കേരളത്തിലായാലും പ്രവാസ ലോകത്തിലായാലും നമ്മുടെ ഗൃഹാതുരത്വത്തെ ഇത്രമേൽ തൊട്ടുണർത്തുന്ന മറ്റൊരാഘോഷവും മലയാളിക്കില്ലാ എന്നത് ശ്രദ്ധേയമാണ്!
മനുഷ്യൻ തീർത്ത മതിൽക്കെട്ടുകൾക്കെല്ലാം അപ്പുറത്ത് ഹൃദയസമന്വയത്തിന്റെ ഒരു ആത്മീയത യാത്രയായി ഓരോ ഓണവും ആഘോഷിക്കുന്നു. ഞാനെന്നും നീയെന്നുമുള്ള അകലങ്ങളും, അത് തീർക്കുന്ന അതിരുകളും ക്രമേണ ഇല്ലാതെയാകുന്നു എന്നതാണ് ഓണാഘോഷങ്ങളുടെ പൈതൃകം. ദേശീയഉത്സവം എന്നതിലുപരി മനുഷ്യനിലെ ആത്മീയദര്ശങ്ങളെ വേരൂട്ടി വളർത്തുന്ന നല്ല അനുഭവങ്ങൾ എന്നും മലയാളിക്ക് പ്രദാനം ചെയ്തിട്ടുണ്ട്.
അസുരരാജാവായ മഹാബലിയുടെയും വാമനന്റെയും പുരാണപ്രസിദ്ധമായ കഥ ഓണാഘോഷങ്ങൾക്ക് വിശേഷപ്പെട്ട ഒരു മിത്തുകൂടിയാണ്..
പുരാതനകാലത്തെ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓണാഘോഷങ്ങളിലൂടെ തെളിമപ്പെടുന്നു.
മാവേലി തമ്പുരാൻ നാടിന്റെ ഐശ്വര്യം ദർശിക്കുവാൻ വിരുന്നെത്തുന്നത് ഭൂമിയുടെ ആഴങ്ങളിൽ നിന്നാണ്. ഭൂമിയുടെ മടിത്തട്ടിലാണ് സമൃദ്ധിയുടെ സ്വർഗ്ഗം എന്ന പ്രകൃത്യാവബോധം നമ്മളിൽ തട്ടി ഉണർത്തുന്ന അവസരങ്ങളാണ് ഓണാഘോഷങ്ങളിൽ തെളിഞ്ഞു കാണുന്നത്.
പോസിറ്റീവ് ആയ ചിന്തകൾ മനസ്സുകളിൽ പ്രതിഫലിക്കുന്ന നന്മകളുടെ വിളവെടുപ്പ് അവസരങ്ങളായി ഓണാഘോഷങ്ങൾ രൂപപ്പെട്ടു കാണുന്ന ആഘോഷമാണ്.പഞ്ഞ മാസമെന്നു പൂർവികൾ കരുതിയിരുന്ന കർക്കടകത്തിന്റെ ദുഃഖങ്ങൾ…. പെരുമഴ പെയ്ത് മാഞ്ഞുപോയശേഷം വിരുന്നെത്തുന്ന ചിങ്ങമാസം. പ്രതീക്ഷകളുടെ പുതുനാമ്പുകൾ വിതറുന്ന പൊന്നിൻ ചിങ്ങമാസത്തിൽ അത്തം മുതൽ തിരുവോണംവരെ മലയാളിയുടെ തിരുമുറ്റങ്ങളിൽ വർണ്ണപൊലിമയാർന്ന് വിടർന്ന് വിലസുന്ന പൂക്കങ്ങൾ ഹൃദ്യമായ കാഴ്ച ഓണ ആഘോഷങ്ങളുടെ മാറ്റൊലിയായി കാലങ്ങളായി നാം ദർശിച്ചു കൊണ്ടിരിക്കുന്നു .
രുചിയുടെ വൈവിധ്യങ്ങളിൽ ഒരുങ്ങുന്ന വിരുന്നാണ് മറ്റൊരു ഓണവിശേഷം. തിരുവോണസദ്യയുടെ രുചിമേളനങ്ങളിലൂടെയാണ് മലയാളി ഓണത്തെ വരവേൽക്കുന്നത്.
പൂർവികരുടെ കാലത്തു നിലനിന്നിരുന്ന പഴമൊഴി ആയിരുന്നു ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നത്.പൂർവികർ ഓണാഘോഷത്തെ എത്ര മാത്രം പ്രാധാന്യത്തോടു കൂടി ആണ് കണ്ടുവെന്നത് ഈ പഴമൊഴിയിൽ നിന്നും വ്യക്തമാണ്. അത്ര വിശേഷമായി പരിഗണിക്കപ്പെട്ടുപോന്ന ഒരു ആചാരം കൂടിയായിരുന്നു ഇത് എന്ന് മനസ്സിലാക്കുമ്പോൾ എല്ലാ കൂട്ടിവയ്പുകളും ഒരു പരിധിക്കപ്പുറം അർത്ഥശൂന്യമാണ് എന്ന തിരിച്ചറിവും ഓണാഘോഷത്തിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശമാണ്.
ചിങ്ങമാസത്തിൽ, മലയാളിയുടെ പുതുവർഷത്തിൽ, സന്തോഷപൂർവ്വം നൽകപ്പെടുന്ന വസ്ത്രമായതുകൊണ്ടാവാം ഓണക്കോടി നമ്മുടെയെല്ലാം ഉള്ളിലെ വസ്ത്രസങ്കല്പങ്ങളെ ഇത്രയേറെ സ്വാധീനിച്ചത്. സ്നേഹപൂർവ്വം നല്കപ്പെടുന്നതെല്ലാം, അത് അന്നമായാലും വസ്ത്രമായാലും, അത് മനുഷ്യന്റെ ജീവിതത്തിൽ എത്ര അനിവാര്യമാണ് എന്ന് ചിന്തിക്കുമ്പോൾ ഓണക്കോടിയുടെയും തിരുവോണസദ്യയുടെയുമെല്ലാം പ്രസക്തി നമുക്കിന്ന് ബോധ്യമാകും.
എന്തു നൽകുമ്പോഴും സ്നേഹത്തോടെ നൽകുവാനും, സ്വീകരിക്കുന്നതെന്തും തികഞ്ഞനന്ദിയോടെ, ആദരവോടെ കൈക്കൊള്ളുവാനും നൽകുന്ന അവസരങ്ങളായി മാറണം നമ്മുടെ ഓണാഘോഷങ്ങൾ.
എല്ലാ മലയാളികൾക്കും എന്റെ ഓണാശംസകൾ നേരുന്നു.
