അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ അപകടം പതിവ് സംഭവം; സ്ഥലം അധികൃതര്‍ സന്ദർശിച്ചു

എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിന് സമീപം തുടർച്ചയായി അപകടം നടക്കുന്ന സ്ഥലം എംഎൽഎ തോമസ് കെ തോമസ് ഉൾപ്പെടെയുള്ള അധികൃതര്‍ സന്ദർശിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇവിടെ അപകടം നടന്നിരുന്നു.

എടത്വ കളങ്ങര കോട്ടവിരുത്തില്‍ റെജി കെ. ജേക്കബ്ബിന്റെ മകന്‍ രഞ്ജു ജേക്കബ്ബ് മാത്യുവാണ് (24) ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടുകൂടി നടന്ന അപകടത്തില്‍ മരണപ്പെട്ടത്. ആലപ്പുഴയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതിനു ശേഷം യുവാക്കള്‍ ബൈക്കുകളില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രഞ്ജുവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന നീരേറ്റുപുറം സ്വദേശി ഉമേഷ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മേല്പറഞ്ഞ മേഖലയില്‍ നടന്ന 9 അപകടങ്ങളില്‍ നാലു പേരുടെ ജീവനാണ് പൊലിഞ്ഞിട്ടുള്ളത്.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, വൈസ് പ്രസിഡന്റ് സുഷമ സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, പി ഡബ്ലു ഡി അസിസ്റ്റന്റ് എഞ്ചിനിയർ കെ രവി , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റോജി പി വർഗ്ഗീസ് എന്നിവരും എംഎൽഎ തോമസ് കെ തോമസിന് ഒപ്പം സ്ഥലം സന്ദർശിച്ചു.

എടത്വ വികസന സമിതിയുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫിന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എടത്വ വികസന സമിതി നിവേദനം നല്‍കിയിരുന്നു.

എടത്വ വികസന സമിതി പ്രസിഡൻ്റ് ഐസക്ക് എഡ്വേർഡ്, സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ജോ. സെക്രട്ടറി അജി കോശി, സുധീർ കൈതവന എന്നിവർ വിവരങ്ങള്‍ വിശദീകരിച്ചു.

Leave a Comment

More News