ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) ഇറാന് നടത്തുന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി, ദുബായിലെ അൽ ബർഷ പ്രദേശത്ത് ഒരു മിസൈൽ ആകാശത്ത് തടഞ്ഞുനിർത്തി. എന്നാല്‍, അതിന്റെ അവശിഷ്ടങ്ങൾ വീണ് അവിടെയുണ്ടായിരുന്ന ഒരു ഏഷ്യൻ ഡ്രൈവര്‍ മരിച്ചു. ഇന്നലെ (മാർച്ച് 7 ശനിയാഴ്ച) രാത്രിയിലാണ് സംഭവം.
ശനിയാഴ്ച, യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 15 ബാലിസ്റ്റിക് മിസൈലുകളും 119 ഡ്രോണുകളും ആകാശത്ത് വെച്ച് തന്നെ തടഞ്ഞു. ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ 200 ലധികം മിസൈലുകൾ തടഞ്ഞിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ, ആഭ്യന്തര മന്ത്രാലയം താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര അലേർട്ടുകൾ അയക്കുന്നുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ജനാലകളിൽ നിന്നും വാതിലുകളിൽ നിന്നും അകന്നു നിൽക്കാനും സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും ഭരണകൂടം ജനങ്ങളെ വ്യക്തമായി ഉപദേശിച്ചിട്ടുണ്ട്.
തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ ക്രമേണ പുനഃസ്ഥാപിച്ചുവരികയാണ്. ദുബായ് വിമാനത്താവളങ്ങളും എമിറേറ്റ്സ് പോലുള്ള വിമാനക്കമ്പനികളും പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
ഇതുവരെ കൊല്ലപ്പെട്ട നാല് പേരും, ഒരു പാക്കിസ്താന് പൗരന് ഉള്‍പ്പടെ, എല്ലാവരും വിദേശ പൗരന്മാരാണ്. ആകെ 112 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, മിക്ക പരിക്കുകളും നിസ്സാരമാണെന്നത് ആശ്വാസകരമാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളെ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
