ആറു മാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ സജീവമാക്കാൻ നീക്കം; അർഹരായ കുടുംബങ്ങളുടെ മുൻഗണനാവകാശം സംരക്ഷിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: ആറു മാസമായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ സജീവമായി നിലനിർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ കാർഡ് ഓരോ കുടുംബത്തിന്റെയും അടിസ്ഥാന രേഖയാണെന്നും അർഹരായ ഒരാൾക്കും അത് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
റേഷൻ കാർഡുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. കേന്ദ്രം ഇക്കാര്യത്തിൽ ഔദ്യോഗിക നടപടി സ്വീകരിക്കുന്ന സാഹചര്യമുണ്ടായാൽ കാർഡുടമകളുടെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ സംസ്ഥാനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ അരലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകളുമായി ബന്ധപ്പെട്ടാണ് ആശങ്ക നിലനിൽക്കുന്നത്. ദീർഘകാലമായി റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ റേഷൻ കടകൾ മുഖേന ശേഖരിച്ചുവരികയാണ്. ഇവരെ കണ്ടെത്തി കേന്ദ്രത്തിന്റെ നിർദേശങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
റേഷൻ കടകൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചതിന് പിന്നാലെ നേരത്തെ റേഷൻ വാങ്ങാതിരുന്ന നിരവധി പേർ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി റേഷൻ വാങ്ങാനെത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. റേഷൻ വാങ്ങുന്നതോടെ കാർഡ് മരവിപ്പിക്കപ്പെടുമെന്ന ആശങ്ക ഒഴിവാകും. ഇ-കെവൈസി നടപടികൾ പൂർത്തിയാക്കി ആവശ്യമായ ഫോം സമർപ്പിച്ചാൽ കാർഡ് വീണ്ടും സജീവമാക്കാനും കഴിയും. അതിനാൽ വലിയ തോതിൽ കാർഡുകൾ മരവിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ആരുടെയും റേഷൻ കാർഡ് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നതാണ് സർക്കാരിന്റെ വ്യക്തമായ നിലപാട്. റേഷൻ കാർഡ് ഓരോ കുടുംബത്തിനും അർഹതപ്പെട്ട രേഖയാണ്. അർഹരായ കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ അവകാശവും നിലനിർത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രവാസം, കുടുംബാംഗങ്ങളുടെ മരണം, വരുമാന വർധന തുടങ്ങിയ വിവിധ കാരണങ്ങളാൽ റേഷൻ വാങ്ങാത്തവരുണ്ട്. ഇത്തരത്തിൽ ഒഴിവാകുന്ന മുൻഗണനാ കാർഡുകൾക്ക് പകരം അർഹരായ മറ്റു കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ അനുവദിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ നിലവിൽ മുൻഗണനേതര വിഭാഗത്തിലുള്ള അർഹരായ കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനും ആകെ കാർഡുകളുടെ എണ്ണം നിലനിർത്താനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഏകദേശം അഞ്ചുലക്ഷത്തോളം നീല, വെള്ള റേഷൻ കാർഡുകളാണ് മരവിപ്പിക്കൽ പരിധിയിൽ വരാൻ സാധ്യതയുള്ളത്. ഈ വിഭാഗത്തിലുള്ളവർക്ക് സംസ്ഥാന സർക്കാർ ടൈഡ് ഓവർ വിഹിതത്തിൽ നിന്നാണ് ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. ഇവരെ ഒഴിവാക്കുന്ന കാര്യം കേന്ദ്രസർക്കാർ നിലവിൽ പരിഗണിക്കുന്നില്ലാത്തതിനാൽ നീല, വെള്ള കാർഡുടമകൾക്ക് ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് പിഡിഎസ് പദ്ധതിയോട് സംസ്ഥാനത്തിന് എതിർപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. 2024-ൽ സംസ്ഥാനം പദ്ധതിയിൽ ഒപ്പുവച്ചതിനാൽ അതിൽ നിന്ന് പിന്മാറേണ്ട സാഹചര്യമില്ല.
അതേസമയം, അർഹരായ കുടുംബങ്ങളുടെ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അധികാരവും അവകാശവും സംസ്ഥാനത്തിന് തുടർന്നും ലഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം കേന്ദ്ര ഭക്ഷ്യമന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലും ഈ ആവശ്യം സംസ്ഥാനം ശക്തമായി ഉന്നയിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
