ആറു മാസമായി സെക്രട്ടറിയില്ല; അസി. സെക്രട്ടറിയും അവധിയിൽ; ഫയൽ തീർപ്പാക്കലും സർട്ടിഫിക്കറ്റ് വിതരണവും വൈകുന്നതായി പരാതി
മാള: മാള ഗ്രാമപഞ്ചായത്തിലെ പ്രധാന ഉദ്യോഗസ്ഥ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് ഓഫീസ് പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി പരാതി. ആറു മാസത്തോളമായി പഞ്ചായത്ത് സെക്രട്ടറിയുടെ കസേര ഒഴിഞ്ഞു കിടക്കുന്നതിനിടെ, അസിസ്റ്റന്റ് സെക്രട്ടറിയും ഒരു മാസത്തോളമായി അവധിയിലായതോടെ ഇരുവരുടെയും ചുമതലകൾ ജൂനിയർ സൂപ്രണ്ടിന്റെ ചുമലിലായിരിക്കുകയാണ്.
പഞ്ചായത്തിന്റെ ദൈനംദിന ഭരണനിർവഹണത്തിൽ നിർണായകമായ രണ്ട് തസ്തികകളുടെയും ഉത്തരവാദിത്തം ഒരാൾക്ക് വഹിക്കേണ്ടിവന്നതോടെ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിലും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിലും കാലതാമസം നേരിടുന്നതായാണ് ആക്ഷേപം. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നതെന്നാണ് പരാതി.
മാള പഞ്ചായത്തിൽ സ്ഥിരം സെക്രട്ടറിയെ നിയമിക്കണമെന്ന ആവശ്യം മാസങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ലെന്നാണ് ആക്ഷേപം. സെക്രട്ടറിയുടെ ഒഴിവ് നികത്താതെ തുടരുന്നതിനിടെയാണ് അസിസ്റ്റന്റ് സെക്രട്ടറിയും അവധിയിൽ പ്രവേശിച്ചത്. ഇതോടെ സെക്രട്ടറിയുടെയും അസിസ്റ്റന്റ് സെക്രട്ടറിയുടെയും അധിക ചുമതലകൾ ജൂനിയർ സൂപ്രണ്ട് നിർവഹിക്കേണ്ട സാഹചര്യമുണ്ടായി.
ഓഫീസിലെ പതിവ് ജോലികൾക്കുപുറമേ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ പങ്കെടുക്കേണ്ട ഔദ്യോഗിക യോഗങ്ങൾ, വിവിധ വകുപ്പുകളുമായുള്ള ഏകോപനം, സ്ഥലം പരിശോധനകൾ, ഫയലുകളിലെ തീരുമാനങ്ങൾ തുടങ്ങിയ ചുമതലകളും ജൂനിയർ സൂപ്രണ്ടിന് നിർവഹിക്കേണ്ടിവരുന്നതായി പറയുന്നു. ഇതോടെ ഒരേസമയം നിരവധി ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്.
വിവിധ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ, അനുമതികൾ, ഫയൽ പരിശോധന, ഔദ്യോഗിക രേഖകളുടെ വിതരണം തുടങ്ങിയ സേവനങ്ങൾ വൈകുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. അടിയന്തരമായി തീർപ്പാക്കേണ്ട ചില ഫയലുകൾ പോലും ഉദ്യോഗസ്ഥരുടെ കുറവ് കാരണം വൈകുന്നുവെന്നാണ് ആരോപണം.
പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലം മാറ്റവും നിയമനവുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന തലത്തിൽ കഴിഞ്ഞ മാസങ്ങളിൽ പലതവണ നടന്നിട്ടും മാളയിലെ ഒഴിവിലേക്ക് സ്ഥിരം സെക്രട്ടറിയെ നിയമിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. അഞ്ച് മാസത്തിനിടെ അഞ്ച് തവണ സ്ഥലംമാറ്റ-നിയമന നടപടികൾ നടന്നിട്ടും മാളയ്ക്ക് സെക്രട്ടറി ലഭിച്ചില്ലെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.
മാള സ്വദേശികളായ ചില പഞ്ചായത്ത് സെക്രട്ടറിമാർ സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും മാള പഞ്ചായത്തിലേക്ക് നിയമനം സ്വീകരിക്കാൻ പലരും താൽപര്യം കാണിക്കുന്നില്ലെന്നാണ് ജീവനക്കാരിൽ ഒരു വിഭാഗം പറയുന്നത്.
പഞ്ചായത്തുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന വിവിധ നിയമവ്യവഹാരങ്ങളും തർക്കങ്ങളും ഇതിന് ഒരു കാരണമാകാമെന്നാണ് ഇവരുടെ വിലയിരുത്തൽ. ചില കേസുകളിൽ പഞ്ചായത്ത് വാദിയായും മറ്റു ചിലതിൽ എതിർകക്ഷിയായും തുടരുന്ന സാഹചര്യമുണ്ട്. ഭരണപരമായ തർക്കങ്ങളും വിവാദങ്ങളും തുടർച്ചയായി ഉണ്ടാകുന്നത് ഉദ്യോഗസ്ഥരിൽ അധിക ജോലിഭാരവും മാനസിക സമ്മർദവും സൃഷ്ടിക്കുന്നുവെന്ന അഭിപ്രായവും ജീവനക്കാർക്കിടയിലുണ്ട്.
സെക്രട്ടറി നിയമനം നീളുന്നതിനെതിരെ രാഷ്ട്രീയ വിമർശനവും ഉയർന്നിട്ടുണ്ട്. മാള ഉൾപ്പെടുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ. സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ പോലും പഞ്ചായത്തിലേക്ക് സ്ഥിരം സെക്രട്ടറിയെ നിയമിക്കാൻ കഴിയാത്തത് ഭരണപരമായ വീഴ്ചയാണെന്ന് ബി.ജെ.പി. മാള മണ്ഡലം പ്രസിഡന്റ് സി.എസ്. അനുമോദ് ആരോപിച്ചു.
പ്രധാന ഉദ്യോഗസ്ഥ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒടുവിൽ അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
സെക്രട്ടറിയുടെയും അസിസ്റ്റന്റ് സെക്രട്ടറിയുടെയും ചുമതലകൾ ഒരൊറ്റ ഉദ്യോഗസ്ഥനിൽ കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലെ ‘ഓൾ ഇൻ വൺ’ സംവിധാനം എത്രനാൾ തുടരുമെന്നതാണ് ഇപ്പോൾ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ചോദ്യം. സ്ഥിരം സെക്രട്ടറിയെ അടിയന്തരമായി നിയമിച്ച് പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
