നിവയിൽ ഗുരുവിന്റെ മാർഗനിർദേശപ്രകാരം അദ്ദേഹം ആഴത്തിലുള്ള പഠനം നടത്തി. എന്നാൽ ഗുരു ആശാനെ പുസ്തകങ്ങൾ മാത്രം പഠിപ്പിച്ചില്ല. മനുഷ്യനെ, അവന്റെ അവസ്ഥകളെ മനസ്സിൽ വായിക്കാൻ പഠിപ്പിച്ചു. ഒരു ദിവസം ഗുരു ആശാനോട് പറഞ്ഞതായി രേഖപ്പെടുത്തുന്ന ഒരു ആശയം ഏറെ പ്രസിദ്ധമാണ്:

“അറിവ് പുസ്തകങ്ങളിൽ മാത്രമല്ല; മനുഷ്യരുടെ ജീവിതത്തിലും പ്രകൃതിയിലുമുണ്ട്.”

ഈ ദർശനമാണ് പിന്നീട് ആശാന്റെ കവിതകളിൽ സാമൂഹിക വിപ്ലവത്തിന്റെ പൊന്തൂവലുകളായി ജീവിച്ചിരിക്കുന്നത്.

ആശാനെ വിദ്യാഭ്യാസത്തിനായി അയച്ച ഗുരു

കുമാരനാശാന്റെ കഴിവ് തിരിച്ചറിഞ്ഞ ഗുരു, അദ്ദേഹത്തെ കൂടുതൽ ഉയർന്ന പഠനത്തിനായി പ്രോത്സാഹിപ്പിച്ചു. ഗുരുവിന്റെ നിർദേശപ്രകാരം ഡോ. പൽപ്പുവിന്റെ സഹായത്തോടെ ആശാൻ ബെംഗളൂരിലെ സെൻട്രൽ കോളേജിൽ പഠിക്കാൻ പോയി. പിന്നീട് അദ്ദേഹം കൊൽക്കത്തയിലും സംസ്കൃതവും ദാർശനികശാസ്ത്രവും അഭ്യസിച്ചു. അക്കാലത്ത് കൊൽക്കത്ത ഇന്ത്യൻ നവോത്ഥാനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. രാജാരാം മോഹൻ റോയ്, ഈശ്വരചന്ദ്ര വിദ്യാസാഗർ, ബങ്കിംചന്ദ്ര ചട്ടോപാധ്യായ, ബ്രഹ്മസമാജം എന്നിവയുടെ ചിന്തകൾ അവിടെ സജീവമായിരുന്നു. ഈ അന്തരീക്ഷം ആശാന്റെ ചിന്തകളെ കൂടുതൽ വിശാലമാക്കി. എന്നാൽ എവിടെയായിരുന്നാലും അദ്ദേഹം ഗുരുവുമായി കത്തുകളിലൂടെ ബന്ധം നിലനിർത്തി. പഠനം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അദ്ദേഹം ഒരു പണ്ഡിതൻ മാത്രമല്ല, ഗുരുവിന്റെ ദൗത്യത്തിന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറായ ഒരു നവോത്ഥാന പ്രവർത്തകനായി മാറിയിരുന്നു.

എസ്.എൻ.ഡി.പി. യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി

1903-ൽ ശ്രീ നാരായണ ധർമ്മപരിപാലന യോഗം രൂപീകരിക്കപ്പെട്ടപ്പോൾ, ഗുരുവിന്റെ നിർദേശപ്രകാരം കുമാരനാശാൻ അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനം ഒരു ഭരണപദവി മാത്രമായിരുന്നില്ല. ഗുരുവിന്റെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള വലിയ ഉത്തരവാദിത്തമായിരുന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് യോഗത്തിന്റെ ശാഖകൾ രൂപീകരിക്കുന്നതിലും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും സാമൂഹിക ബോധവൽക്കരണം നടത്തുന്നതിലും ആശാൻ സജീവമായി പ്രവർത്തിച്ചു.

ഗുരുവിന്റെ ദർശനം കവിതയായി ഉദയം ചെയ്തു.

കുമാരനാശാന്റെ ഏറ്റവും വലിയ സംഭാവന, ഗുരുവിന്റെ ആത്മീയവും മാനവികവുമായ സന്ദേശങ്ങളെ കവിതയുടെ ഭാഷയിൽ ജനഹൃദയങ്ങളിലെത്തിച്ചതാണ്. അദ്ദേഹത്തിന്റെ ‘വീണപൂവ്’ മനുഷ്യ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുള്ള ധ്യാനമാണ്. ‘കരുണ’ മനുഷ്യസ്നേഹത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നു. ‘ചണ്ഡാലഭിക്ഷുകി’ ജാതിവ്യവസ്ഥയെ ശക്തമായി ചോദ്യം ചെയ്യുന്നു. ‘ദുരവസ്ഥ’ സാമൂഹിക അനീതിക്കെതിരായ ശക്തമായ പ്രതിഷേധമാണ്. ഈ കൃതികളിലെല്ലാം ഗുരുവിന്റെ മനുഷ്യസമത്വദർശനത്തിന്റെ സ്വാധീനം വ്യക്തമായി കാണാം. ആശാൻ ഒരിക്കലും ഗുരുവിന്റെ ആശയങ്ങൾ പകർത്തിയില്ല; അവയെ സാഹിത്യത്തിന്റെ ഉയർന്ന തലത്തിലേക്ക് ഉയർത്തി.

സാഹിത്യം വെറും വിനോദത്തിനുള്ളതല്ല, സമൂഹത്തെ മാറ്റാനുള്ള ശക്തിയാണെന്ന് ഗുരു വിശ്വസിച്ചിരുന്നു. കുമാരനാശാൻ ആ വിശ്വാസം യാഥാർഥ്യമാക്കി. അദ്ദേഹത്തിന്റെ കവിതകൾ വായിച്ച യുവജനങ്ങൾ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യാൻ തുടങ്ങി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുവാൻ തുടങ്ങി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന ആശയം വ്യാപകമായി പ്രചരിച്ചു. ഇങ്ങനെ ഗുരുവിന്റെ പ്രഭാഷണങ്ങൾ എത്താത്തിടത്തേക്ക് പോലും ആശാന്റെ കവിതകൾ എത്തി. അവിടെയാണ് സാഹിത്യവും,സാമൂഹിക വിപ്ലവവും ഒന്നിച്ചുള്ള പ്രവർത്തനം എന്ന നൂതന ആശയം തന്നെ ഉടലെടുക്കുന്നത്.പില്കാലത്തുവന്ന പ്രസിദ്ധരായ കവികളും,രാഷ്ട്രീയ സാമൂഹിക പ്രവർത്തകരിലും ഇതൊരു പാദനോപാധിയുമായി മാറിയിട്ടുണ്ട്.

ഗുരുവിനോടുള്ള ആദരവ്

കുമാരനാശാൻ ജീവിതകാലം മുഴുവൻ ഗുരുവിനെ തന്റെ ആത്മീയ വഴികാട്ടിയായി കണക്കാക്കി.അദ്ദേഹം ഗുരുവിനെ പ്രശംസിച്ചത് വ്യക്തിപൂജയിലൂടെയല്ല; ഗുരുവിന്റെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടായിരുന്നു.ഗുരുവിന്റെ ജന്മദിനങ്ങൾ, സംഘടനാപരിപാടികൾ, സാമൂഹികപ്രവർത്തനങ്ങൾ എന്നിവയിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. ഗുരുവിന്റെ ഉപദേശങ്ങൾ സംഘടനയുടെ പ്രവർത്തനങ്ങളിൽ പ്രായോഗികമായി നടപ്പാക്കാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. ശ്രീ നാരായണ ഗുരു എല്ലാവരെയും ഒരുപോലെ സ്നേഹിച്ചിരുന്നുവെങ്കിലും, വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചത് കഴിവും ആത്മാർത്ഥതയും തെളിയിച്ചവർക്കായിരുന്നു. കുമാരനാശാനോട് ഗുരുവിന് പ്രത്യേക വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഘടനാപാടവം, ഭാഷാപരിജ്ഞാനം, എഴുത്തുകഴിവ്, ജനങ്ങളുമായി ഇടപഴകാനുള്ള ശേഷി എന്നിവ ഗുരു തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് എസ്.എൻ.ഡി.പി.യുടെ പ്രവർത്തനങ്ങളിൽ ആശാൻ കേന്ദ്രസ്ഥാനത്ത് എത്തിയത്. അങ്ങിനെ ആ ഗുരു ശിഷ്യ ബന്ധം വളർന്നതും.

ആശാന്റെ അകാലവിയോഗം

1924 ജനുവരി 16-ന് പള്ളനയാറ്റിൽ നടന്ന ബോട്ടപകടത്തിൽ കുമാരനാശാൻ അന്തരിച്ചു. കേരളത്തിന്റെ സാഹിത്യലോകത്തിനും സാമൂഹിക നവോത്ഥാനപ്രസ്ഥാനത്തിനും അത് വലിയ നഷ്ടമായി. ഗുരുവിനെ ഈ വാർത്ത ആഴത്തിൽ ദുഃഖിപ്പിച്ചു. അസാധാരണമായ ഒരു കവിയെയും വിശ്വസ്തനായ ഒരു സഹപ്രവർത്തകനെയും സമൂഹത്തിനു അന്ന് നഷ്ടമായി. ഈ ബോട്ടു അപകടത്തിന്റെ ദുരൂഹത ഇന്നും നിലനിൽക്കുന്ന ചോദ്യചിഹ്നമാണ്. ഗുരുവും കുമാരനാശാനും തമ്മിലുള്ള ഈ ആത്മബന്ധം കേരളത്തിന് നൽകിയ സംഭാവനകൾ അളവറ്റതാണ്.

ഗുരുവിന്റെ സമത്വസന്ദേശം സാഹിത്യത്തിലൂടെ ജനങ്ങളിലെത്തുകയും അത് നിലനിന്നിരുന്ന ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ശ്കതമായ സാഹിത്യത്തിന് തുടക്കമിടുകയും ചെയ്തു. മലയാള കവിതകൾക്ക് പുതിയ മാനവിക ദർശനം എന്നതിലുപരി സ്ത്രീസ്വാതന്ത്ര്യം, വിദ്യാഭ്യാസം, മനുഷ്യസമത്വം തുടങ്ങിയ ആശയങ്ങൾ ജനകീയമായി.ഒപ്പം മലയാള സാഹിത്യലോകത്തിനു ലോകോത്തര നിലവാരമുള്ള ദാർശനിക കവിതകൾ ലഭിക്കുകയും ചെയ്തു. സഘടനകൊണ്ട് ശക്തരാവുക എന്ന ഗുരുവിന്റെ ആശയത്തിന് ആശാനിലൂടെയുള്ള എസ് എൻ ഡി പി യുടെ വളർച്ച നിർണ്ണായക ഘടകമായി.

ഗുരുവും കുമാരനാശാനും തമ്മിലുള്ള ബന്ധം ഭാരതീയ ആത്മീയചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗുരു–ശിഷ്യബന്ധങ്ങളിൽ ഒന്നാണ്. ആ ബന്ധത്തിന്റെ അടിസ്ഥാനം അന്ധമായ അനുസരണമല്ലായിരുന്നു; അറിവിനോടുള്ള ആദരവും സത്യത്തോടുള്ള പ്രതിബദ്ധതയും മനുഷ്യസ്നേഹവുമായിരുന്നു.

ശ്രീ നാരായണ ഗുരു കുമാരനാശാനെ ഒരു കവി മാത്രമാക്കി വളർത്തിയില്ല; സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു സാഹിത്യകാരനാക്കി. കുമാരനാശാൻ ഗുരുവിനെ ഒരു ആത്മീയഗുരുവായി മാത്രം കണ്ടില്ല; പുതിയൊരു കേരളത്തെ സ്വപ്നം കണ്ട മഹാദർശനിയായാണ് കണ്ടത്. അതുകൊണ്ടുതന്നെ, ഇന്നും ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം മലയാളികളുടെ മനസ്സിൽ ജീവിക്കുന്നത് അദ്ദേഹത്തിന്റെ ഉപദേശങ്ങളിലൂടെ മാത്രമല്ല; കുമാരനാശാന്റെ കവിതകളിലൂടെയും കൂടിയാണ്.

തുടരും…

Leave a Comment

More News