മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ക്രൗഡ് ഫണ്ടിംഗ് നടക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, എസ്എംഎസ് സന്ദേശങ്ങൾ എന്നിവയിലൂടെ പ്രചരിക്കുന്ന ഈ പ്രചാരണം ആഗോളതലത്തിൽ ആശങ്ക ഉയർത്തി.
“ഇന്റർനാഷണൽ ട്രംപ് അസാസിനേഷൻ റിവാർഡ് കാമ്പെയ്ൻ” എന്ന് പേരിട്ടിരിക്കുന്ന ഈ കാമ്പെയ്ൻ സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, എസ്എംഎസ് സന്ദേശങ്ങൾ എന്നിവയിലൂടെ അതിവേഗം പ്രചരിക്കുന്നുണ്ടെന്നും, അതിൽ പങ്കെടുക്കാനും സാമ്പത്തിക സംഭാവനകൾ നൽകാനും ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഈ കാമ്പെയ്നിന്റെ ഏറ്റവും ആശ്ചര്യകരമായ വശം, ആക്രമണകാരിക്ക് പ്രതിഫലം നൽകുന്നതിനായി ക്രൗഡ് ഫണ്ടിംഗ് വഴി പണം സ്വരൂപിക്കുന്നു എന്നതാണ്. ഈ പ്രതിഫലം 100 മില്യൺ ഡോളർ വരെ എത്തുമെന്ന് അവകാശപ്പെടുന്നു. പാക് അധിനിവേശ കശ്മീരിൽ (പിഒകെ) നിന്നുള്ള ചിലരും ഇതിന് സംഭാവന നൽകിയിട്ടുണ്ടെന്ന് പ്രചാരണവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ഇറാനിയൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഈ കാമ്പെയ്ൻ പ്രമോട്ട് ചെയ്യുന്നതെന്ന് അന്വേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. റൂബിക, ബെയ്ൽ പോലുള്ള ആഭ്യന്തര ആപ്പുകളിൽ ഈ കാമ്പെയ്ൻ പ്രൊമോട്ട് ചെയ്യുന്ന ചാനലുകൾ പ്രത്യേകിച്ചും സജീവമാണ്.
റൂബിക ആപ്പിലെ “കിൽ ട്രംപ്” എന്ന ചാനൽ ട്രംപിനെ ലക്ഷ്യം വച്ചുള്ളതാണ്, 230,000-ത്തിലധികം സബ്സ്ക്രൈബർമാരുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഏകദേശം 2,000 സബ്സ്ക്രൈബർമാരുള്ള ബെയ്ൽ ആപ്പിലെ ഒരു ചാനലും ഈ പ്രചാരണത്തെ പിന്തുണയ്ക്കുന്നു.
ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ കൊലപാതകത്തോടുള്ള പ്രതികരണമായി സ്വയം അവതരിപ്പിക്കുന്ന ചില വെബ്സൈറ്റുകൾ വഴിയും ഈ കാമ്പെയ്ൻ നടക്കുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റിനെ വധിക്കുന്നവർക്ക് പ്രതിഫലം സ്വരൂപിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. 280,000 പിന്തുണക്കാരെ നേടിയിട്ടുണ്ടെന്നും ഇതുവരെ 23 മില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു. എന്നാല്‍, ഈ കണക്കുകളുടെ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
ഇറാനെ നിരീക്ഷിക്കുന്ന വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, കാമ്പെയ്നിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്ന SMS സന്ദേശങ്ങളും ജനങ്ങള്‍ക്ക് അയക്കുന്നുണ്ട്. രജിസ്ട്രേഷനും ധനസഹായവും അഭ്യർത്ഥിച്ചുകൊണ്ട് വെബ്സൈറ്റ് ലിങ്കുകളും ആപ്പുകളും സന്ദേശങ്ങളിൽ ഉൾപ്പെടുന്നു.
സന്ദേശത്തിന്റെ മുകളിൽ, ‘ട്രംപിനെ കൊല്ലുന്നതിന് പ്രതിഫലത്തിനായുള്ള അന്താരാഷ്ട്ര പ്രചാരണം’ എന്ന് എഴുതിയിട്ടുണ്ട്.
ട്രംപിനെ വധിക്കുന്നവർക്ക് 100 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. കൂടാതെ, ഇറാനുമായി ബന്ധമുള്ള “ഹന്ദല” എന്ന ഹാക്കിംഗ് ഗ്രൂപ്പും ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ഇല്ലാതാക്കാന്‍ 50 മില്യൺ ഡോളർ വീതം പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രധാന ഐആർജിസി അംഗങ്ങളെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾക്ക് യുഎസ് നീതിന്യായ വകുപ്പ് 10 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തതിന് മറുപടിയായാണ് ഈ നടപടിയെന്ന് റിപ്പോർട്ടുണ്ട്. ലക്ഷ്യമിടുന്ന വ്യക്തികളുടെ പട്ടികയിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
