ശ്രീലേഖയുടെ രാജിനീക്കം; തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് നിർണായക പ്രതിസന്ധി

50 അംഗങ്ങളുള്ള ബിജെപി ഭരണത്തിന് ഭൂരിപക്ഷക്കുരുക്ക്; അനുനയ നീക്കവുമായി കേന്ദ്ര-സംസ്ഥാന നേതൃത്വം, രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതോടെ നഗരസഭയിലെ ബിജെപി ഭരണത്തിന് മുന്നിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധി. പാർട്ടി നേതൃത്വം തന്നെ നിരന്തരം അവഗണിക്കുകയും ഒതുക്കിനിർത്തുകയും ചെയ്യുന്നുവെന്ന അതൃപ്തിയാണ് രാജിനീക്കത്തിന് പിന്നിലെന്നാണ് സൂചന. ശ്രീലേഖയെ തീരുമാനം പിൻവലിപ്പിക്കാൻ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ശക്തമായ അനുനയശ്രമം ആരംഭിച്ചിട്ടുണ്ട്.

സെപ്റ്റംബർ 30ന് ശ്രീലേഖ രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറിയിരുന്നു. തന്റെ വാർഡിലെ വോട്ടർമാർക്കായി അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ ഞായറാഴ്ച ജില്ലാ കളക്ടർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും രാജി സമർപ്പിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നായിരുന്നു വിശദീകരണം. എന്നാൽ പിന്നീട് ഈ സന്ദേശം ശ്രീലേഖ പിൻവലിച്ചു.

101 അംഗ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് 50 കൗൺസിലർമാരാണുള്ളത്. ഇവരിൽ ആർ. സുഗതൻ നിലവിൽ കെഎഎപിഎ കേസിൽ ജയിലിലാണ്. ഈ സാഹചര്യത്തിൽ ശ്രീലേഖ കൂടി കൗൺസിലർ സ്ഥാനം ഒഴിഞ്ഞാൽ, ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ബിജെപി പിടിച്ചെടുത്ത കോർപ്പറേഷൻ ഭരണം കൂടുതൽ സമ്മർദത്തിലാകും. പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി രംഗത്തെത്താനുള്ള സാധ്യതയും ഇതോടെ ശക്തമാകും.

എൽഡിഎഫിന് 29ഉം യുഡിഎഫിന് 20ഉം അംഗങ്ങളാണുള്ളത്. ശേഷിക്കുന്ന രണ്ട് സീറ്റുകൾ സ്വതന്ത്രരുടെ കൈവശമാണ്. നിലവിൽ ഒരു സ്വതന്ത്ര കൗൺസിലറുടെ പിന്തുണയും ബിജെപി ഭരണത്തിന് നിർണായകമാണ്.

സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായ ആർ. ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന സൂചന നൽകിയാണ് ബിജെപി ശാസ്തമംഗലത്ത് മത്സരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കോർപ്പറേഷനിൽ അധികാരം നേടിയതിന് പിന്നാലെ വി.വി. രാജേഷിനെയാണ് പാർട്ടി മേയറാക്കിയത്.

പിന്നീട് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ശ്രീലേഖയെ മത്സരിപ്പിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഴുവൻ വോട്ടുകളും തനിക്ക് ലഭിച്ചില്ലെന്ന ആരോപണം ശ്രീലേഖ അന്നുതന്നെ ഉയർത്തിയിരുന്നു.

ദേശീയ വനിതാ കമ്മീഷൻ അംഗമായി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നെങ്കിലും അതും യാഥാർഥ്യമായില്ല. തുടർച്ചയായ ഈ സംഭവങ്ങൾ ശ്രീലേഖയുടെ അതൃപ്തി വർധിപ്പിച്ചെന്നാണ് പാർട്ടി വൃത്തങ്ങളിലെ വിലയിരുത്തൽ.

കൗൺസിലർ സ്ഥാനം ഔദ്യോഗികമായി ഒഴിയുന്നതിന് രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതുണ്ട്. ശ്രീലേഖ ഇതുവരെ ഈ നടപടി പൂർത്തിയാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനും രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനും ബിജെപിക്ക് സമയം ലഭിച്ചിട്ടുണ്ട്.

മേയർ വി.വി. രാജേഷിനൊപ്പം പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളും ശ്രീലേഖയുമായി ആശയവിനിമയം തുടരുകയാണ്. ശ്രീലേഖ രാജിവച്ചാൽ ആറുമാസത്തിനുള്ളിൽ ശാസ്തമംഗലം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ശനിയാഴ്ച ഡൽഹിയിൽ നിന്ന് ശ്രീലേഖയുമായി ഫോണിൽ സംസാരിച്ചു. പ്രശ്നം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി അദ്ദേഹം ഞായറാഴ്ച തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.

രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള വാട്ട്‌സ്ആപ്പ് സന്ദേശം ശ്രീലേഖ പിൻവലിച്ചതെന്നതും ശ്രദ്ധേയമാണ്. ചർച്ചകളിലൂടെ രാജിനീക്കം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

ഇതിനിടെ ശ്രീലേഖ കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

Leave a Comment

More News