കൊച്ചി: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) കണക്കുകളിൽ സമഗ്ര ഓഡിറ്റ് നടത്താൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (സിഎജി) അനുമതി നിഷേധിച്ച സംസ്ഥാന സർക്കാരിന്റെ മുൻ നിലപാടിനെ കേരള ഹൈക്കോടതി വിമർശിച്ചു. പ്രാഥമിക പരിശോധനയിൽ ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടും വിശദമായ ഓഡിറ്റിന് അനുമതി നൽകാതിരുന്നത് ആശങ്കാജനകമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, സിഎജിയുടെ സമഗ്ര പരിശോധനയ്ക്ക് സർക്കാർ ഇപ്പോൾ സമ്മതം അറിയിച്ചതായി കോടതിയെ ബോധിപ്പിച്ചു.
ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി തീർപ്പാക്കുന്നതിനിടെ സർക്കാരിന്റെ മുൻ നടപടിയെ വിമർശിച്ചത്. സർക്കാർ ധനസഹായം ലഭിക്കുന്നതും വായ്പകൾക്ക് സംസ്ഥാനത്തിന്റെ ഗ്യാരന്റിയുള്ളതുമായ സ്ഥാപനമെന്ന നിലയിൽ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിലും പ്രവർത്തനങ്ങളിലും പൂർണ സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.
2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് കിഫ്ബിയുടെ വായ്പാ കുടിശ്ശിക 20,041.52 കോടി രൂപയാണെന്ന് സിഎജി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനം സമാഹരിക്കുന്ന വായ്പകളുടെ മുതലും പലിശയും തിരിച്ചടയ്ക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ള സാഹചര്യവും കോടതി പരിഗണിച്ചു.
സിഎജി നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം അക്കൗണ്ടന്റ് ജനറൽ നേരത്തേ കിഫ്ബിയുടെ വരവുചെലവ് കണക്കുകൾ പരിശോധിച്ചിരുന്നു. എന്നാൽ ബാലൻസ് ഷീറ്റ് ഉൾപ്പെടെയുള്ള സാമ്പത്തിക രേഖകൾ വിശദമായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതിന് നിയമത്തിലെ മറ്റു വ്യവസ്ഥകൾ പ്രകാരം സമഗ്ര ഓഡിറ്റിന് അധികാരം നൽകണമെന്നായിരുന്നു സിഎജിയുടെ ആവശ്യം.
ഇതിനായി 2018 മാർച്ചിൽ സിഎജി നൽകിയ അപേക്ഷ സംസ്ഥാന സർക്കാർ നിരസിച്ചിരുന്നു. ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മീഷൻ (എഫ്ടിഎസി) മുഖേന കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ സ്വതന്ത്ര പരിശോധനയും നിരീക്ഷണവും നടക്കുന്നുണ്ടെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ 2019-ൽ രണ്ടുതവണ കൂടി സിഎജി സമഗ്ര ഓഡിറ്റിനുള്ള ആവശ്യം ഉന്നയിച്ചു.
സർക്കാർ ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കിഫ്ബി സമാഹരിക്കുന്ന വായ്പകൾ ബജറ്റിന് പുറത്തുള്ള കടമെടുപ്പായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. ഇത്തരത്തിലുള്ള വായ്പകൾ ഭരണഘടനയുടെ 293(3)-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കടമെടുപ്പ് നിയന്ത്രണങ്ങൾ മറികടക്കാൻ ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
കിഫ്ബിയുടെ ബാലൻസ് ഷീറ്റ്, വരവുചെലവ് കണക്കുകൾ, വായ്പകൾ, സർക്കാർ ഗ്യാരന്റികൾ, ബജറ്റിന് പുറത്തുള്ള സാമ്പത്തിക ബാധ്യതകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സിഎജിയുടെ സമഗ്ര ഓഡിറ്റ് നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പൊതുപണം വിനിയോഗിക്കുന്നതും സർക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതുമായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കൃത്യമായ പരിശോധനയും ഉത്തരവാദിത്തവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഹൈക്കോടതിയുടെ നിരീക്ഷണം വ്യക്തമാക്കുന്നത്.
