സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും തടയുന്നതിനായി സംസ്ഥാനത്ത് പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും അന്തസ്സും ഉറപ്പുവരുത്തുന്ന സമഗ്രവും മാതൃകാപരവുമായ വനിതാനയം സംസ്ഥാനത്ത് നടപ്പാക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ‘മകൾക്കൊപ്പം’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിച്ച ദ്വിദിന ‘പുതുയുഗ വനിതാനയം – ഹെർ സമ്മിറ്റ് 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ, വിവേചനങ്ങൾ, അധിക്ഷേപങ്ങൾ എന്നിവയിൽനിന്ന് പൂർണ സംരക്ഷണം ഉറപ്പാക്കുകയാണ് പുതിയ വനിതാനയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും തൊഴിലെടുക്കാനും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ തുല്യപങ്കാളിത്തം ഉറപ്പാക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന വിധത്തിലാണ് കേരളത്തിന്റെ പുതിയ വനിതാനയം രൂപീകരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും സ്ത്രീസംഘടനകളുടെയും വിദഗ്ധരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചായിരിക്കും നയത്തിന് അന്തിമരൂപം നൽകുക. ജനാധിപത്യപരമായ ചർച്ചകളിലൂടെയും വിപുലമായ കൂടിയാലോചനകളിലൂടെയും രൂപപ്പെടുന്ന നയം ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും ഉറപ്പുവരുത്തുന്നതിനായി വിപുലമായ പദ്ധതികൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനൊപ്പം സംരംഭകത്വ മേഖലയിലേക്ക് കൂടുതൽ പേരെ എത്തിക്കുന്നതിനും സർക്കാർ പ്രത്യേക പ്രാധാന്യം നൽകും.

ഓരോ പ്രദേശത്തിന്റെയും സാധ്യതകളും വിഭവങ്ങളും ആവശ്യങ്ങളും വിലയിരുത്തി അനുയോജ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി സ്ത്രീകൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കും. ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ സർക്കാർ പിന്തുണ ഉറപ്പാക്കും. പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിനായി നോളജ് പാർട്ണർമാരുടെ സാങ്കേതികവും വൈജ്ഞാനികവുമായ സഹായവും ലഭ്യമാക്കും.

സാമ്പത്തിക പരിമിതികളോ വിഭവങ്ങളുടെ അപര്യാപ്തതയോ ചൂണ്ടിക്കാട്ടി സ്ത്രീശാക്തീകരണ പദ്ധതികൾ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ സ്വപ്നപദ്ധതി പൂർണതോതിൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളും അപകീർത്തിപ്പെടുത്തലുകളും സൈബർ ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നിയമപരമായ ഇടപെടൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് സാധാരണക്കാരായ സ്ത്രീകൾ സമൂഹമാധ്യമങ്ങളിൽ അപമാനിക്കപ്പെടുന്നതും വ്യക്തിഹത്യയ്ക്ക് ഇരയാകുന്നതും തടയാൻ ഫലപ്രദമായ നിയമസംവിധാനം ആവശ്യമാണ്.

സ്ത്രീകളുടെ വ്യക്തിത്വവും സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിന് പ്രത്യേക നിയമനിർമ്മാണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സാങ്കേതികവിദ്യയും സമൂഹവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യരുടെ ചിന്താഗതികളിലും സമീപനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പുതിയ വനിതാനയത്തിലൂടെ സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വനിതാ ശിശുസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വനിതാ സംരംഭകർക്ക് സാമ്പത്തിക സഹായത്തിനൊപ്പം ആവശ്യമായ സാങ്കേതിക പിന്തുണയും ഉറപ്പാക്കും.

ഹരിത സമ്പദ്‌വ്യവസ്ഥ, നൂതന സാങ്കേതികവിദ്യകൾ, വളർന്നുവരുന്ന തൊഴിൽ മേഖലകൾ എന്നിവയിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യവും അവസരങ്ങളും ലഭ്യമാക്കുന്നതിന് പുതിയ നയത്തിൽ പ്രത്യേക പരിഗണന നൽകും. പരമ്പരാഗത തൊഴിൽ മേഖലകളിൽ മാത്രമായി സ്ത്രീകളുടെ പങ്കാളിത്തം പരിമിതപ്പെടുത്താതെ പുതിയ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്താൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീപ്രാതിനിധ്യത്തിനപ്പുറം നയരൂപീകരണം, ബജറ്റ് തീരുമാനങ്ങൾ, ഭരണനിർവഹണം തുടങ്ങിയ നിർണായക മേഖലകളിലും സ്ത്രീകളുടെ യഥാർഥ പങ്കാളിത്തവും സ്വാധീനവും ഉറപ്പാക്കും. തീരുമാനമെടുക്കുന്ന സംവിധാനങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ നയം പ്രാധാന്യം നൽകും.

ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിന് ചെറുപ്പം മുതൽ തന്നെ സമത്വബോധവും പരസ്പര ബഹുമാനവും വളർത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യം, ആർത്തവാരോഗ്യം, സ്ത്രീകളുടെ മാനസികാരോഗ്യം, പ്രസവാനന്തര വിഷാദം തുടങ്ങിയ വിഷയങ്ങൾക്ക് വനിതാനയത്തിൽ പ്രത്യേക പ്രാധാന്യം നൽകും. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ സമഗ്രമായി സമീപിക്കുകയും ആവശ്യമായ പിന്തുണാസംവിധാനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് നയത്തിന്റെ ലക്ഷ്യം.

സ്ത്രീകൾക്ക് ഭയരഹിതമായി പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കാനും അന്തസ്സോടെയും സുരക്ഷിതമായും തൊഴിലെടുക്കാനും കഴിയുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. പുതിയ തലമുറയിലെ പെൺകുട്ടികളുടെയും പുരുഷന്മാരുടെയും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചാണ് വനിതാനയം രൂപപ്പെടുത്തുന്നതെന്നും അധ്യക്ഷപ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകാലത്തെ സാമൂഹികവും വികസനപരവുമായ മുന്നേറ്റങ്ങൾക്ക് പിന്നിൽ ഏകപക്ഷീയമായ തീരുമാനങ്ങളല്ല, മറിച്ച് ജനാധിപത്യപരമായ കൂടിയാലോചനകളും കൂട്ടായ ചർച്ചകളുമാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു.

ഹെർ സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാമൂഹിക പുരോഗതിയിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകമാണെന്നും പുതിയ വനിതാനയം രൂപീകരിക്കുമ്പോൾ സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകളുടെയും അനുഭവങ്ങളും ആവശ്യങ്ങളും പരിഗണിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വീട്ടമ്മമാർ, വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ, സംരംഭകർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലുള്ള സ്ത്രീകളുടെ അഭിപ്രായങ്ങൾ സമാഹരിച്ചാണ് പുതിയ നയത്തിന് രൂപം നൽകുന്നത്. സ്ത്രീകളുടെ യഥാർഥ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും അവയ്ക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഇത്തരം വിപുലമായ ചർച്ചകൾ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ വനിതാനയ രൂപീകരണത്തിനായി ഹെർ സമ്മിറ്റ് സംഘടിപ്പിക്കാൻ മുൻകൈയെടുത്ത വനിതാ ശിശുവികസന വകുപ്പിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ് ഉദ്ഘാടന ചടങ്ങിൽ സ്വാഗതം ആശംസിച്ചു. എം.എൽ.എമാരായ ഉമാ തോമസ്, ഉഷാ വിജയൻ, ഭരണപരിഷ്കാര കമ്മിഷൻ ചെയർപേഴ്സൺ ഡോ. എം.കെ. മുനീർ, വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി, മുൻ മന്ത്രി പി.കെ. ശ്രീമതി, വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്ത്രീകളുടെ സുരക്ഷ, സാമ്പത്തിക സ്വാതന്ത്ര്യം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭരണപങ്കാളിത്തം, ഡിജിറ്റൽ സുരക്ഷ തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്ന സമഗ്രമായ വനിതാനയത്തിന് രൂപം നൽകാനുള്ള ചർച്ചകൾക്കാണ് ദ്വിദിന ഹെർ സമ്മിറ്റ് വേദിയാകുന്നത്.

സ്ത്രീകളുടെ സുരക്ഷയും അന്തസ്സും അവകാശങ്ങളും ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക സ്വയംപര്യാപ്തതയും തീരുമാനമെടുക്കുന്ന സംവിധാനങ്ങളിലെ തുല്യപങ്കാളിത്തവും സാധ്യമാക്കുന്ന വനിതാനയമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

Leave a Comment

More News