ജീവിക്കാൻ മതം ആവശ്യമാണോ?! (ലേഖനം): ജയശങ്കര്‍ പിള്ള

ഒരു മനുഷ്യ ജീവൻ ജന്മം കൊള്ളുമ്പോൾ അവന്റെ/അവളുടെ നെറ്റിയിൽ മതത്തിന്റെ പേരോ ജാതിയുടെ അടയാളമോ എഴുതപ്പെട്ടിട്ടില്ല. മനുഷ്യകുലത്തിലേക്കാണ് ആ ജീവൻ ഉദയം കൊള്ളുന്നത്. മതവും, ജാതിയും, വിശ്വാസങ്ങളും, ഭാഷയും, ദേശവും രാഷ്ട്രീയവുമെല്ലാം പിന്നീട് അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സാമൂഹിക തിരിച്ചറിവുകളാണ്. മനുഷ്യനെ നന്മയിലേക്കും ധാർമ്മികതയിലേക്കും നയിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് മതചിന്തകൾ രൂപപ്പെട്ടത്. എന്നാൽ, കാലം കടന്നപ്പോൾ മതം പലപ്പോഴും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വഴിയാകുന്നതിനു പകരം മനുഷ്യർക്കിടയിൽ മതിലുകൾ പണിയുന്ന ഉപാധിയായി മാറിയിരിക്കുന്നു. മതത്തിനു പിന്നാലെ വിശ്വാസ, ആചാര, അനുഷ്ഠാന പ്രമാണങ്ങൾ കൂടി സംന്ദരമായി മനുഷ്യനിൽ സ്വാധീനം ചെലുത്തി. അതുകൊണ്ടുതന്നെ ഇന്നുകളിൽ ഉയർന്നുവരേണ്ടുന്ന ചോദ്യം “ഏത് മതമാണ് ശരി?” എന്നതിലുപരി “മനുഷ്യനായി ജീവിക്കാൻ മതം അനിവാര്യമാണോ?” എന്നതാണ്. ആ തരത്തിലുള്ള സാമൂഹിക സംവാദങ്ങൾക്കാണ് പൊതു സമൂഹം ഊന്നൽ നൽകേണ്ടത്.

ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യനെ അതിശയകരമായ പുരോഗതിയിലേക്ക് നയിച്ചിട്ടും മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിദ്വേഷവും സംഘർഷവും ലോകത്തിന്റെ പല ഭാഗങ്ങളിലും എല്ലാ രാഷ്ട്രങ്ങളിലും തുടരുന്നു. മനുഷ്യന്റെ വിശപ്പിന് മതമില്ല, വേദനയ്ക്ക് മതമില്ല, കണ്ണീരിന് മതമില്ല, മരണത്തിനും മതമില്ല, ശരീരത്തിൽ ചക്രമണം നടത്തുന്ന രക്തത്തിനു മതമില്ല, ആന്തരികമോ, ബാഹ്യമോ ആയ അവയവങ്ങൾക്ക് മതമില്ല.. മനുഷ്യർ തമ്മിലുള്ള ബുദ്ധിശക്തിയിലും, കഴിവുകളിലും, സാമ്പത്തീക ഭദ്രതയിലും, വ്യത്യാസങ്ങൾ ഉണ്ടാകാം എന്നാൽ, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനേക്കാൾ ജന്മനാ ഉയർന്നവനോ താഴ്ന്നവനോ അല്ല. പ്രകൃതി മനുഷ്യർക്കിടയിൽ മതത്തിന്റെയോ ജാതിയുടെയോ മതിലുകൾ പണിതിട്ടില്ല, അവ മനുഷ്യൻ തന്നെയാണ് സൃഷ്ടിച്ചത്. ആ സൃഷ്ടിപ്പിന് ദൈവവിശ്വാസത്തിന്റെ കൂടി പിൻബലം കൂട്ടിച്ചേർക്കപ്പെടുകയാണുണ്ടായത്.

മതവിശ്വാസം ഓരോ വ്യക്തിയുടെയും ആത്മീയ സ്വാതന്ത്ര്യമാണ്. ഒരാൾക്ക് ദൈവത്തിൽ വിശ്വസിക്കാം, മറ്റൊരാൾക്ക് വിശ്വസിക്കാതിരിക്കാം. ഒരാൾക്ക് ക്ഷേത്രത്തിൽ ആത്മീയതയും,സന്തോഷവും കണ്ടെത്താം, മറ്റൊരാൾക്ക് പള്ളിയിലോ മസ്ജിദിലോ പ്രകൃതിയിലോ മനുഷ്യസേവനത്തിലോ ആത്മീയ ആനന്ദവും,സന്തോഷം കണ്ടെത്താം. ദൈനംദിന ജീവിതത്തിലെ ദുർഘടമായ യാത്രകളിൽ മനുഷ്യന് അല്പം മാനസിക ഉല്ലാസവും, സമാധാനവും, ഏകാന്തതയും, ലഭിക്കുവാൻ ഉപയുക്തമായ ഒന്നാണ് പ്രാർത്ഥനാ വേളകൾ, ഈ സ്വകാര്യമായ നിമിഷങ്ങളിലേക്കാണ് മതം എന്ന മതിൽ തീവൃമായ വേർതിരിവുകൾ സൃഷ്ടിച്ചുകൊണ്ട് വില്ല് തീർക്കുന്നത്. അർഥ, ദൈവ വിശ്വാസം, ആചാരം, അനുഷ്ഠാനം, ഭക്തി എന്നിവ, ഇവ പാലിച്ചുവരുന്ന വ്യത്യസ്ത രീതികൾ മനുഷ്യരെ ശത്രുക്കളാക്കാനുള്ള കാരണമാകരുത്. എന്നാൽ, മതത്തെ രാഷ്ട്രീയ അധികാരത്തിനും സാമ്പത്തിക താൽപര്യങ്ങൾക്കും സാമൂഹിക നിയന്ത്രണത്തിനും, സ്ഥാനമാനങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നിടത്താണ് അപകടം ആരംഭിക്കുന്നത്. മനുഷ്യരെ ചെറിയ മത, ജാതി കൂട്ടങ്ങളാക്കി വിഭജിച്ച് അവരുടെ വികാരങ്ങളെ നിയന്ത്രിക്കുന്നത് അധികാരത്തിന്റെ എളുപ്പവഴിയായി മാറുന്നു. അവിടെ ദൈവ വിശ്വാസം എന്ന ഒന്നിനെ പേടിപ്പെടുത്തുന്ന ഒരു വില്പനച്ചരക്കായി വാണിഭം ചെയ്യപ്പെടുന്നു. ദൈവവിശ്വാസം വേണ്ട എന്നല്ല ഇവിടെ പറയുന്നത്, പക്ഷെ ഓരോ മതങ്ങൾക്കും, അവർ നിഷ്കർഷിക്കുന്ന രീതിയിൽ ഉള്ള ദൈവീക ആരാധനകൾ അല്ല പാലിയ്ക്കുന്നതു എങ്കിൽ ആ മനുഷ്യജന്മം വെറും പാഴ് താടിപോലെയാണെന്നുള്ള അന്ധവിശ്വാസ പ്രമാണങ്ങൾ കൂടി കൂട്ടി ചേർത്ത് വച്ചിരിയ്ക്കുന്നു.

സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് ഈ പ്രശ്നം കൂടുതൽ ഗുരുതരമാണ്. പരിശോധിക്കാത്ത വാർത്തകളും വ്യാജപ്രചാരണങ്ങളും മതവിദ്വേഷവും നിമിഷങ്ങൾക്കുള്ളിൽ ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും എത്തുന്നു. അതോടെ യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പാർപ്പിടം, സുരക്ഷ, തുല്യാവകാശം, സാമൂഹികനീതി എന്നിവ പിന്നിലേക്ക് പോകുന്നു. ആരെയാണ് ആരാധിക്കേണ്ടത് എന്നതിനെക്കാൾ എങ്ങനെ മനുഷ്യനായി ജീവിക്കണം എന്ന ചോദ്യമാണ് സമൂഹത്തിന് കൂടുതൽ പ്രധാനപ്പെട്ടത്. അങ്ങിനെയുള്ള സാമൂഹിക പരിഷ്കരണത്തിനും, കൂട്ടായ ഉന്നമനത്തിനും ഉതകുന്ന എത്ര റീലുകൾ, ഇന്നുള്ള ഇൻസ്റ്റ പോസ്റ്റുകൾ സമൂഹത്തിൽ ഉണ്ട് എന്ന് സ്വയം പരിശോധനയ്ക്കു വിധേയമാക്കുക. എന്റെ മതമാണ് ശരി, എന്റെ ദൈവമാണ് ശരി, എന്റെ ആരാധനാ രീതികളാണ് ശരി, എന്നുള്ള വാദപ്രതിവാദങ്ങളും, സംവാദങ്ങളുമാണ് ഇന്ന് കൂടുതലായി പ്രചരിക്കപ്പെടുന്നത്.

മനുഷ്യന് ജീവിക്കാൻ മതത്തിന്റെ മതിലുകളേക്കാൾ ആവശ്യം മനുഷ്യസ്നേഹമാണ്, അന്ധവിശ്വാസത്തേക്കാൾ വിവേകമാണ് വേണ്ടത്. വിദ്വേഷത്തേക്കാൾ കരുണയും, ആധിപത്യത്തേക്കാൾ പരസ്പര ബഹുമാനവും, വേർതിരിവിനേക്കാൾ സഹജീവിതവുമാണ് വേണ്ടത് . സ്വന്തം മതത്തെ സ്നേഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ, സ്വന്തം വിശ്വാസത്തിന്റെ പേരിൽ മറ്റൊരാളുടെ അവകാശം നിഷേധിക്കുകയോ അവനെ വെറുക്കുകയോ, തള്ളിപ്പറയുകയോ ചെയ്യുമ്പോൾ അവിടെ മതം മനുഷ്യനെ ഉയർത്തുന്നതിനു പകരം മനുഷ്യനെ താഴ്ത്തുകയാണ് ചെയ്യുന്നത്. എന്റെ മതത്തിനെ പിന്‍‌പറ്റിയാല്‍ മാത്രമേ മാനസിക സമാധാനവും, പുനർജന്മവും, സ്വർഗ്ഗവും, എല്ലാം ലഭിക്കുകയുള്ളൂ എന്ന തെറ്റായ ധാരണ മാറ്റപ്പെടേണ്ടിയിരിക്കുന്നു. ഇതര മതങ്ങളിലെ പൗരോഹിത്യ മേല്‍‌കോയ്മകള്‍, അവരുടെ കാര്യനിര്‍‌വ്വഹണത്തിനും, അധികാരത്തിനും വേണ്ടിയുള്ള സ്വാർത്ഥതയ്ക്കു സാധാരണക്കാരെ ബലിയാടുകൾ ആക്കുന്നു, ജീവിതക്ലേശങ്ങളിൽ ബുദ്ധിമുട്ടി ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മനുഷ്യർ അല്പം സമാധാനം തേടി ഇയ്യാംപാറ്റകളെ പോലെ ഈ മതങ്ങൾ തീർക്കുന്ന മഹാവിപത്തിന്റെ അഗ്നികുണ്ഡത്തിൽ വീണു പരസ്പരം പോരാടി മരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ, വോട്ടു ബാങ്ക് രാഷ്ട്രീയ കളിയിൽ ഈ മതങ്ങളെ, അവരുടെ ആചാര, അനുഷ്ഠാന, വിശ്വാസങ്ങളെ വിദ്വേഷ മുനയിലൂടെ, തഴുകലിലൂടെ കൂടെ നിറുത്തി ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നു.

നമ്മൾ മനുഷ്യർ സ്വയം ചോദിക്കേണ്ടതും സ്വയം മനസ്സിലാക്കേണ്ടതും “എന്റെ മതം എത്ര മഹത്താണ്?” എന്നതല്ല, “എന്റെ ജീവിതം മറ്റൊരു മനുഷ്യന് വേദനയാണോ, അതോ ആശ്വാസമാണോ?” എന്നതാണ്. വിശക്കുന്നവന് ഭക്ഷണം നൽകുന്ന കൈയും, വീണവനെ ഉയർത്തുന്ന മനസ്സും, കരയുന്നവന്റെ കണ്ണീർ തുടയ്ക്കുന്ന കരുണയും, മറ്റൊരാളുടെ മതത്തെ, വിശ്വാസത്തെ അവകാശത്തെ ബഹുമാനിക്കുന്ന, ഹനിയ്ക്കാത്ത വിവേകവുമാണ് യഥാർത്ഥ മനുഷ്യധർമ്മം. മനുഷ്യനായി ജനിക്കാനും, ജീവിക്കാനും മതം ആവശ്യമില്ല. എന്നാൽ, മനുഷ്യനായി ജീവിക്കാൻ പരസ്പര ബഹുമാനവും, മനുഷ്യസ്നേഹവും, പങ്കുവയ്ക്കലും, ക്ഷമയും അനിവാര്യമാണ്. മതങ്ങൾ മനുഷ്യനെ നേർവഴിയിലേക്ക് മാത്രം നയിക്കട്ടെ,എന്നാൽ മനുഷ്യരെ തമ്മിൽ വിഭജിക്കുന്ന മതിലുകളായി അവ മാറാതിരിക്കട്ടെ, ആ മതിലുകൾക്കു താങ്ങായി മനുഷ്യരുടെ ദൈവ വിശ്വാസ, പ്രമാണങ്ങളെ കൂട്ടുപിടിക്കാതിരിക്കട്ടേ….

Leave a Comment

More News