അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും കുതിച്ചുയരുന്നു; അടുക്കള ബജറ്റ് താളംതെറ്റുന്നു; സാധാരണക്കാർക്ക് ഇരുട്ടടി

തിരുവനന്തപുരം: സംസ്ഥാനത്ത് അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, മുട്ട എന്നിവയുടെ വില ഒരേസമയം കുതിച്ചുയരുന്നത് സാധാരണക്കാരുടെയും ഇടത്തരം കുടുംബങ്ങളുടെയും ജീവിതച്ചെലവ് വർധിപ്പിക്കുകയാണ്‌. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ രണ്ടാഴ്ചയ്ക്കിടെ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അരി, പയർ, ഉഴുന്ന് തുടങ്ങിയ അവശ്യവസ്തുക്കളിൽ ചിലതിന് 20 ശതമാനം വരെ വില ഉയർന്നു. പച്ചക്കറി വിപണിയിലും വിലക്കയറ്റം രൂക്ഷമായതോടെ കുടുംബങ്ങളുടെ പ്രതിമാസ ചെലവ് നിയന്ത്രണാതീതമാകുകയാണ്.

ഏറ്റവും വലിയ വിലവർധന രേഖപ്പെടുത്തിയിരിക്കുന്നത് ചെറിയ ഉള്ളിക്കാണ്. കിലോയ്ക്ക് 70 മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന ചെറിയ ഉള്ളി ഇപ്പോൾ 140 മുതൽ 150 രൂപ വരെയെത്തി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വില ഏകദേശം ഇരട്ടിയായത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായി. സവാളയുടെ വിലയും ഉയരുന്ന പ്രവണതയിലാണ്.

സംസ്ഥാനത്ത് സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന അരിയിനങ്ങളുടെ വിലയിലും ഗണ്യമായ വർധനവാണുണ്ടായിരിക്കുന്നത്. കിലോയ്ക്ക് 30 മുതൽ 32 രൂപ വരെ വിലയുണ്ടായിരുന്ന പച്ചരിക്ക് ഇപ്പോൾ 36 മുതൽ 44 രൂപ വരെയാണ് വില. 30 രൂപയുണ്ടായിരുന്ന ചാക്കരിയുടെ വില 40 രൂപയായി ഉയർന്നു.

മലയാളികളുടെ പ്രധാന ഭക്ഷണമായ ചോറിന് ഉപയോഗിക്കുന്ന മട്ട, സുരേഖ, ജയ തുടങ്ങിയ അരിയിനങ്ങൾക്ക് കിലോയ്ക്ക് നാലു മുതൽ എട്ടു രൂപ വരെ വില വർധിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പ് കിലോയ്ക്ക് 60 രൂപയ്ക്ക് ലഭിച്ചിരുന്ന പൊന്നി അരിയുടെ വില ഇപ്പോൾ 95 രൂപ വരെയെത്തി. സോണാ മസൂരി അരിയുടെ വില 70 രൂപയിൽനിന്ന് 95 രൂപയായി ഉയർന്നു.

ബിരിയാണി അരിയായ ബസുമതി, ജീരക അരിയിനങ്ങളുടെ വിലയിലും വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 50 രൂപയിലധികം വില കൂടിയതോടെ ഹോട്ടൽ, കാറ്ററിംഗ് മേഖലകളിലും ചെലവ് വർധിക്കാനുള്ള സാഹചര്യമാണുള്ളത്.

പലവ്യഞ്ജന വിപണിയിലും വിലക്കയറ്റം ശക്തമാണ്. കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന പഞ്ചസാരയുടെ വില 65 രൂപയായി ഉയർന്നു. പയറിനും ഉഴുന്നിനും കിലോയ്ക്ക് 20 രൂപ വീതം വർധിച്ച് 150 രൂപയിലെത്തി.

വറ്റൽ മുളകിന്റെ വിലയിലും വീണ്ടും വർധന രേഖപ്പെടുത്തി. നേരത്തെ കിലോയ്ക്ക് 500 രൂപ വരെ ഉയർന്നിരുന്ന വറ്റൽ മുളകിന്റെ വില പിന്നീട് 200 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, വിപണിയിൽ വീണ്ടും വില ഉയർന്ന് കിലോയ്ക്ക് 320 രൂപയിലെത്തി. പലവ്യഞ്ജനങ്ങളുടെ തുടർച്ചയായ വിലവർധന ഹോട്ടലുകൾക്കും ചെറുകിട ഭക്ഷണശാലകൾക്കും വീടുകൾക്കും ഒരുപോലെ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയാണ്.

പച്ചക്കറി വിലയിലും കാര്യമായ കുറവില്ല. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 50 രൂപയ്ക്ക് ലഭിച്ചിരുന്ന ക്യാരറ്റിന്റെ വില ഇപ്പോൾ 80 രൂപയായി. മുരിങ്ങയ്ക്ക് കിലോയ്ക്ക് 150 രൂപയും ചെറുനാരങ്ങയ്ക്ക് 130 രൂപയുമാണ് ചില്ലറ വിപണിയിലെ വില.

ബീൻസിന് കിലോയ്ക്ക് 120 രൂപയും പച്ചമുളകിന് 75 രൂപയും തക്കാളിക്ക് 60 രൂപയുമാണ് വില. പാവയ്ക്കയുടെ വില 50 രൂപ കടന്നു. പച്ചക്കറികളുടെ വില തുടർച്ചയായി ഉയരുന്നത് സാധാരണ കുടുംബങ്ങളുടെ ഭക്ഷണച്ചെലവിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്.

മുട്ടയുടെ വിലയും ഉയർന്നിട്ടുണ്ട്. വെള്ള മുട്ടയ്ക്ക് ഒന്നിന് ഏഴു രൂപയായിരുന്നത് എട്ടു രൂപയായി. നാടൻ മുട്ടയ്ക്ക് ഒന്നിന് 12 രൂപയാണ് നൽകേണ്ടത്. കുറഞ്ഞ ചെലവിൽ പ്രോട്ടീൻ ലഭ്യമാക്കുന്ന ഭക്ഷ്യവസ്തുവെന്ന നിലയിൽ മുട്ടയെ ആശ്രയിക്കുന്ന കുടുംബങ്ങൾക്കും വിലവർധന തിരിച്ചടിയായി.

മഴക്കുറവിനെ തുടർന്ന് കാർഷികോത്പാദനം കുറഞ്ഞതാണ് വിലവർധനയ്ക്ക് കാരണമെന്ന വിശദീകരണമാണ് വിപണിയിൽ ഉയരുന്നത്. എന്നാൽ, ഉത്പാദനക്കുറവിനെക്കുറിച്ചുള്ള പ്രചാരണം ഇടനിലക്കാർ വില ഉയർത്താൻ ഉപയോഗിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

അരിയും കരിമ്പും എഥനോൾ ഉത്പാദനത്തിനായി വ്യാപകമായി ഉപയോഗിക്കുന്നതും ഭക്ഷ്യധാന്യങ്ങളുടെ വില ഉയരാൻ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വിലവർധനയിൽ ഈ ഘടകങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന കാര്യത്തിൽ വ്യക്തമായ കണക്കുകൾ ലഭ്യമല്ല.

നിത്യോപയോഗ സാധനങ്ങളുടെ വില ഒരേസമയം ഉയരുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ഥിര വരുമാനക്കാരെയും ദിവസ വേതന തൊഴിലാളികളെയും സാധാരണ കുടുംബങ്ങളെയുമാണ്. ഭക്ഷ്യവസ്തുക്കൾക്കായി മാറ്റി വെക്കേണ്ട തുക വർധിക്കുന്നതോടെ മറ്റ് അത്യാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ട സാഹചര്യമാണിപ്പോൾ ജനങ്ങൾ നേരിടുന്നത്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിലെ അനാവശ്യ ഇടപെടലുകളും പൂഴ്ത്തിവയ്പും തടയുന്നതിനും സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്. വിലവർധന തുടർന്നാൽ വരുംദിവസങ്ങളിൽ കുടുംബങ്ങളുടെ അടുക്കള ബജറ്റ് കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Leave a Comment

More News