കുടിയേറ്റ മണ്ണിലെ കുടിലതകൾ – 2 (“ചതിക്കുഴി”): ജയശങ്കര്‍ പിള്ള

ആഡം എന്ന ചെറുപ്പക്കാരൻ ടൊറോന്റോയിൽ നിന്നും അല്പം അകലെയുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും നഗരത്തിൽ വന്നു ജോലി ചെയ്തു വരികയായിരുന്നു. രണ്ടു തലമുറകൾക്കു മുൻപേ ഇറ്റലിയിൽ നിന്നും കുടിയേറിയ അവന്റെ മാതാപിതാക്കൾ ജോലി സംബന്ധമായി നഗരത്തിൽ താമസിക്കുകയും, തൊഴിലിൽ നിന്നും വിരമിച്ചതിനു ശേഷം അവരുടെ മാതാപിതാക്കൾക്ക് ഒപ്പം ഗ്രാമത്തിലേക്ക് താമസം മാറുകയും ചെയ്തു. ഏക മകനായ ആഡം തന്റെ മാതാപിതാക്കൾ നഗര മധ്യത്തിൽ കഠിന പ്രയത്നം ചെയ്തു സമ്പാദിച്ച മില്യൺ ഡോളര്‍ വിലയുള്ള വലിയ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

ആഫ്രിക്കയിൽ നിന്നും, സൗത്ത് ഏഷ്യയിൽ നിന്നും, പ്രത്യേകിച്ച് ഭാരതത്തിന്റെ പഞ്ചാബ് മേഖലയിൽ നിന്നും ഒട്ടനവധി കുടിയേറ്റക്കാർ തിങ്ങിപാർക്കുന്ന ടൊറന്റോയുടെ ഈ അനുബന്ധ നഗരത്തിൽ ആഡമിനു കൂടുതലും പഞ്ചാബി സുഹൃത്തുക്കളാണ് കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നത്. എന്നാൽ യൂണിവേഴ്സിറ്റി പഠനം ഒക്കെ കഴിഞ്ഞപ്പോൾ അവരിൽ പലരും ഓരോ വഴികളിൽ പിരിഞ്ഞു പോയിരുന്നു.

ബിസിനസ്സിൽ യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ ആഡം നഗരത്തിലെ തന്നെ പ്രധാന വ്യവസായ ഗ്രൂപ്പിന്റെ കീഴിലുള്ള നിമ്മാണ യൂണിറ്റിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രായം വെറും 29 വയസ്സായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് ലോകം മുഴുവൻ കോവിഡ് പടർന്നു പിടിക്കുന്നതു. കാനഡയിലെ വിരലിൽ എണ്ണാവുന്ന ചില സ്ഥാപനങ്ങൾ ഒഴിച്ച് മറ്റുള്ളവയെല്ലാം അടച്ചു പൂട്ടി. ആഡം ഉൾപ്പടെയുള്ളവർ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ആഴ്ചയിൽ ഒരിക്കലൊ രണ്ടാഴ്ച കൂടുമ്പോഴോ ഒക്കെ മാതാപിതാക്കളെ സന്ദർശിക്കുവാൻ പോകുകയോ, അവർ ഇങ്ങോട്ടു വരികയോ ഒക്കെ ചെയ്തിരുന്ന ആഡമിന്റെ ജീവിതത്തിൽ പതിയെ പതിയെ ഒറ്റപ്പെടലിന്റെ കരിനിഴൽ വീഴുവാൻ ഈ കോവിഡ് കാലം കാരണമായി. കാരണം ഗ്രാമത്തിൽ കാർഷിക വേലയിൽ ഏർപ്പെട്ടിരുന്ന അവന്റെ മാതാപിതാക്കളെ അവനു ഈ കാലയളവിൽ നഷ്ടപ്പെട്ടിരുന്നു. അവശേഷിച്ചിരുന്ന ചില പഠനകാല സുഹൃത്തുക്കളും ഇല്ലാതെയുമായി. മാതാപിതാക്കൾ കഷ്ടപ്പെട്ട് സമ്പാദിച്ച കൃഷി ഭൂമി,നഗരത്തിലെ വീട് വാഹനങ്ങൾക്കു എല്ലാം ഇയാൾ മാത്രം ഏക അവകാശിയുമായി.

വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി ജോലി ചെയ്തു വരികെയാണ് പഞ്ചാബിൽ നിന്നും വിദ്യാർത്ഥിനിയായി പട്ടണത്തിലെ ഒരു സാധാരണ കോളേജിൽ പഠിയ്ക്കുവാൻ വന്ന സീമ എന്ന കുട്ടിയെ ആഡം പരിചയപ്പെടുന്നത്. പഠനത്തിന്റെ ഭാഗമായി നാലു മാസത്തെ കോ- ഓപ് ചെയ്യുവാൻ ആയി കമ്പനിയിൽ സീമയ്ക്കു അവസരം ലഭിച്ച സമയത്താണ് “വർക്ക് ഫ്രം ഹോം” എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത്. ചില ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്ന സീമ ആഡമിന്റെ ശ്രദ്ധയിൽ പെട്ടു. അവളുടെ സംസാര രീതികൾ ,സൗന്ദര്യം എല്ലാം ആഡമിനെ വല്ലാതെ ആകർഷിച്ചു. ഒറ്റപ്പെടലും, കടുത്ത മാനസിക സമ്മർദത്തിലും ആയിരുന്ന ആഡമിനു സീമ എന്ന പെൺകുട്ടി സന്തോഷത്തിന്റെ ഒരു ചെറു കൈത്തിരി വെട്ടമായി.

കോവിഡ് കാലം കഴിഞ്ഞു ഓഫീസുകൾ തുറന്നു പ്രവർത്തനമാരംഭിച്ചപ്പോൾ സീമ തന്റെ പരിശീലനകാലം തീർന്നു കമ്പനിയിൽ നിന്നും പോയി കഴിഞ്ഞിരുന്നു. എന്നാൽ കമ്പനിയുടെ ജീവനക്കാരുടെ ലിസ്റ്റിൽ നിന്നും സീമയുടെ വിശദാംശങ്ങൾ ആഡം ശേഖരിച്ചു. നഗരത്തിലെ ഒരു ടെയ്ക്ക് ഔട്ട് കടയിൽ ജോലി ചെയ്തിരുന്ന സീമയെ ആഡം ഒരു ശനിയാഴ്ച ദിവസം കോഫി ഷോപ്പിലേക്ക് വിളിക്കുകയും, അവിടെ വച്ച് വീണ്ടും കണ്ടുമുട്ടുകയും ചെയ്യുന്നു. ചെറിയ ജോലികൾ ഒക്കെ ചെയ്തു വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന സീമ തന്റെ കഷ്ടപ്പാടിന്റെ കഥകൾ ആഡമിനു മുൻപിൽ നിരത്തി. നാട്ടിൽ ‘അമ്മ മാത്രം ഉള്ള നിർദ്ധന കുടുംബത്തിലെ തനിക്ക് ഒരു നല്ല തൊഴിൽ കിട്ടിയാൽ എല്ലാ കാര്യങ്ങളും നേരെയാകും എന്ന് അവൾ അവനെ പറഞ്ഞു ധരിപ്പിച്ചു. സുന്ദരിയായ സീമയുടെ ദയനീയതയും, കണ്ണുനീരും ഒറ്റപ്പെടലിൽ മുങ്ങിപ്പോയ ആഡമിന്റെ മനസ്സലിയിച്ചു. അവനിൽ അവളോട് കൂടുതൽ പ്രേമവും, സ്നേഹവും തോന്നി. ഇത് തന്നെയാണ് അവസരം എന്ന് കരുതി അവൻ അവളൂടെ തന്റെ പ്രണയം തുറന്നു പറഞ്ഞു. താമസത്തിനും, ഭക്ഷണത്തിനുമൊക്കെയായി ചെറിയ റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന സീമയെ അവൻ തന്റെ വലിയ ബംഗ്ലാവിലേക്ക് കൂട്ടിക്കൊണ്ട് വന്നു. അവളെ ജോലിക്കൊന്നും പറഞ്ഞയക്കാതെ, കമ്പ്യൂട്ടർ സംബന്ധമായ ഒരു ചെറിയ കോഴ്സിന് ചേർത്തു. അവൾ താമസിയാതെ അമേരിക്കയിലെ ഒരു ഐ ടി കമ്പനിയിൽ ഓൺലൈൻ ആയി ജോലിയിൽ പ്രവേശിച്ചു.

ജോലി തിരക്കുകൾ കഴിഞ്ഞാൽ പുറത്തുള്ള കറക്കവും, റസ്റോറന്റുകളും, പാർട്ടി ഹാളുകളും, ഡാൻസും ഒക്കെയായി ആഡമും, സീമയും ജീവിതം ആസ്വദിച്ചു വന്നു. കഷ്ടപ്പാടുകളിൽ നിന്നും ആഢംബര ജീവിതത്തിലേക്ക് കടന്ന സീമ ആഡം ജോലിക്കു പോയിക്കഴിഞ്ഞാൽ പകൽ മുഴുവൻ വീട്ടിൽ തനിച്ചാണ്. ജോലി സമയം കഴിഞ്ഞു കിട്ടുന്ന ,സമയങ്ങളിൽ വീട്ടിലെ ആവശ്യങ്ങൾക്കായുള്ള കാറിൽ സീമ നഗരം ചുറ്റി ആസ്വദിച്ചു. ഇതിന്നിടയിൽ കാനഡയിലെ അയവു വരുത്തിയ ഇമിഗ്രേഷൻ നിയമങ്ങൾ വഴി സീമയ്ക്കു സ്ഥിരതാമസ സ്റ്റാറ്റസും ലഭിച്ചിരുന്നു. ആഡം വീട്ടിൽ ഉള്ളപ്പോൾ നാട്ടിൽ നിന്നും വരുന്ന പല ഫോൺ കോളുകളിലും സീമ പൊട്ടിക്കരയുന്നതു കണ്ട് അവനു കൂടുതൽ കൂടുതൽ സീമയോട് അടുപ്പം തോന്നി. സ്നേഹ ബന്ധങ്ങളെ ചേർത്ത് നിറുത്തുന്ന ഭാരതത്തിന്റെ സംസ്കാരത്തിൽ ആകൃഷ്ടനായി അവൻ അവളുടെ അമ്മയുടെ ചികിത്സക്കായും, നാട്ടിലെ കടങ്ങൾ വീട്ടുവാനായും നല്ല തുക നൽകി അവളെ സഹായിച്ചു കൊണ്ടേ ഇരുന്നു. 21 വയസ്സിൽ കേവലം ഒരു വിദ്യാര്‍ത്ഥിനിയായി കാനഡയിൽ വന്ന ഒരു പെൺകുട്ടിക്ക് വെറും മൂന്നു വര്‍ഷം കൊണ്ട് ലഭിക്കാവുന്ന സൗഭാഗ്യങ്ങളിലും എത്രയോ പതിന്മടങ്ങു അധികമായിരുന്നു അവന്റെ സ്നേഹവും, ഈ സാമ്പത്തിക സഹായവും, ആഡംബരങ്ങളും, അവൻ നൽകിയ വജ്ര ആഭരണങ്ങളും, ഇവയെല്ലാം. തന്റെ വലിയ ബംഗ്ലാവിൽ ഒരു ഗസ്റ്റ് പോലെ താമസത്തിനു വന്ന സീമ ഇതിനിടയിൽ താമസം ആഡമിന്റെ കിടപ്പു മുറിയിലേക്ക് മാറ്റിയിരുന്നു.

അങ്ങിനെ ഇരിയ്ക്കേ ഒരു ദിവസം ആഡം ആഫീസിൽ നിന്നും മടങ്ങി വരുമ്പോൾ സീമ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ വളരെ ദുഖിതയായി കാണപ്പെട്ടു. ചണ്ഡീഗഡിൽ ഉള്ള തന്റെ അമ്മാവന്റെ ഫോൺ വന്നു എന്നും, ‘അമ്മ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആണ് എന്നും അവൾക്കു അമ്മയെ കാണുവാനായി നാട്ടിൽ പോകേണ്ട ആവശ്യമുണ്ട് എന്നും അവൾ അവനോടു പറഞ്ഞു. ഒട്ടും വൈകാതെ അമിത വിലയിൽ എടുത്ത വിമാന ടിക്കറ്റും, വഴിച്ചിലവിനായി കുറച്ചു പണവും അവൾക്കു നൽകി. ഒപ്പം നാട്ടിലെ ചെലവുകൾക്കായി 50,000 ഡോളർ വരെ ചെലവഴിക്കാവുന്ന ഒരു ക്രഡിറ്റ് കാർഡും അവളുടെ കൈവശം നൽകി ആഡം അവളെ യാത്രയാക്കി. നാട്ടിൽ എത്തിയ സീമ അമ്മയുടെ ചികിത്സയ്ക്ക് എന്ന് പറഞ്ഞു ഈ ക്രഡിറ്റ് കാർഡ് പൂർണ്ണമായും ചെലവഴിച്ചതിന് ശേഷവും, ധനികനായ ആഡമിന്റെ കൈയ്യിൽ നിന്നും പലതവണ പണം ഇന്ത്യയിലേക്ക് വരുത്തി. വലിയ തുകകൾ നിയമപരമായ രീതിയിൽ അയച്ചാൽ അത് പിന്നീട് കുഴപ്പം ആകും എന്ന് പറഞ്ഞു കാനഡയിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന് ഡോളർ നൽകുമ്പോൾ അവർ പഞ്ചാബിൽ ആ തുകയ്ക്ക് തുല്യമായ പണം നൽകുന്ന രീതിയാണ് ആഡം അതിന്നായി തിരഞ്ഞെടുത്തത്. അവൾ അതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.

സീമ ഇന്ത്യയിലേക്ക് പോയി മൂന്നു മാസങ്ങൾ കഴിഞ്ഞു. രണ്ടു മാസം കഴിഞ്ഞപ്പോൾ സീമയെ കുറിച്ച് ഉള്ള വിവരങ്ങൾ ഒന്നും ഇല്ലാതെ വന്നപ്പോൾ അയാൾ താൻ പണം കൈമാറിയ ഏജൻറിംനോട് വിവരം തിരക്കി. സീമയുടെ ‘അമ്മ രോഗം മൂർച്ഛിച്ചു മരിച്ചു എന്നാണ് അയാൾ നൽകിയ വിവരം. സീമയെ കാണുവാനായി ആഡം യാത്രയായി. നാട്ടിൽ ചെന്നപ്പോൾ സീമയുടെ ബന്ധു പറഞ്ഞാണ് അയാൾ ആ ദുഃഖ സത്യം അറിയുന്നത്. ‘അമ്മ രോഗം മൂർച്ഛിച്ചു രണ്ടാഴ്ച്ച മുൻപ് മരണപ്പെട്ടു എന്നും, അമ്മയുടെ മരണത്തിനു ശേഷം ദുഖിതയായ സീമ കാറപകടത്തിൽ മരണപ്പെട്ടു. അതിന്നു തെളിവായി ഒരു പ്രാദേശിക ഭാഷാ മാധ്യമവും അയാൾ കാണിച്ചു കൊടുത്തു. ഈ വാർത്ത ആഡമിനെ വളരെ ദുഃഖത്തിലാഴ്ത്തി. ബന്ധു ചൂണ്ടിക്കാണിച്ച ശവകുടീരങ്ങളിൽ പുഷ്പ ചക്രമർപ്പിച്ചു ആഡം കാനഡയിലേക്ക് തിരികെ യാത്രയായി.

തിരികെ എത്തി എങ്കിലും ആഡം തന്റെ പഴയ മാനസിക സമ്മർദത്തിലേക്കും ഒറ്റപ്പെടലിലേക്കും വഴുതി വീണു. സഹപ്രവർത്തകരുടെ ഇടപെടലുകളും, ഉപദേശവും ആഡമിൽ പ്രത്യാശയുടെ പുതിയ നാമ്പുകൾ വളർത്തി. അങ്ങിനെ ഏകദേശം ഒരു വര്‍ഷം കൂടി കഴിഞ്ഞു 2024-ലെ അതിശൈത്യവും കഴിഞ്ഞു കാനഡയിലെ സുന്ദരമായ കാലാവസ്ഥയുള്ള ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലേക്ക് ആഡം തനിയെ ഒരു ഉല്ലാസ യാത്രയ്ക്ക് പോയി. ഈ ഒരു കാലയളവിൽ പല സുന്ദരികളുമായി ഡേറ്റിംഗിന് ശ്രമിച്ചു എങ്കിലും സീമയുടെ ഓർമ്മകൾ അയാളുടെ മനസ്സിനെ വല്ലാതെ വേട്ടയാടിയിരുന്നതു കൊണ്ട് എല്ലാം പരാജയമായിരുന്നു.

ട്യൂളിപ്പ് പൂക്കൾ കൊണ്ട് പൂങ്കാവനം തീർക്കുന്ന വസന്തകാല ഉത്സവം ബ്രിട്ടീഷ് കൊളംബിയയുടെ പ്രത്യേകതയാണ്. വർണ്ണ വിലസിതമായ പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ സീമയെ പോലെ അതിസുന്ദരിയായ ഒരു യുവതി ഒരു സ്‌ട്രോളറിൽ കുഞ്ഞു കുട്ടിയേയും കൊണ്ട് പൂന്തോട്ടത്തിലൂടെ പോകുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. സീമയാണ് എന്ന് തോന്നിക്കുന്ന അവളെ സമീപിച്ചു അയാൾ പരിചയപ്പെടയുവാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. എങ്കിലും അയാളുടെ കണ്ണുകൾ ഈ സുന്ദരിയിൽ ഉടക്കി നിന്നു. അത് സീമ തന്നെയാണ് എന്ന് അയാൾ വിശ്വസിച്ചു. മനസ്സിന്റെ ഒരു കൗതുകം കൊണ്ട് അയാൾ അവൾ അറിയാതെ അവളെ പിന്തുടരുവാൻ തീരുമാനിച്ചു. അങ്ങിനെ അവളെ പിന്തുടർന്നു ‘സറി’ എന്ന സ്ഥലത്തുള്ള അത്യാഢംബര വീടിനടുത്തു അയാൾ എത്തി. കുറച്ചു നേരം കൂടി അയാൾ അവിടെ തങ്ങിയിട്ടു തിരികെ ഹോട്ടലിലേക്ക് പോയി. എങ്കിലും ആഡമിന്റെ മനസ്സിൽ അവളുടെ മുഖം തെളിഞ്ഞു വന്നു. ഇന്ന് കണ്ട സുന്ദരി തന്റെ സ്വന്തം സീമ തന്നെയാണോ? അതോ അതുപോലുള്ള മറ്റാരെങ്കിലുമോ?

അടുത്ത ദിവസവും,അയാൾ അവളുടെ വീടും പരിസരവും കേന്ദ്രീകരിച്ചു തന്റെ കാറിൽ കാത്തിരുന്നു. അപ്പോഴാണ് അവളുടെ വീട്ടിൽ നിന്നും തനിയ്ക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി വരുന്നത് കണ്ടത്. അത് മറ്റാരുമായിരുന്നില്ല താൻ പലപ്പോഴായി സീമയുടെ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് പണം നൽകുവാൻ ഡോളർ കൈമാറ്റം ചെയ്തിരുന്ന ടോറന്റോയിലെ റിയൽ എസ്റ്റേറ്റ് ഏജന്റ് ആയിരുന്നു അത്. അയാൾ കാറിൽ കയറി പുറത്തു പോകുന്നത് വരെ ആഡം തന്റെ കാറിൽ കഴിച്ചു കൂട്ടി. അയാൾ പുറത്തു പോയി കഴിഞ്ഞപ്പോൾ ആഡം സീമയുടെ ബംഗ്ലാവ് ലക്ഷ്യമാക്കി നടന്നു. ഡോർ ബെൽ മുഴങ്ങിയപ്പോഴേ സീമ പുറത്തിറങ്ങി വന്നു. അവൾ ആഡമിനെ അവിടെ പ്രതീക്ഷിച്ചിരുന്നു. കാരണം ഇന്നലെ അവൾ ആഡമിനെ കണ്ടിരുന്നു. ആദ്യമൊക്കെ അവൾ താൻ സീമയല്ല എന്ന് വാദിച്ചു എങ്കിലും, പിന്നീട് അവൾക്കു അത് സമ്മതിക്കേണ്ടി വന്നു. അവൾ ആഡമിനെ ഇതിന്നിടയിൽ സ്വീകരണ മുറിയിൽ വിളിച്ചിരുത്തിയിരുന്നു.

ഇതേ സമയം പുറത്തുപോയ അവളുടെ ഭർത്താവ് തിരിച്ചെത്തി കഴിഞ്ഞിരുന്നു. ആഡമും, സിംഗും തമ്മിൽ വാക്കേറ്റവും, ബഹളവും ഉണ്ടായി. പക്ഷെ നിഷ്കളങ്കനായ ആഡമിന്റെ ചോദ്യങ്ങൾക്കു മുൻപിൽ ഈ ദമ്പതികൾ മുട്ടുമടക്കി. അവർ കരുതിക്കൂട്ടി നടത്തിയ വഞ്ചനയുടെയും, പണ അപഹരണത്തിന്റെയും കഥകൾ ഏറ്റു പറഞ്ഞു മാപ്പപേക്ഷിച്ചു. ആഡവുമായി ഒരുമിച്ചു ഒരു വീട്ടിൽ താമസിച്ച സമയത്തും അവൾ ഈ സിംഗിന്റെ കാമുകി ആയിരുന്നു എന്നും, ഇവർ രണ്ടുപേരും കണക്കുകൂട്ടി നടത്തിയ ഒരു കൊള്ളയുടെ ഇരയാണ് താൻ എന്നും ആഡം തിരിച്ചറിഞ്ഞു.

ആഡം എന്ന നിഷ്കളങ്കനായ ചെറുപ്പക്കാരൻ വ്യാജ പ്രണയത്തിൽ കുടുങ്ങി സമ്പത്തും, മാനവും നഷ്ടപ്പെട്ടു ജയിലിൽ ആയി. അയാളുടെ ജോലിസ്ഥലത്തു നിന്നും അയാളെ പിരിച്ചു വിടുകയും, അയാളുടെ ഔദ്യോഗിക രേഖകളിൽ ചുവപ്പു മഷി പുരളുകയും ചെയ്തു എന്നാണ് പ്രിയ വായനക്കാരെ നിങ്ങൾ വിശ്വസിക്കുന്നത് എങ്കിൽ, അവിടെയാണ് ഈ സംഭവത്തിന്റെ യഥാർത്ഥ ട്വിസ്റ്റ് നടക്കുന്നത്. ആഡം സീമയെ കാണുവാനായി പുറപ്പെടുന്നതിനു മുൻപേ തന്നെ താൻ ഉദ്യാനത്തിൽ വച്ച് കണ്ടത് സീമയെ തന്നെയാണ് എന്ന് ഉറപ്പിച്ചിരുന്നു. മരിച്ചുപോയി എന്ന് കളവു പറഞ്ഞു തന്നെ വഞ്ചിച്ച, പണവും, ആഭരണങ്ങളും, മറ്റു സാമഗ്രികളുമായി തന്നെ കബളിപ്പിച്ച സീമയെ കുടുക്കുവാനും, നിയമത്തിനു മുൻപിൽ കൊണ്ടുവരുവാനും അയാൾ തീരുമാനിച്ചിരുന്നു. സീമയും, അവളുടെ ഭർത്താവ് സിംഗുമായി സംസാരിക്കുന്നതും, അവർ നടത്തിയ കുറ്റസമ്മതവും അയാൾ തന്റെ വസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന ക്യാമറ കണ്ണുകളിൽ പകർത്തിയിരുന്നു. അതുകൊണ്ടു തന്നെ അയാൾ തന്റെ സംയമനം വിടാതെ, പ്രകോപങ്ങൾക്കു മുതിരാതെയുള്ള അപേക്ഷയുടെ രൂപത്തിലാണ് ആ ദമ്പതികളുമായി സംഭാഷണം നടത്തിയിരുന്നത്. സംസാരത്തിനിടയിൽ തന്നെ ആഡം പല തവണ തന്റെ ഫോണിൽ നിന്നും അവർ അറിയാതെ പോലീസിന്റെ എമർജൻസി നമ്പറിൽ മിസ്സ്ഡ് കാളുകളും ചെയ്യാൻ മടിച്ചില്ല. ഈ ഫോണിന്റെ ഉടമ എന്തോ അപകടത്തിൽ പെട്ടിരിക്കുകയാണ് എന്ന് പോലീസിനു മനസ്സിലാകുകയും,അവർ ഫോൺ ട്രാക്ക് ചെയ്തു തക്ക സമയത്തു സ്ഥലത്തു എത്തുകയും ചെയ്തു. സീമ, സിംഗ് ദമ്പദികളെയും, ആഡമിനിയും അറസ്റ്റു ചെയ്ത പോലീസ് പിന്നീട് ആഡമിനെ കുറ്റവിമുക്തനാക്കി.

കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. അന്യ ദേശത്തു നിന്നും വിദ്യാർത്ഥികളുടെ രൂപത്തിലും, റഫ്യൂജികൾ ആയും ഇവിടെ എത്തി ഒട്ടനവധി ചതിക്കുഴികൾ ഒരുക്കുന്നവരും, ചതിക്കുഴികളിൽ പതിക്കുന്നവരും നിരവധിയാണ്. അതിൽ മലയാളി സമൂഹവും ഒട്ടും പിറകിൽ അല്ല. പുരുഷന്മാരെക്കാൾ കൂടുതൽ നിയമ പരിരക്ഷണം ഇവിടെയുള്ളതു മൃഗങ്ങൾക്കും, സ്ത്രീകൾക്കും ആണെന്നുള്ളത് ഈ ചതിക്കെണികൾ ഒരുക്കുന്നതിൽ സ്ത്രീകൾ ആണ് കൂടുതൽ എന്നതും ഒരു പരമാർത്ഥമാണ്.

ഭാരതത്തിൽ നിന്നും ഇവിടെ കാനഡയിൽ വന്നു ഒട്ടനവധി കുറ്റകൃത്യങ്ങളും, ചതിക്കുഴികളും ഒരുക്കുന്നവർ ഒട്ടനവധിയാണ്. ഇതുപോലുള്ള സംഭവങ്ങൾ കാണുമ്പോൾ ഭാരത സംസ്കാരത്തിൽ നിന്നും പറിച്ചു നടപ്പെട്ടു നല്ലൊരു രാജ്യത്തു വന്നിട്ടും മാനസിക സംശുദ്ധി വരാത്ത ആളുകളോടുള്ള വെറുപ്പ്, സഹതാപം വർദ്ധിക്കുന്നു. കുടിയേറ്റ രാജ്യമായ കാനഡയിൽ സമൂഹം വളരുന്ന മുറയ്ക്ക് ഇതുപോലുള്ള ചതിക്കുഴികളും വർദ്ധിക്കുകയാണ്. കാരണം ഒരു 10 വർഷം മുൻപ് ഇമ്മിഗ്രെഷൻ രംഗത്ത് ഉണ്ടായിരുന്ന പല സുരക്ഷാ നടപടികൾക്കും, പരിശോധനകൾക്കും വരുത്തിയ ഇളവുകൾ ഇത്തരം ക്രിമിനലുകളെ കാനഡയിലേക്ക് പറിച്ചു നടുന്നതിൽ കൂടുതൽ കൂടുതൽ അവസരം ഒരുക്കുകയാണ്. ഇതുപോലുള്ള ക്രിമിനൽ പശ്ചാത്തലമുള്ള പലരും രാജ്യത്തിന്റെ അതിർത്തികൾ വരെ ലംഘിച്ചു പാലായനം ചെയ്യുന്ന സംഭവങ്ങളും ഇപ്പോൾ നിത്യ സംഭവമാണ്. ജാഗ്രതയുടെ നാളുകൾ…

 

Leave a Comment

More News