“നമ്മുടെ റേഡിയോ’ ആപ്പ് ആഗോളതലത്തിൽ പുറത്തിറക്കി; വർണ്ണാഭമായ ചടങ്ങിൽ താരനിരയും വിശിഷ്ടാതിഥികളും പങ്കെടുത്തു

ഡാളസ് :അമേരിക്കയിലെയും ഇന്ത്യയിലെയും ശ്രോതാക്കളെ കോർത്തിണക്കിക്കൊണ്ട് ആഗോളതലത്തിൽ സംപ്രേക്ഷണം ചെയ്ത വർണ്ണാഭമായ ചടങ്ങിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘നമ്മുടെ റേഡിയോ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി പ്രവർത്തനം കേരളം പിറവി ദിനമായ നവംബര് 1 ഞായറാഴ്ച ആരംഭിച്ചു. ഫൗണ്ടറും സി.ഇ.ഒ.യുമായ ജോസി ജോർജ്, കോ-ഫൗണ്ടറും സി.ഒ.ഒ.യുമായ ഫ്രാൻസിസ് പൈനാപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കേന്ദ്രീകൃതമായ ഈ പുതിയ ഡിജിറ്റൽ മാധ്യമ സംരംഭം യാഥാർത്ഥ്യമായത്. നിഷ, ജീജി പി. സ്കറിയ എന്നിവർ ഡാളസ് സെന്റ് തോമസ് കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ അവതാരകരായിരുന്നു.

എം.സിമാരുടെ സ്വാഗതത്തോടെയും കൗണ്ട്ഡൗണോടെയും ആരംഭിച്ച ചടങ്ങിൽ ഫാ. സിബി സെബാസ്റ്റ്യൻ പ്രാർത്ഥനാഗാനം ആലപിച്ചു. തുടർന്ന് കമ്മ്യൂണിറ്റി അംഗങ്ങളെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് റേഡിയോ കേൾക്കാൻ ക്ഷണിച്ചുകൊണ്ട് ആപ്പ് സൈൻ-അപ്പ് ക്യാമ്പയിൻ നടന്നു. ഉദ്ഘാടന പ്രഖ്യാപനത്തിന് പിന്നാലെ, ഫൗണ്ടർ ജോസി ജോർജ് സ്റ്റേഷന്റെ ഭാവി കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും അവതരണ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് സംസാരിച്ച കോ-ഫൗണ്ടർ ഫ്രാൻസിസ് പൈനാപ്പള്ളി റേഡിയോയുടെ പ്രവർത്തന രീതികളെക്കുറിച്ചും കമ്മ്യൂണിറ്റി ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമാക്കി.

പ്രാരംഭ ചടങ്ങുകൾക്ക് ശേഷം തൃശൂർ സ്റ്റേഷനിൽ നിന്നുള്ള ലൈവ് സംപ്രേക്ഷണം ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര നെറ്റ്‌വർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. തൊട്ടുപിന്നാലെ സ്റ്റേഷന്റെ ഔദ്യോഗിക ജിംഗിളിന്റെ ലൈവ് പ്രകാശനവും നടന്നു. പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും ആഗോള സാമൂഹിക നേതാക്കളുടെയും ആശംസകൾ ചടങ്ങിന് മാറ്റുകൂട്ടി.

ബ്രോഡ്കാസ്റ്റ് ഡയറക്ടർ മീനാ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന ‘മീറ്റ് ദ ടീം’ (Meet the Team) വിഭാഗം ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു. ഇന്ത്യയിലും അമേരിക്കയിലുമായി പ്രവർത്തിക്കുന്ന അണിയറപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തെക്കുറിച്ച് അവർ സംസാരിച്ചു. ടീം അംഗങ്ങളെ പരിചയപ്പെടുത്തുന്ന ഹ്രസ്വ വീഡിയോയ്ക്ക് ശേഷം പ്രവർത്തകരെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

യുവതലമുറയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ‘യൂത്ത് റേഡിയോ വീഡിയോ’ പ്രകാശനം ചെയ്യുകയും ജുവലിൻ പ്രൊജക്റ്റിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ജോസഫ് ചിറയിൽ, കുടുംബാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യൂത്ത് സഗ്മെന്റിൽ അരിസോണയിലെ ഫീനിക്സിൽ നിന്നുള്ള പ്രത്യേക സംഗീത പരിപാടിയും അരങ്ങേറി.

പ്രദേശിക കൂട്ടായ്മ വളർത്തുന്നതിൽ പങ്കുവഹിച്ച പ്രമുഖ വ്യക്തികളെ ആദരിക്കുന്ന പ്രത്യേക ചടങ്ങും വേദിയിൽ നടന്നു. കമ്മ്യൂണിറ്റി നേതാക്കളെ വേദിയിലേക്ക് ക്ഷണിക്കുകയും റേഡിയോയുടെ വളർച്ചയിലെ പങ്കാളികളായി അവരെ ആദരിക്കുകയും ചെയ്തു. കൂടാതെ, ‘നമ്മുടെ ഇവന്റ്സ്’, ‘നമ്മുടെ ലോക്കൽ’ എന്നീ സംരംഭങ്ങൾ വ്യക്തമാക്കുന്ന വീഡിയോകളും പ്രദർശിപ്പിച്ചു.

ജോബി പാലായുടെ മിമിക്രി, മെന്റലിസ്റ്റ് നിവിൻ വിൽഫ്രഡിന്റെ മാജിക്/ഇല്യൂഷൻ ഷോ എന്നിവയും കാണികൾക്കായി സംഘടിപ്പിച്ച ‘പ്ലേ ആൻഡ് വിൻ’ മത്സരങ്ങളും ചടങ്ങിന് വിനോദമേകി.

അന്തരിച്ച പ്രശസ്ത സാംസ്കാരിക നായകൻ ശ്രീ. സൂര്യ കൃഷ്ണമൂർത്തിക്ക് ആദരമർപ്പിച്ചുകൊണ്ട് പ്രത്യേക അനുസ്മരണ വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് “പാടുന്ന പാതിരി” എന്നറിയപ്പെടുന്ന പ്രശസ്ത സംഗീതജ്ഞൻ ഫാദർ പോൾ പൂവത്തിങ്കലിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നും നടന്നു. അനുസ്മരണത്തിനും സംഗീത പരിപാടിക്കും ശേഷം പങ്കെടുത്തവർക്കായി വിഭവസമൃദ്ധമായ അത്താഴവും ഒരുക്കിയിരുന്നു. കോ-ഫൗണ്ടർ ഫ്രാൻസിസ് പൈനാപ്പള്ളി നന്ദി പ്രകാശിപ്പിച്ചതോടെ ചരിത്രപരമായ ഈ റേഡിയോ ലോഞ്ച് ചടങ്ങ് സമാപിച്ചു.

Leave a Comment

More News