ടാമ്പ: മലയാളി അസോസിയേഷന് ഓഫ് ടാമ്പായുടെ പ്രവര്‍ത്തനോദ്ഘാടനം വൈവിദ്ധ്യമാര്‍ന്നതും വര്‍ണ്ണോജ്വലവുമായ കലാപരിപാടികള്‍ കൊണ്ടും വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും അസ്സോസിയേഷന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതിച്ചേര്‍ത്തു.
ഫെബ്രുവരി 28 ശനിയാഴ്ച വൈകീട്ട് 6 മണിയോടുകൂടിയാണ് ടാമ്പാ ക്നാനായ കമ്മ്യൂറ്റി സെന്ററില്‍ ആഘോഷ പരിപാടികള്‍ക്കു തുടക്കമായത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന സാംസ്കാരിക-സാമുദായിക പ്രതിനിധികളുടെയും, ഫൊക്കാന, ഫോമാ പ്രതിനിധികളുടെയും സാന്നിദ്ധ്യം ശ്രദ്ധേയമായി.
മുന്‍ പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍ തന്റെ ആമുഖ പ്രസംഗത്തിനുശേഷം നിയുക്ത ഭാരവാഹികളെ സ്റ്റേജിലേക്കു ക്ഷണിച്ചു. വിശിഷ്ടാതിഥികളായി എത്തിയ ഡോ. സൗമ്യ വിശ്വനാഥ്, ഗിരീഷ് നാരായണന് എന്നിവരോടൊപ്പം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബിജോയ് ജോസഫും കമ്മിറ്റി അംഗങ്ങളും വേദിയിലെത്തി. മുന്‍ പ്രസിഡന്റ് ശ്രീമതി സുനിതാ ഫ്ളൗവര്ഹില് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി അവര്‍ ചുമതലയേറ്റു.
ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം ഭദ്രദീപം തെളിയിച്ചതിനുശേഷം പ്രസിഡന്റ് ബിജോയ് ജോസഫ് തന്നില്‍ വിശ്വാസമര്‍പ്പിച്ച് ഏല്പിച്ച ചുമതലകള്‍ കാര്യക്ഷമമായി ആത്മാര്‍ത്ഥതയോടുകൂടി പ്രാവര്‍ത്തികമാക്കുമെന്ന് ഉറപ്പു നല്കി. മാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റിയംഗങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. കൂടുതല്‍ യുവജനപങ്കാളിത്തം, കൂടുതല്‍ വനിതാ പ്രതിനിധ്യം, ജീവകാരുണ്യപ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
പ്രധാന അതിഥിയായി എത്തിയ ബേബി കെയര്‍ മെഡിക്കല്‍ ഫിസിഷ്യന്‍ എക്സിക്യൂട്ടീവ് ഡോ. സൗമ്യ വിശ്വനാഥ് പാരമ്പര്യമായി കേരളത്തോട് തനിക്കുള്ള കുടുംബബന്ധം സദസ്യരുമായി പങ്കുവെച്ചു. മെഡിക്കല്‍ സേവനരംഗത്ത് ടാമ്പാ മലയാളികള്‍ ചെയ്യുന്ന മഹത്തായ സേവനങ്ങളെ അവര്‍ പ്രശംസിച്ചു.
വിശിഷ്ടാതിഥിയായി എത്തിയ ഗിരീഷ് നാരായണന്റെ ഫ്യൂഷന്‍ സംഗീതം ഏവരും ആസ്വദിച്ചു. തുടര്‍ന്ന് മൂന്നു മണിക്കൂറോളം ഇടവേളകളില്ലാതെ അരങ്ങേറിയ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ കാണികളെ വിസ്മയഭരിതരാക്കി. മിസ് ജിനിത ചാലയില്‍, ജോമോന് തെക്കത്തോട്ടില് എന്നിവര്‍ എംസിമാരായി പരിപാടികള്‍ നിയന്ത്രിച്ചു.
ഇന്ത്യന്‍ വിഭവങ്ങളടങ്ങിയ ഡിന്നറോടു കൂടി പരിപാടികള്‍ സമാപിച്ചു.
