പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ടോൾ ബൂത്ത് നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം: വെൽഫെയർ പാർട്ടി

പാലക്കാട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ പഞ്ചായത്തിലെ മൈലം പുള്ളിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു.

കരിങ്കല്ലത്താണി മുതൽ ഒലവക്കോട് വരെയുള്ള പ്രദേശത്ത് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുമ്പ് പൊരിയാനിയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച ടോൾ ബൂത്ത് മൈലം പുള്ളിയിലേക്ക് മാറ്റി നിർമ്മിക്കാനുള്ള പദ്ധതിയുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്.

ദേശീയപാതയുടെ നിലവാരത്തിൽ നിർമ്മിക്കാൻ വേണ്ടി വിഭാവന ചെയ്ത് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ച റോഡ് പണി ദേശീയപാതയുടെ നിലവാരത്തിൽ അല്ല നിർമ്മിച്ചിട്ടുള്ളത്.

മുണ്ടൂർ, കരിമ്പ , തച്ചമ്പാറ പഞ്ചായത്തുകളിലെ ധാരാളം പ്രദേശങ്ങളിൽ റോഡ് നിർമ്മാണത്തിലെ അപാകതകൾ കാരണം വാഹനാപകടങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.

ദേശീയപാതക്ക് ഉണ്ടാവേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ഒരുക്കിയിട്ടില്ല.
മേൽപ്പാലങ്ങൾ, സർവീസ് റോഡുകൾ, ആവശ്യമായ സിഗ്നലുകൾ ഒന്നുമില്ലാതെയാണ് ടോൾ പിരിവിന് വേണ്ടി വീണ്ടും നീക്കങ്ങൾ നടത്തുന്നത്.

മൈലം പുള്ളിയിൽ ടോൾ പിരിവ് കേന്ദ്രം നിർമ്മിക്കുന്നത് വീതിയില്ലാത്ത പ്രദേശത്താണ്. ഇത് ഗതാഗത കുരുക്കിനും
ആംബുലൻസ് പോലെയുള്ള വാഹനങ്ങളുടെ സുഗമമായ സർവീസിനും തടസ്സമാവും. മൈലം പുള്ളിയിൽ പ്രദേശവാസികൾ ടോൾ ബൂത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുവരുന്നുണ്ട്. അധികൃതർ ഇതിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ പ്രദേശവാസികളുമായി കൈകോർത്ത് ശക്തമായ പ്രക്ഷോഭ പരിപാടിക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി.

ജില്ലാ വൈസ് പ്രസിഡൻറ് എം.സുലൈമാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ദിൽഷാദ് അലി റിപ്പോർട്ട് അവതരിപ്പിച്ചു. റിയാസ് ഖാലിദ്, എ.ഉസ്മാൻ, ശാക്കിർ പുലാപ്പറ്റ, ശരീഫ് പള്ളത്ത്, ബാബു തരൂർ എന്നിവർ സംസാരിച്ചു.

Leave a Comment

More News