ഡാളസ് (ടെക്സാസ്): പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ (WMC) മുപ്പതാമത് വാർഷിക ഗ്ലോബൽ അന്താരാഷ്ട്ര സമ്മേളനം 2026 ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ ടെക്സാസിലുള്ള ഡാളസിൽ വെച്ച് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വൈവിധ്യമാർന്ന സെമിനാറുകൾ, ചർച്ചാ സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
1995-ൽ ന്യൂജേഴ്സിയിൽ രൂപീകൃതമായ വേൾഡ് മലയാളി കൗൺസിൽ ഇന്ന് ലോകമെമ്പാടുമുള്ള 40-ഓളം രാജ്യങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ ആഗോള മലയാളി കൂട്ടായ്മയായി വളർന്നു കഴിഞ്ഞു. ആഗോളതലത്തിൽ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയിലും ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകി വരുന്നു.
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ സംഘടന നടപ്പിലാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. കൊല്ലം ജില്ലയിലെ പത്തനാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാന്ധിഭവനുമായി സഹകരിച്ച് 2025 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ 25 നിർധന പെൺകുട്ടികളുടെ സമൂഹവിവാഹം WMC വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഇതിൽ 10 പേർ ഗോത്രവർഗ (വനവാസി) വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളായിരുന്നു. അർഹരായ വധൂവരന്മാർക്ക് സാമ്പത്തിക സഹായവും സ്വർണ്ണവും മറ്റ് ജീവിതസൗകര്യങ്ങളും നൽകി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് മംഗല്യസംഗമം നടത്തിയത്.
വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ദ്വിവത്സര സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലുടനീളം വിവിധ ജില്ലകളിലായി നിർധനരായ 15 കുടുംബങ്ങൾക്കും, അർഹരായ 25 ആദിവാസി (വനവാസി) കുടുംബങ്ങൾക്കും സുരക്ഷിതമായ ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന ബൃഹത്തായ പദ്ധതിയുടെ പ്ലാനിംഗ് പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ലോകമലയാളികളുടെ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ഗ്ലോബൽ സമ്മേളനത്തിന് ശക്തമായ നേതൃത്വമാണ് സംഘടന നൽകുന്നത്.
ഗ്ലോബൽ ചെയർമാൻ: ഗോപാലപിള്ള (യു.എസ്.എ), ഗ്ലോബൽ പ്രസിഡന്റ്: ജോൺ മത്തായി (യു.എ.ഇ), ജനറൽ സെക്രട്ടറി: ക്രിസ്റ്റഫർ വർഗീസ് (യു.എ.ഇ), ഗ്ലോബൽ ട്രഷറർ: ശശികുമാർ നായർ (ഇന്ത്യ) , ജോൺസൻ തലച്ചെല്ലൂർ ജനറൽ കൺവീനർ (യു.എസ്.എ) എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ കോർഡിനേറ്ററുമ്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രവർത്തനം ആരംഭിച്ചു.
നൈനാൻ മത്തായി (ഫിലാഡൽഫിയ), പ്രൊഫ. സാം മണ്ണിക്കരോട്ട് (ന്യൂയോർക്ക്), ജോളി പടിയാറ്റിൽ (ജർമ്മനി), ബാബു തളങ്ങത്തിൽ (ബഹ്റൈൻ), അഡ്വ. എം. ജി. ശ്രീജിത്ത് (ഇന്ത്യ), അനീഷ് ജെയിംസ് (അമേരിക്ക) എന്നിവർ ഈ സമ്മേളനത്തിന് നേതൃത്വം നൽകുന്നു.
ലോകത്താകമാനമുള്ള മലയാളികളുടെ ഉന്നമനത്തിനും പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിനും ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ ഡാളസ് ഗ്ലോബൽ സമ്മേളനമെന്ന് ഭാരവാഹികൾ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ അവാർഡ് പുനലൂർ സോമരാജനും മൊബി കരേടത്ത് ബാബുവിനും.
ജീവകാരുണ്യ രംഗത്തെ പ്രമുഖനും പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ (PACE Education Group) സ്ഥാപകനുമായിരുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥം, വേൾഡ് മലയാളി കൗൺസിൽ (WMC) ഏർപ്പെടുത്തിയ ‘ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ്’ (Humanitarian Golden Lantern Award) പ്രമുഖ ഗാന്ധിയനും ജീവകാരുണ്യ, സാമൂഹിക-സാംസ്കാരിക പ്രവർത്തകനും 2,000-ത്തിലധികം നിരാശ്രയർക്ക് അഭയവും തണലുമേകുന്ന ഗാന്ധിഭവൻ അഭയകേന്ദ്രങ്ങളുടെ സ്ഥാപകനുമായ പുനലൂർ സോമരാജന് സമ്മാനിക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് (WMC Global Business Excellence Award) എൻകോഴ്സ് (Encourse) പ്രസ്ഥാനത്തിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ മൊബി കരേടത്ത് ബാബുവിന് സമ്മാനിക്കും.
ഈ സമ്മേളനവേളയിൽ, യു.എ.ഇ., ഇന്ത്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, 20,000-ത്തിലധികം വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകുന്ന സ്കൂളുകളും കോളേജുകളും ഉൾപ്പെടുന്ന പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ പാവനസ്മരണയ്ക്കു മുന്നിൽ WAC ആദരാഞ്ജലികൾ അർപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്ത് ദീർഘവീക്ഷണത്തോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും വരുംതലമുറകൾക്കും പ്രചോദനമായി നിലകൊള്ളും.
കൂടുതൽ വിവരങ്ങൾക്ക്: ഗോപാല പിള്ള (ഗ്ലോബല്‍ ചെയര്മാന്) +1 214-684-3449, ജോണ്‍ മത്തായി (ഗ്ലോബല്‍ പ്രസിഡന്റ്) +971-50-481-1206, ക്രിസ്റ്റ്ഫര്‍ വര്‍ഗീസ് (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി) +971-50-281-2583.

