തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു, പാലിയോട് കോൺഗ്രസ് ഓഫീസിൽ തീപിടിത്തം

തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസിന് നേരെ കല്ലേറുണ്ടായപ്പോൾ, നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു.

ഡിസിസി ഓഫീസിന് നേരെ കഴിഞ്ഞ രാത്രിയായിരുന്നു കല്ലേറ്. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മുൻവശത്തെ ചില്ലുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്.

നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലുള്ള ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിനും രാത്രിയിൽ ആക്രമണമുണ്ടായി. അജ്ഞാതർ ഓഫീസിന് തീയിട്ടതായാണ് വിവരം. കെട്ടിടത്തിന്റെ ഭാഗങ്ങളും അവിടെയുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകളും കത്തിനശിച്ചു. നാട്ടുകാർ സമയോചിതമായി ഇടപെട്ട് തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങൾ നടന്നുവരുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ.

ഇതിനിടെ നെയ്യാറ്റിൻകരയിൽ കായിക മന്ത്രി ഒ. ജെ. ജനീഷിന്റെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞിരുന്നു. പത്താംകല്ലിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രിയുടെ വാഹനം കെ.എ.എല്ലിന് സമീപം തടഞ്ഞ പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചു. തുടർന്ന് ബിജെപി-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

സംഘർഷത്തിനിടെ അതുവഴിയെത്തിയ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിലേക്ക് തള്ളിയിട്ടതായും ആരോപണമുണ്ട്. കൈയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

സംഭവത്തിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിസിസി ഓഫീസ് സന്ദർശിച്ചു. കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Comment

More News