തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ റിപ്പോർട്ടർ ടിവിയുടെ ഓഫിസിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധന നിയമപരമായ നടപടിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മാധ്യമ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയതിനെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നതിനെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്തും മാധ്യമ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധനകളും മാധ്യമ പ്രവർത്തകർക്കെതിരെ കേസുകളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാനത്തും ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്. ജി.എസ്.ടി ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്നും കായിക വകുപ്പിന്റെ റിപ്പോർട്ടിലും ഗൗരവമുള്ള കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന ആരോപണവുമായി ചാനൽ മാനേജ്മെന്റും ജീവനക്കാരും രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ സ്വീകരിച്ച പൊലീസ് നടപടികളുടെ പട്ടിക സതീശൻ മുന്നോട്ടുവച്ചത്.
2017ൽ മംഗളം ടിവി ഓഫിസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയും സി.ഇ.ഒ ഉൾപ്പെടെ അഞ്ച് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം മുഖ്യമന്ത്രി ഓർമിപ്പിച്ചു. 2023 മാർച്ചിൽ ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിൽ പൊലീസ് പരിശോധന നടത്തി എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റീജിയണൽ എഡിറ്റർ ഷാജഹാൻ കാളിയത്ത് എന്നിവർക്കെതിരെ കേസെടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറുനാടൻ മലയാളിയുടെ ഓഫിസിൽ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്ത സംഭവവും മുഖ്യമന്ത്രി പരാമർശിച്ചു. നവകേരള സദസ്സുമായി ബന്ധപ്പെട്ട ചെരുപ്പേറ് കേസിൽ 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ റിപ്പോർട്ടർക്കെതിരെ കേസെടുത്തതും എസ്.എഫ്.ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയതും അദ്ദേഹം എടുത്തുപറഞ്ഞു.
മാധ്യമ സ്ഥാപനമാണെന്ന കാരണത്താൽ നിയമപരമായ അന്വേഷണത്തിൽ നിന്ന് പ്രത്യേക ഇളവ് ലഭിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അന്വേഷണ ഏജൻസികൾ നിയമാനുസൃതമായി നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ അതിൽ ഇടപെടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
